
കോന്നി : മനുഷ്യ - വന്യജീവി സംഘർഷം ലഘുകരിക്കുന്നതിന് കോന്നിയിൽ വിശദമായ മാസ്റ്റർ പ്ലാൻ തയ്യാറാക്കാൻ അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എയുടെ നേതൃത്വത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം ചേർന്നു. വന്യമൃഗങ്ങളിൽ നിന്ന് ജനങ്ങളെ സംരക്ഷിക്കാൻ സുരക്ഷാപദ്ധതികൾ തയ്യാറാക്കും. സ്വകാര്യഭൂമിയും വനഭൂമിയുമായുള്ള അതിർത്തികൾ സോളാർ ഫെൻസിംഗ് ഉപയോഗിച്ച് വേർതിരിക്കും. ആന, കുരങ്ങ്, മലയണ്ണാൻ, പന്നി, പാമ്പ് എന്നീ വന്യജീവികളുടെ ശല്യമാണ് പ്രധാനമായുള്ളത്. ചീഫ് വൈൽഡ് ലൈഫ് വാർഡൻ പ്രമോദ് കൃഷ്ണൻ , കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് ആർ.കമലാഹർ, കോന്നി ഡി.എഫ്.ഒ ആയുഷ് കുമാർ കോറി, പുനലൂർ ഡി എഫ് ഒ ജയശങ്കർ , തെന്മല ഡി എഫ് ഒ ഷാനവാസ് , റേഞ്ച് ഫോറസ്റ്റ് ഓഫീസർമാർ, ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർമാർ, മറ്റു വനംവകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
നാട്ടിലെ കാട് തെളിക്കും
ചിറ്റാർ, സീതത്തോട്, മലയാലപ്പുഴ, കലഞ്ഞൂർ, അരുവാപ്പുലം പഞ്ചായത്തുകളിലാണ് പ്രധാനമായും കാട്ടാന ശല്യമുള്ളത്. കൂടൽ രാക്ഷസൻ പാറയിൽ നിന്ന് മൂന്നു പുലികളെ വനം വകുപ്പ് പിടിച്ചിരുന്നു. പുലികൾക്ക് താവളമാക്കാൻ പറ്റിയ ആവാസ വ്യവസ്ഥ വനത്തിന് പുറത്ത് സൃഷ്ടിക്കപ്പെടുന്ന സാഹചര്യം ഉള്ളതിനാലാണ് ജനവാസ മേഖലകളിൽ ഇവ ഇറങ്ങാൻ കാരണമെന്ന് യോഗം നിരീക്ഷിച്ചു.
നാട്ടിൽ വളരുന്ന കാട് തദ്ദേശസ്ഥാപനങ്ങളുടെയും വകുപ്പുകളുടെയും പൊതുജനങ്ങളുടെയും പങ്കാളിത്വത്തോടെ നീക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണം. ഇതിനായി എം.എൽ.എയുടെ നേതൃത്വത്തിൽ കളക്ടർ, വനംവകുപ്പ് ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ, മറ്റു വിവിധ വകുപ്പ് പ്രതിനിധികൾ എന്നിവരുടെ രണ്ടാംഘട്ട യോഗം ചേരും.
ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ മനസിലാക്കി സ്വീകരിക്കേണ്ട സുരക്ഷ സംവിധാനങ്ങൾ എന്തൊക്കെയാണ് എന്ന് കണ്ടെത്താൻ വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.
പാടം, പൂമരുതിക്കുഴി, തട്ടാക്കുടി, കല്ലേലി മണ്ണിറ തുടങ്ങിയ ഭാഗങ്ങളിൽ സൗരോർജ തൂക്കുവേലികളുടെ നിർമ്മാണം ആരംഭിച്ചു.
സൗരോർജ വേലികൾ അറ്റകുറ്റപ്പണികൾ നടത്തി പ്രവർത്തനക്ഷമമാക്കും.
ചിറ്റാറിൽ സോളാർ വേലിയുടെ നിർമ്മാണം പുരോഗമിക്കുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |