SignIn
Kerala Kaumudi Online
Saturday, 30 May 2026 6.59 PM IST

പത്തനംതിട്ട നഗരത്തിലെ വിശ്രമ കേന്ദ്രം, ആറാം വർഷവും അടഞ്ഞു തന്നെ

-dd
പത്തനംതിട്ട നഗരസഭ ബസ് സ്റ്റാൻഡിന് സമീപത്ത് അടഞ്ഞ് കിടക്കുന്ന വിശ്രമ കേന്ദ്രം

പത്തനംതിട്ട : ആറാം വർഷത്തിലേക്ക് കടക്കുമ്പോഴും പത്തനംതിട്ട നഗരത്തിലെ വിശ്രമ കേന്ദ്രം തുറന്നുനൽകാനായില്ല. 2019ൽ ആണ് വിശ്രമകേന്ദ്രം നിർമ്മിക്കാനായി നഗരസഭ സ്ഥലം വിട്ട് നൽകിയത്. 2021 ൽ കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തിയായെന്ന് അധികൃതർ അവകാശപ്പെട്ടെങ്കിലും ഉദ്ഘാടനം നടത്തിയില്ല. കഴിഞ്ഞ വർഷം വിശ്രമ കേന്ദ്രം ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ വനിത ക്യാന്റീനാക്കി മാറ്റാൻ തീരുമാനിച്ചെങ്കിലും പദ്ധതി മുന്നോട്ട് പോയില്ല. പത്തനംതിട്ട നഗരസഭ ബസ് സ്റ്റാൻഡിന് സമീപമാണ് വിശ്രമ കേന്ദ്രം നിർമ്മിച്ചത്. മന്ത്രി വീണാജോർജിന്റെ എം.എൽ.എ ഫണ്ടിൽ നിന്നുള്ള തുക ചെലവഴിച്ചായിരുന്നു നിർമ്മാണം. ജില്ലാ ആസ്ഥാനത്തെത്തുന്ന സ്ത്രീകളും യാത്രക്കാരും അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾക്ക് പരിഹാരമായാണ് വിശ്രമകേന്ദ്രം നിർമ്മിച്ചത്.

65 ലക്ഷം രൂപയുടെ പദ്ധതി

എം.എൽ.എയുടെ ആസ്തിവികസന ഫണ്ട് ഉപയോഗിച്ചാണ് നിർമ്മിച്ചതെങ്കിലും ഉദ്ഘാടനവും മറ്റ് ക്രമീകരണങ്ങളും ഒരുക്കി നഗരസഭയ്ക്ക് കെട്ടിടം കൈമാറുമെന്നായിരുന്നു പ്രഖ്യാപനം.

നിർമ്മിതി കേന്ദ്രത്തിനായിരുന്നു നിർമ്മാണച്ചുമതല. 65 ലക്ഷംരൂപയുടെ പദ്ധതിയാണിത്.

2400 ചതുരശ്ര അടി വിസ്തൃതിയിൽ രണ്ടുനില കെട്ടിടമാണിത്. ഭക്ഷ്യവകുപ്പിന്റെ ബഡ്ജറ്റ് ഹോട്ടൽ തുടങ്ങാൻ ആലോചിച്ചെങ്കിലും ആ പദ്ധതിയും നടന്നില്ല. നിലവിൽ തെരുവു നായകളുടേയും സാമൂഹ്യ വിരുദ്ധരുടെയും താവളമാണ്.

പദ്ധതിയുടെ പ്രയോജനങ്ങൾ

ശബരിമല മണ്ഡലകാലത്ത് തീർത്ഥാടകർക്ക് പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കാനും വിശ്രമിക്കാനും കെട്ടിടം ഉപയോഗപ്പെടുത്താം.

ഇൻഫർമേഷൻ സെന്റർ തുറന്ന് ശബരിമല വിവരങ്ങൾ, ജില്ലയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങൾ എന്നിവയെക്കുറിച്ച് കൂടുതൽ അറിയാൻ ക്രമീകരണമൊരുക്കാം

കെട്ടിടത്തിലെ സൗകര്യങ്ങൾ

ഭക്ഷണസൗകര്യം, സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകം മുറികൾ, ടോയ്‌ലറ്റുകൾ, മുലയൂട്ടുന്ന അമ്മമാർ, ഭിന്നശേഷിക്കാർ എന്നിവർക്കുള്ള മുറികൾ, ഇൻഫർമേഷൻ സെന്റർ, പുസ്തകശാല തുടങ്ങിയ ക്രമീകരണങ്ങൾ കെട്ടിടത്തിലുണ്ടാകും

വിശ്രമകേന്ദ്രം നഗരസഭയ്ക്ക് കൈമാറിയിട്ടില്ല. വിശ്രമ കേന്ദ്രത്തിനകത്തെ ഇന്റീരിയൽ ജോലി ഇനിയും പൂർത്തീകരിക്കാൻ ഉണ്ട്.

അഡ്വ.ഡി.സക്കീർ ഹുസൈൻ

നഗരസഭാ ചെയർമാൻ

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL