ശബരിമല: മണ്ഡല-മകരവിളക്ക് തീർത്ഥാടന കാലത്ത് ശബരിമലയിലെ വരുമാനത്തിൽ നൂറുകോടിയിലധികം രൂപായുടെ വർദ്ധവ് ഉണ്ടായതായി സൂചന. കാണിക്ക കൂടാതെ അപ്പം, അരവണ പ്രസാദങ്ങളുടെ വിറ്റുവരവിലും വൻ വർദ്ധനവാണ് ഇക്കുറി രേഖപ്പെടുത്തിയത്. മുൻ തീർത്ഥാടന കാലത്തെ അപേക്ഷിച്ച് ചിട്ടയോടെയും സമയബന്ധിതവുമായുമുള്ള മുന്നൊരുക്കങ്ങളിലൂടെയാണ് ഈ നേട്ടം ദേവസ്വം ബോർഡ് കൈവരിച്ചത്. ഏറെ നാളുകൾക്കുശേഷം വിവാദങ്ങളും പ്രതിസന്ധികളുമില്ലാതെ തീർത്ഥാടന കാലം പൂർത്തിയാക്കാൻ കഴിഞ്ഞതും ദേവസ്വം ബോർഡിനും സർക്കാരിനും ഒരുപോലെ നേട്ടമായി. കഴിഞ്ഞ വർഷം തീർത്ഥാടന കാലത്തുണ്ടായ അരവണ പ്രതിസന്ധിയും 12 മണിക്കൂറിലധികം ക്യൂവിൽ നിന്നിട്ടും സ്ത്രീകളും കുട്ടികളും ഉൾപ്പടെയുള്ളവർക്ക് ദർശനം കിട്ടാതെ ഇരുമുടികെട്ടുമായി മടങ്ങേണ്ടി വരികയും ചെയ്തത് ദേവസ്വം ബോർഡിന് വലിയ നാണക്കേടാണ് ഉണ്ടാക്കിയത്. കുടിവെള്ളവും ലഘു ഭക്ഷണവും കിട്ടാതെ തീർത്ഥാടകർ ക്യൂവിൽ നിന്ന് തളർന്നു വീഴുന്ന സംഭവങ്ങളും കഴിഞ്ഞ തീർത്ഥാടന കാലത്തുണ്ടായി. കഴിഞ്ഞ തീർത്ഥാടന കാലം ആരംഭിക്കാൻ ഒരു ദിവസം മാത്രം ബാക്കിയുള്ളപ്പോഴായിരുന്നു പ്രസിഡന്റിനേയും ഒരംഗത്തേയും നിയമിക്കാൻ സർക്കാർ തയ്യാറായത്. ഇതും തീർത്ഥാടന കാലത്തിന്റെ സുഗമമായ നടത്തിപ്പിന് തടസ്സമായി. കഴിഞ്ഞ തീർത്ഥാടന കാലത്തെ പോരായ്മകൾ പഠിച്ച് ജാഗ്രതയോടെ ദേവസ്വം ബോർഡും സർക്കാരും മുന്നൊരുക്കങ്ങൾ നടത്തിയതോടെ സമീപ കാലത്തെങ്ങും സമാനതകളില്ലാത്തതരത്തിൽ മുന്നേറാനായി. പുതുതായി കോടതി നിയമിച്ച ശബരിമല സ്പെഷ്യൽ കമ്മീഷണറുടെ ഇടപെടലുകളും തീർത്ഥാടനത്തിന്റെ സുഗമമായ പ്രയാണത്തിന് മുതൽക്കൂട്ടായി.
------------
# ദർശന സമയം 18 മണിക്കൂറാക്കി
# ഒരു മിനിറ്റിൽ പതിനെട്ടാംപടിയിലൂടെ ശരാശരി 80 മുതൽ 90പേരെ കയറ്റിവിട്ടു
# ക്യൂവിൽ നിൽക്കുന്നവർക്ക് കുടിവെള്ളവും ലഘു ഭക്ഷണവും ഉറപ്പാക്കി
# നിലയ്ക്കലും പമ്പയിലും കൂടുതൽ പാർക്കിംഗ് സൗകര്യം ഒരുക്കി
# നിലയ്ക്കൽ പമ്പ എന്നിവിടങ്ങളിലായി 5000പേർക്ക് മഴയും വെയിലുമേൽക്കാതെ വിശ്രമിക്കാൻ ജർമ്മൻ പന്തലൊരുക്കി.
#സന്നിധാനത്ത് കൂടുതൽ വിശ്രമകേന്ദ്രങ്ങളൊരുക്കി
# സ്ത്രീകൾക്കുൾപ്പെടെ കൂടുതൽ ശുചിമുറികൾ സ്ഥാപിച്ചു.
# ശരണപാതയിൽ ഇരിപ്പിടങ്ങൾ നിർമ്മിച്ചു
# പൈപ്പ് ലൈൻ വഴി ഔഷധ കുടിവെള്ളം എത്തിച്ചു
# മുഴുവൻ സമയവും തീർത്ഥാടകർക്ക് അന്നദാനം നടത്തി.
# ത്രിവേണിയിൽ നിന്ന് പമ്പയിലേക്കും നിലയ്ക്കൽ ബസ് സ്റ്റാൻഡിൽ നിന്ന് നിലയ്ക്കൽ പാർക്കിംഗ് ഗ്രൗണ്ടുകളിലേക്കും സൗജന്യ ബസ് സർവീസ് നടത്തി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |