SignIn
Kerala Kaumudi Online
Saturday, 24 October 2026 12.40 AM IST

പോത്തുകുട്ടി പദ്ധതിയുമായി പെരിങ്ങര പഞ്ചായത്ത്

project

തിരുവല്ല : ഗുണഭോക്താക്കൾക്ക് കോഴികളെയും താറാവുകളെയും നൽകുന്ന പദ്ധതി പെരിങ്ങര പഞ്ചായത്ത് ഒഴിവാക്കി. പകരം ഇത്തവണ പോത്തുകുട്ടി പരിപാലനം പദ്ധതി തുടങ്ങി. അപ്പർകുട്ടനാടൻ മേഖലയിൽ വർഷങ്ങളായി പക്ഷിപ്പനിമൂലം വളർത്തുപക്ഷികൾ കൂട്ടത്തോടെ ചത്തൊടുങ്ങുന്നതും കൊന്നൊടുക്കുന്നതുമായ സാഹചര്യമുണ്ട്. പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മൃഗസംരക്ഷണ വകുപ്പിന്റെ സഹായത്തോടെ നടപ്പാക്കുന്ന പദ്ധതിക്കായി ചെലവിടുന്നത് 4.5ലക്ഷം രൂപയാണ്. പഞ്ചായത്തിലെ ഗ്രാമസഭയിലൂടെ ഓരോ വാർഡിൽനിന്നും കണ്ടെത്തിയ രണ്ടുപേർക്ക് വീതമാണ് പോത്തുകുട്ടികളെ നൽകുന്നത്. ചാത്തങ്കരി ഗവ.ന്യൂ എൽ.പി.സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ 30പോത്തുകുട്ടികളെയും വിതരണം ചെയ്തു. രോഗപ്രതിരോധ ശേഷിയുള്ള മുറ ഇനത്തിൽപ്പെട്ട ആറുമാസം പ്രായമുള്ള പോത്തുകുട്ടികളെയാണ് ഇൻഷുറൻസ് പരിരക്ഷയോടെ സബ്സിഡി നിരക്കിൽ വിതരണം ചെയ്തത്. കാഞ്ഞിരപ്പള്ളിയിൽ നിന്ന് മൃഗഡോക്ടർമാരുടെ നിരീക്ഷണത്തിലാണ് പോത്തുകളെ ഇവിടെ എത്തിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് എബ്രഹാം തോമസ് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് ഷീന മാത്യു അദ്ധ്യക്ഷയായി. അംഗങ്ങളായ ജയ ഏബ്രഹാം, സൂസൻ വർഗീസ്, എം.സി.ഷൈജു, ശാന്തമ്മ ആർ.നായർ, റോയി വർഗീസ്, ശർമ്മിള സുനിൽ, റിക്കുമോനി വർഗീസ്, മാത്തൻജോസഫ്, ടി.വി വിഷ്ണുനമ്പൂതിരി, എസ്.സനിൽകുമാരി, അശ്വതി രാമചന്ദ്രൻ, സുഭ്രദ രാജൻ, ചന്ദ്രു എസ്.കുമാർ, മൃഗാശുപത്രി സർജൻ ഡോ.റൂൺ മറിയം വർഗീസ്, ലൈഫ് സ്റ്റോക് ഇൻസ്പെക്ടർമാരായ കെ.മനോജ്, ഷൈജു ഏബ്രഹാം, മേരിജോർജ്, ടി,സിന്ധുലേഖ എന്നിവർ പങ്കെടുത്തു.

ലക്ഷ്യമിടുന്നത് മികച്ച വരുമാനം


15,000രൂപയാണ് ഒരു പോത്തുകുട്ടിയുടെ വില. ഗുണഭോക്താക്കൾക്ക് 50ശതമാനം സബ്‌സിഡി ലഭിക്കും. ഒന്നരവർഷം വളർത്തി വലുതാക്കി വിൽക്കുമ്പോൾ ഉടമകൾക്ക് രണ്ടുലക്ഷം രൂപ വരെയാണ് വില കിട്ടുന്നത്. പശുവിനെ പോലെ പരിപാലനത്തിനും തീറ്റയ്ക്കും വലിയ ബുദ്ധിമുട്ടില്ലെന്ന് ഗുണഭോക്താക്കൾ പറയുന്നു. വലിയ പോത്തുകൾക്ക് വിപണിയിൽ ഡിമാന്റ് കൂടിയതിനാൽ പദ്ധതിയിലൂടെ നല്ല വരുമാനം പ്രതീക്ഷിക്കുന്നു.

പോത്തുകുട്ടിയുടെ വില 15,000രൂപ

സബ്‌സിഡി 50 %

--------------------

കോഴികളും താറാവുകളും പക്ഷിപ്പനിമൂലം കൂട്ടത്തോടെ ചത്തൊടുങ്ങുന്നത് പതിവായ സാഹചര്യത്തിലാണ് പോത്തുകുട്ടി പദ്ധതി ഇത്തവണ നടപ്പാക്കിയത്.
എബ്രഹാം തോമസ്
(പെരിങ്ങര പഞ്ചായത്ത് പ്രസിഡന്റ് )

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL