കോന്നി: മദ്യലഹരിയിൽ സി.പി. എം നേതാവിനെ പൊലീസ് സ്റ്റേഷനിൽ മർദ്ദിച്ച പൊലീസ് ഡ്രൈവറെ ജില്ലാ പൊലീസ് മേധാവി സസ്പെൻഡുചെയ്തു. സി.പി. എം കോന്നി ഏരിയാ കമ്മിറ്റിയംഗം ടി.രാജേഷ് കുമാറിനെയാണ് സ്റ്റേഷനിലെ ഡ്രൈവർ രഘുകുമാർ മർദ്ദിച്ചത്. ഞായറാഴ്ച രാത്രി 8.30 ഓടെയാണ് സംഭവം. സ്ത്രീകളടക്കമുള്ള കുടുംബം പരാതി നൽകാൻ സ്റ്റേഷനിലെത്തിയപ്പോൾ സഹായിക്കാനെത്തിയതായിരുന്നു രാജേഷ് കുമാർ. പൊലീസ് ജീപ്പിന്റെ ബോണറ്റിൽ വച്ച് പരാതി തയ്യാറാക്കുമ്പോൾ രഘുകുമാർ ഇതിനെ ചോദ്യം ചെയ്തു. തുടർന്ന് സ്റ്റേഷനിലെ ബഞ്ചിൽ ഇരുന്ന് പരാതി എഴുതുമ്പോൾ വീണ്ടും രഘുവെത്തി ഇവിടെയിരുന്ന് പരാതി എഴുതാൻപറ്റില്ലെന്നും, രാത്രിയിലാണോ പരാതിയും കൊണ്ടുവരുന്നതെന്നും ചോദിച്ച് വീണ്ടും തട്ടി ക്കയറി. ഇതുചോദ്യം ചെയ്തപ്പോൾ രാജേഷിനെ സ്റ്റേഷനുള്ളിലെ മുറിയിലെത്തിച്ച് മർദ്ദിച്ചതായാണ് പരാതി. രാജേഷ് കുമാർ വിവരം അറിയിച്ചതിനെ തുടർന്ന് ഏരിയാ സെക്രട്ടറി ശ്യാംലാലും ലോക്കൽ സെക്രട്ടറി കെ.എസ്.സുരേശനും സ്റ്റേഷനിലെത്തി.തുടർന്ന് പാർട്ടി പ്രവർത്തകരും എത്തിച്ചേർന്നു.രഘു കുമാറിനെതിരെ കേസെടുക്കണമെന്നും, മദ്യപിച്ചിട്ടുണ്ടോ എന്നറിയാൻ പരിശോധിക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. രാജേഷ് കുമാറിനെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ജില്ലാ സെക്രട്ടറി രാജുഏബ്രഹാം ജില്ലാ പൊലീസ് മേധാവിയുമായി ബന്ധപ്പെട്ട് കർശന നടപടി ആവശ്യപ്പെട്ടു. രംഗം വഷളായതോടെ ഡിവൈ.എസ്.പി രാജപ്പൻ റാവുത്തർ എത്തി രഘു കുമാറിനെ പരിശോധനയ്ക്ക് വിധേയനാക്കി. രാജേഷ് കുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ രഘുകുമാറിനെതിരെ കേസെടുത്തിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |