
പത്തനംതിട്ട : മാലിന്യമുക്തം നവകേരളത്തിന്റെ ഭാഗമായി നീർച്ചാൽ നവീകരണം ജില്ലയിൽ മൂന്നാംഘട്ടത്തിലേക്ക് കടന്നു. കഴിഞ്ഞ മാസം പന്തളം തെക്കേക്കര പഞ്ചായത്തിലെ കാവുംപുറത്ത് ചിറയത്തുപടി തോട് നവീകരണത്തിന് ആരംഭം കുറിച്ചുകൊണ്ട് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയും ഗോപകുമാറാണ് ജില്ലയിലെ ഇനി ഞാൻ ഒഴുകട്ടെ ജനകീയ നീർച്ചാൽ നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്.
പഞ്ചായത്തുകളിൽ സാങ്കേതിക സമിതികൾ ചേർന്ന് നവീകരിക്കേണ്ട ചെറുതും വലുതുമായ തോടുകൾ നിശ്ചയിക്കും. മഴക്കാലം ആരംഭിക്കുന്നതിന് മുമ്പായി ജില്ലയിലെ എല്ലാ നീർച്ചാലുകളും നവീകരിച്ച് മാലിന്യങ്ങൾ നീക്കം ചെയ്ത് നീരൊഴുക്ക് സുഗമമാക്കുകയാണ് ലക്ഷ്യം. നീർച്ചാൽ നടത്തം, ജനകീയ കൺവെൻഷൻ തുടങ്ങിയവയും ഇതിന്റെ ഭാഗമായി നടക്കും. വിവിധ തദ്ദേശസ്ഥാപനങ്ങളിലായി ജലസേചന വകുപ്പ് അസിസ്റ്റന്റ് എൻജിനീയർ കൺവീനറായ സാങ്കേതിക സമിതികൾ യോഗം ചേർന്ന് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി ചേർന്ന് നീർച്ചാൽ നവീകരണ പ്രവർത്തനങ്ങൾ നടത്തിവരുന്നു. നീർച്ചാൽ നവീകരിച്ച് സംരക്ഷണത്തിനായി കയർഭൂവസ്ത്രം വിരിക്കും. ഇനി ഞാൻ ഒഴുകട്ടെ പദ്ധതിയിൽ ജില്ലയിലെ മുഴുവൻ നീർച്ചാലുകളും നവീകരിക്കാനുള്ള ജനകീയ ക്യാമ്പയിൻ ഹരിത കേരളം മിഷന്റെ നേതൃത്വത്തിൽ നടന്നുവരുകയാണ്.
നേട്ടങ്ങൾ
നീരൊഴുക്ക് സുഗമമാക്കും
കൂടുതൽ മേഖലകളിൽ കൃഷി സാദ്ധ്യമാക്കും
മാലിന്യ നിക്ഷേപ സാഹചര്യങ്ങൾ ഇല്ലാതാക്കും
ജൈവ സമ്പത്ത് സംരക്ഷിക്കും
ജില്ലയിൽ 97 നീർച്ചാലുകൾ നവീകരിച്ചു,
73.55 കിലോമീറ്റർ നീർച്ചാലുകൾ മാലിന്യമുക്തമാക്കി
ഇനി ഞാൻ ഒഴുകട്ടെ മൂന്നാംഘട്ടത്തിൽ എല്ലാം നിർച്ചാലുകളും മാലിന്യമുക്തമാക്കി വീണ്ടെടുക്കുന്ന പ്രവർത്തനമാണ് മാലിന്യമുക്തം ജനകീയ ക്യാമ്പയിനിൽ ലക്ഷ്യം വയ്ക്കുന്നത്.
ജി.അനിൽകുമാർ,
ജില്ലാ കോർഡിനേറ്റർ,
ഹരിതകേരളം മിഷൻ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |