SignIn
Kerala Kaumudi Online
Saturday, 24 October 2026 12.40 AM IST

തകരയുണ്ടോ.. തകര... ?

c

ഉച്ചയൂണിനൊപ്പം തകരത്തോരൻ കഴിക്കാൻ കൊതി. പണ്ട് കൊതിക്കുവേണ്ടി കഴിക്കുന്നതല്ലായിരുന്നു തകരത്തോരൻ. നാട്ടിലെ ഇലകൾ കൊണ്ടുള്ള പലതരം കറികൾ എല്ലാ വീടുകളിലെയും സ്ഥിരം മെനുവാണ്. കാലം മാറി. വിഷം പുരട്ടിയ പച്ചക്കറി തിന്ന് മടുത്തുതു കൊണ്ടാണ് പഴയകാലത്തെപ്പോലെ പറമ്പിലെ ഇലക്കറിയിലേക്ക് മടങ്ങാൻ തീരുമാനിച്ചത്. പറമ്പിൽ നോക്കി. തകരയില്ല. തോട്ടുവക്കിൽ കാണും -ആരോ പറഞ്ഞു. നോക്കി. അവിടെ തകരയൊഴികെയുള്ള സകല നരകവുമുണ്ട്. മനുഷ്യന് വേണ്ടാത്തത് തള്ളാനുള്ള കുപ്പത്തൊട്ടിയാണ് ഇന്ന് തോട്. പണ്ട് നീന്തിത്തുടിച്ച തോട്ടിൽ കറുത്തുനാറി ഒഴുകുന്ന വെള്ളം. കാലുകുത്താൻ ഭയന്ന് തിരികെനടന്നു.

തകര മാത്രമല്ല, മണ്ണിൽ വളർന്ന പല രുചികളും ഇന്നില്ല. ഉള്ളവ ആർക്കും വേണ്ട. മുരിങ്ങയില മുതൽ ചേമ്പിൻതാൾ വരെ അടുക്കളയിൽ വെന്തു രുചിയാകുമായിരുന്നു ഒരുകാലത്ത്. ചേനത്തണ്ടു മുതൽ വാഴപ്പിണ്ടി വരെ കൂട്ടാനായി കൂട്ടിന് വരും. വേലിച്ചീര കിട്ടിയാൽ പല വേലകൾ കാട്ടാൻ പഴയ വീട്ടമ്മമാർക്കറിയാമായിരുന്നു. ഒാമയ്ക്ക മുതൽ വാഴക്കൂമ്പുവരെ പലതുണ്ട് തോരന്റെ തോരണം ചാർത്തി ഒാർമ്മയിൽ.

തൊട്ടുകൂട്ടാനുള്ള വകയൊക്കെ വീട്ടുപരിസത്തുതന്നെ കിട്ടിയിരുന്ന കാലം. ഇലതൊട്ട എന്തെങ്കിലുമൊന്ന് കാണും ദിവസവും. വാഴയിലയിൽ പൊതിഞ്ഞ ഇലയപ്പം മുതൽ സുഗന്ധം പരത്തുന്ന വയണയപ്പം വരെ നീളുന്നു രുചിപ്പെരുമ. മുരിക്കിന്റെ ഇല വച്ച് വേവിച്ചെടുക്കുന്ന ഇഡലി പഴയ കഥയായി. ഇന്ന് ഇഡലി ഉണ്ടാക്കാൻ മുരിക്കിലയുടെ ഇടനില വേണ്ട .

വാഴയിലയിൽ പൊതിഞ്ഞ പൊതിച്ചോറിന്റെ മണം ഒാർമ്മയായി. നാട്ടുരുചികൾ എന്നേ നാടുവിട്ടു. ആ രുചികൾ പകർന്ന സസ്യങ്ങളും മരങ്ങളും പറമ്പിൽ നിന്ന് അപ്രത്യക്ഷമാവുകയാണ്. രുചിയുടെ പുതിയ ലോകമാണിന്ന്. കുട്ടികൾക്കും മുതിർന്നവർക്കും കുഴിമന്തി മതി. അൽഫാമുണ്ടെങ്കിൽ ആഘോഷമാകും. അങ്ങനെ പല പുതു വിഭവങ്ങൾ. വീട്ടിൽ പഴങ്കഞ്ഞി കുടിക്കുന്നതിൽ ത്രില്ലില്ല. കടയിൽ കാശുകൊടുത്ത് കുടിച്ചാലേ പഴങ്കഞ്ഞി പുതുകഞ്ഞിയാകു. വീടീനടുത്തുള്ള ചെറുകിട ഹോട്ടലിൽ പോലും ചൈനീസ് ഫുഡ് കിട്ടും. പുതിയ കുട്ടികൾക്ക് പുതിയ ഭക്ഷണം മതി. പക്ഷേ പഴയ മനുഷ്യർ ഇപ്പോഴും അന്വേഷിക്കുന്നു- ' തകരയുണ്ടോ,​ തകര... ?​"

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL