
പ്രമാടം : കനത്തവേനലിൽ പാടശേഖരങ്ങളും കൃഷിയിടങ്ങളും കരിഞ്ഞുണങ്ങിയിട്ടും കനാൽ വഴി വെള്ളം എത്തിക്കാത കല്ലട ഇറിഗേഷൻ അധികൃതർ. ഇതിനെതിരെ ജനകീയ പ്രക്ഷോഭത്തിനൊരുങ്ങുകയാണ് പ്രമാടം, വള്ളിക്കോട് പഞ്ചായത്തുകളിലെ കർഷകർ. വേനലിന്റെ തുടക്കത്തിൽത്തന്നെ പഞ്ചായത്തുകളും പാടശേഖര സമിതികളും കെ.ഐ.പി അധികൃതർക്ക് കനാൽ തുറക്കണമെന്ന് ആവശ്യപ്പെട്ട് കത്തുകൾ നൽകിയിരുന്നു. എന്നാൽ ഒരുമാസമായിട്ടും ഇരുപഞ്ചായത്തുകളിലും വെള്ളം എത്തിക്കാൻ അധികൃതർ തയാറായിട്ടില്ല. കനാൽ തുറന്നുവിട്ടിട്ടുണ്ടെന്ന് കെ.ഐ.പി അധികൃതർ പറയുന്നുണ്ടെങ്കിലും പ്രമാടത്തും വള്ളിക്കോട്ടും കനാൽ വഴി ഒരുതുള്ളി വെള്ളം പോലും എത്തിയിട്ടില്ല. ഇതേത്തുടർന്ന് നെൽപ്പാടങ്ങൾ ഉൾപ്പടെ ഏക്കറുക്കണക്കിന് സ്ഥലത്തെ കൃഷിയാണ് നശിക്കുന്നത്. ജനപ്രതിനിധികളെയും പൊതുജനങ്ങളെയും സംഘടിപ്പിച്ച് കെ.ഐ.പിയുടെ അടൂർ ഓഫീസിൽ പ്രതിഷേധ സമരങ്ങൾ സംഘടിപ്പിക്കാനാണ് കർഷകരുടെ തീരുമാനം. ഇത് സംബന്ധിച്ച് അടുത്ത ദിവസം യോഗങ്ങൾ വിളിക്കുകയും ആക്ഷൻകൗൺസിൽ രൂപീകരിച്ച് പ്രക്ഷോഭങ്ങൾ ആരംഭിക്കുകയും ചെയ്യും.
ഇനിയെങ്കിലും വെള്ളം എത്താൻ വൈകിയാൽ കൃഷി പൂർണമായും കരിഞ്ഞ് ഇല്ലാതാകും.കനാൽ തുറന്നുവിട്ടാൽ സമീപ പ്രദേശങ്ങളിലെ വീടുകളുടെ കിണറിലും വെള്ളം ലഭ്യമാകും. ഇരു പഞ്ചായത്തിലെയും പ്രധാന ജലസ്രോതസായ അച്ചൻകോവിലാറ്റിൽ ജലനിരപ്പ് കുറഞ്ഞത് ജല വിതരണ പദ്ധതിയെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.
കുടിവെള്ളക്ഷാമവും രൂക്ഷം
കാടുമൂടി കിടന്ന പ്രധാന കനാൽ ഭാഗങ്ങൾ, തടസമില്ലാതെ വെള്ളമെത്തിക്കാൻ തൊഴിലുറപ്പ് തൊഴിലാളികളുടെയും കർഷകരുടെയും നേതൃത്വത്തിൽ ആഴ്ചകൾക്ക് മുമ്പുതന്നെ വൃത്തിയാക്കിയിരുന്നു.കനാൽ വഴി വെള്ളം എത്താതായതോടെ പഞ്ചായത്തുകളിൽ കുടിവെള്ള ക്ഷാമവും രൂക്ഷമായിട്ടുണ്ട്. ചെറുകിട പദ്ധതികളിലേക്കും വരൾച്ചക്കാലത്ത് വെള്ളം കിട്ടണമെങ്കിൽ കെ.ഐ.പി കനാൽ തുറന്നുവിടേണ്ടതുണ്ട്. കോന്നി ഡിസ്ട്രിബ്യൂട്ടറിയുടെ ഭാഗമാണ് പ്രമാടം, വള്ളിക്കോട് പഞ്ചായത്തുകൾ. കരിങ്കുടുക്ക മുതൽ വി. കോട്ടയം വരെയാണ് കെ.ഐ.പി കനാൽ പ്രമാടം പഞ്ചായത്തിലൂടെ കടന്നുപോകുന്നത്.
കനാൽ തുറന്നുവിടാത്തത് മൂലം ബുദ്ധിമുട്ടേറെയാണ്. അധികൃതർ ഇടപെട്ട് അടിയന്തരമായി പ്രശ്നത്തിന് പരിഹാരം കാണണം . (നാട്ടുകാർ)
*. ഏക്കറുകണക്കിന് സ്ഥലത്തെ കൃഷി നശിക്കുന്നു
*പ്രമാടത്ത് 10 വാർഡുകളിലും വള്ളിക്കോട്ട് 12 വാർഡുകളിലും പ്രയോജനം.
*കർഷകർ പ്രക്ഷോഭത്തിലേക്ക്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |