
പാതിരാത്രി കഴിഞ്ഞുകാണും. നടുറോഡിൽ കാട്ടുപന്നി. പന്നി ഒറ്റയ്ക്കല്ല. കൂട്ടധർണയ്ക്കുള്ള കൂട്ടുകാരുമുണ്ട്. നാട്ടുകാർ നട്ടുനനച്ചുണ്ടാക്കിയ കൃഷിവകകൾ നശിപ്പിക്കാനുള്ള പുറപ്പാടിലാണ് . നാട്ടിലെ സ്ഥിരം കാഴ്ചയാണ്. നിരത്തിൽ ആളൊഴിഞ്ഞാൽ അവിടെ പന്നി നിരക്കും.
റോഡിലൂടെ പായുന്ന ബൈക്ക് കണ്ടാൽ കുറുകെ ചാടുന്നതാണ് വിനോദം. തക്കംകിട്ടിയാൽ മനുഷ്യരെ കുത്തിമലർത്തും. കുത്താൻ കത്തി വേണ്ട. തേറ്റ മതി. കത്തിയുമായി കുത്താൻ നടക്കുന്നവരെ പൊലീസ് പൊക്കും. പക്ഷേ തേറ്റയുമായി കുത്താൻ നടക്കുന്ന പന്നിയെ ഒരു ചുക്കും ചെയ്യില്ല. രാജ്യത്തെ പ്രധാന പൗരനാണ് കാട്ടുപന്നി.
ആരും ചോദിക്കാനില്ലെന്ന അഹങ്കാരമുണ്ട് പന്നിക്ക്. കേന്ദ്രനിയമമാണ് പന്നിയുടെ രക്ഷ. പന്നിയെ തൊട്ടാൽ തൊട്ടവനെ തട്ടുന്ന നിയമം.
കാട്ടുപന്നി ഇന്ന് വന്യമൃഗമല്ല. നാടിന്റെ സ്വന്തമാണ്. എവിടെത്തിരിഞ്ഞൊന്നു നോക്കിയാലും അവിടെല്ലാം പൂത്ത മരങ്ങൾ മാത്രമെന്ന് കവി പാടിയതുപോലെ എവിടെത്തിരിഞ്ഞാലും കാട്ടുപന്നിയുണ്ട്. തെരുവുനായ്ക്കളെ പോലെ തെരുവുപന്നികളും പട്ടാപ്പകൽ നടുറോഡിൽ വിലസുന്ന കാഴ്ച അധികം വിദൂരത്തല്ല. പണ്ട് തണ്ണിത്തോടും സീതത്തോടും പോലെയുള്ള മലയോര ഗ്രാമങ്ങളിൽ മാത്രം റോന്തുചുറ്റിയിരുന്ന കാട്ടുപന്നികൾ പത്തനംതിട്ട നഗരത്തിൽ പോലും ഇപ്പോൾ പ്രകടനം നടത്തുന്നു. . കണ്ണിൽ കാണുന്നതെല്ലാം തിന്നും കുത്തിമറിച്ചും നശിപ്പിക്കുന്നു. നാരങ്ങാനത്ത് കഴിഞ്ഞ ദിവസം കാട്ടുപന്നികൾ മേഞ്ഞത് നെൽപ്പാടത്താണ്. പന്നി നെല്ല് തിന്നുമോ ? ഗതികെട്ടാൽ പുലി പുല്ലും തിന്നുമെന്നാണല്ലോ ചൊല്ല്. അപ്പോൾ പന്നി നെല്ലും തിന്നുമെന്ന് കരുതാം.
കാട്ടിലും നാട്ടിലുമായി പെറ്റുപെരുകുകയാണ് പന്നികൾ. പൊന്തക്കാട് കാണുന്നിടത്തെല്ലാം അവ കുടുംബവാഴ്ചയ്ക്ക് കുറ്റിയടിക്കും.
ജനസംഖ്യാ നിയന്ത്രണം മനുഷ്യനേയുള്ളു. പന്നിക്കില്ല. സന്താന സൗഭാഗ്യം തരംപോലെയാകാം.
കാട്ടുപന്നി കാട്ടിക്കൂട്ടുന്നതൊന്നും സർക്കാരിനും ജനപ്രതിനിധികൾക്കും വിഷയമല്ല. അവർക്ക് വേറെ നൂറുകൂട്ടം വിഷയങ്ങളും വിഷമങ്ങളുമുണ്ട്. പൊതുജനത്തിന്റെ കൃഷിയാണ് പന്നി നശിപ്പിക്കുന്നത്. കുത്തുകിട്ടുന്നതും ജനത്തിനാണ്. പന്നിക്കാണ് ഡിമാൻഡ്. പൊതുജനത്തിനല്ല. പന്നിയെ സർക്കാരിന് പൊന്നുപോലെ നോക്കിയേ പറ്റു. അനുഭവിക്കാനാണ് ജനത്തിന്റെ വിധി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |