പത്തനംതിട്ട: പഞ്ചായത്ത് തിരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായി പാർട്ടിയെ സജ്ജമാക്കുന്നതിന് കോൺഗ്രസ് കുടുംബസംഗമങ്ങൾ നടത്തുന്നു. ഇന്നു മുതൽ ഫെബ്രുവരി 28 വരെ നടക്കുന്ന കുടുംബ സംഗമങ്ങളിൽ പ്രസംഗങ്ങൾ ഒഴിവാക്കി ചർച്ചകൾക്കും വാർഡിലെ ഭാവി പരിപാടികൾക്കും മുൻതൂക്കം നൽകും.
ജില്ലയിൽ 920 വാർഡ് കമ്മിറ്റികളിലാണ് കുടുംബസംഗമങ്ങൾ നടത്തേണ്ടത്. 100 പേരെയെങ്കിലും സംഗമങ്ങളിൽ പങ്കെടുപ്പിക്കണം. ഒാരോ വാർഡിലെയും പ്രവർത്തകർ മാത്രമാണ് പങ്കെടുക്കേണ്ടത്. സ്ഥലത്ത് 50 കൊടികളും തോരണങ്ങളും സംഗമം നടത്തുന്ന വിവരം കാണിച്ച് നോട്ടീസ് മറ്റ് പ്രചാരണ പരിപാടികൾ തുടങ്ങിയവയും നടത്തണം.
മഹാത്മാഗാന്ധിയുടെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തി ഗാന്ധി അനുസ്മരണത്തോടെയാണ് ചടങ്ങുകൾ ആരംഭിക്കേണ്ടത് പ്രസംഗത്തിന് 10 മിനിറ്റ്, അദ്ധ്യക്ഷ പ്രസംഗത്തിന് 15 മിനിറ്റ്, ഉദ്ഘാടനം 30 മിനിറ്റ്, ചർച്ച 40 മിനിറ്റ് എന്നീ രീതിയിൽ സമയ ക്രമവും നിശ്ചയിച്ചിട്ടുണ്ട്.
എൽ.ഡി.എഫ് സർക്കാരിന്റെ ജനദ്രോഹ നടപടികൾ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വികസനമില്ലായ്മയ്ക്ക് കാരണക്കാരായ സർക്കാരിന്റെ പ്രവർത്തനങ്ങൾ, കഴിഞ്ഞ പഞ്ചായത്ത്, മുൻസിപ്പൽ തെരഞ്ഞെടുപ്പിലെ പാളിച്ചകൾ തുടങ്ങി പ്രസക്തമായ വിഷയങ്ങൾ മാത്രമേ ചർച്ചകളിൽ ഉണ്ടാകാവൂ എന്നും മാർഗരേഖയിൽ പറയുന്നു.
പങ്കെടുക്കുന്നവരുടെ ഫോട്ടോയും മിനിറ്റ്സ് ബുക്കിന്റെ കോപ്പിയും സമ്മേളനം കഴിഞ്ഞാൽ ഉടൻതന്നെ ഡി.സി.സി ക്ക് നൽകണം
ഇന്ന് വൈകിട്ട് നാലിന് മുണ്ടുകോട്ടയ്ക്കലിൽ ജില്ലാതല ഉദ്ഘാടനം കെ.പി.സി.സി രാഷ്ട്രീയകാര്യ സമതിയംഗം പ്രൊഫ. പി.ജെ. കുര്യൻ നിർവഹിക്കും. ഡി.സി.സി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ അദ്ധ്യക്ഷത വഹിക്കും. ഡി.സി.സി വൈസ് പ്രസിഡന്റ് അഡ്വ. എ. സുരേഷ് കുമാർ ചെയർമാൻ, ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം കൺവീനർ എന്നിവരടങ്ങുന്ന സംഘാടക സമിതി കുടുംബ സംഗമത്തിന് നേതൃത്വം നൽകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |