
കോന്നി: ഓട്ടൻതുള്ളലിലെ അന്യം നിന്നുപോയ ഹാസ്യ കഥാപാത്രമായ മരമിടനെ അതിന്റെ ചിട്ടയോടു കൂടി പഠിച്ചു രംഗത്ത് പുനരാവിഷ്കാരം നടത്തി ശ്രദ്ധേയനാവുകയാണ് തുള്ളൽ കലാകാരനും കേരളകലാമണ്ഡലത്തിൽ അദ്ധ്യാപകനുമായ മലയാലപ്പുഴ സ്വദേശിയായ കലാമണ്ഡലം നിഖിൽ. തുള്ളലിലെ മൂന്ന് രൂപങ്ങൾ തുള്ളൽ ത്രയത്തിലൂടെ ഒരേ വേദിയിൽ അവതരിപ്പിക്കുകയും ചെയ്യുന്നു. കുഞ്ചൻ നമ്പ്യാരുടെ ഇരുപതോളം തുള്ളൽ കഥകൾ സ്വായത്തമാക്കിയിട്ടുള്ള നിഖിൽ അഹല്യാ മോക്ഷം, ലങ്കാദഹനം എന്നീ തുള്ളൽ കഥകളും പുരാണ സന്ദർഭങ്ങളിലൂടെ ആനുകാലിക പ്രസക്തമായ വിഷയങ്ങൾ അവതരിപ്പിച്ചും ശ്രദ്ധേനേടി. തുള്ളൽ കലാകാരന്മാർ പൊതുവെ ഓട്ടൻ അവതരിപ്പിക്കാറുണ്ടെങ്കിലും ശീതങ്കനും പറയനും ഇപ്പോൾ കുറഞ്ഞു വരികയാണ്. ശീതങ്കന്റെ വേഷവിധാനമായ കുരുത്തോലമെടയാൻ തന്നെ വേണം രണ്ടര മണിക്കൂർ. ഗുരുവായ കലാമണ്ഡലം പ്രഭാകരനാണ് നിഖിലിന് തുള്ളൽ ത്രയം ചിട്ടപ്പെടുത്തി നൽകിയത്. മലയാലപ്പുഴ, ആനശാരിക്കൽ, വട്ടമൺകുഴിയിൽ സുകേശന്റെയും പൊന്നമ്മയുടെയും മകനാണ് 31 കാരനായ നിഖിൽ. ചെറുപ്പത്തിൽ തുള്ളൽ കവിതകൾ വായിച്ചാണ് തുള്ളൽ പഠിക്കാനുള്ള ആഗ്രഹം തുടങ്ങിയത്. കേരള കലാമണ്ഡലത്തിൽ നിന്ന് തുള്ളലിൽ എം എ കരസ്ഥമാക്കി. കേന്ദ്ര സാംസ്കാരിക വകുപ്പിന്റെ യുവകലാകാരന്മാർക്കുള്ള സ്കോളർഷിപ്പും, സംസ്ഥാന സർക്കാരിന്റെ വജ്ര ജൂബിലി ഫെലോഷിപ്പും, കലാമണ്ഡലം ഗീതാനന്ദൻ സ്മാരക ട്രസ്റ്റിന്റെ യുവ പ്രതിഭാ പുരസ്കാരവും നേടിയിട്ടുള്ള നിഖിൽ നിരവധി യുവജനോത്സവവേദികളിൽ വിധികർത്താവായിട്ടുണ്ട് .
ഇന്ദൻസിനും പരിശീലനം നൽകി
സംസ്ഥാന പുരസ്കാരം ലഭിച്ച ആളൊരുക്കം എന്ന സിനിമയിൽ പപ്പുപിഷാരടി എന്ന തുള്ളൽ കലാകാരനായ കഥാപാത്രത്തിനായി നടൻ ഇന്ദ്രൻസിന് പരിശീലനം നൽകിയത് നിഖിലാണ്. ഓട്ടൻതുള്ളലിലെ ചിട്ടകളുമായി ബന്ധപ്പെട്ട പുസ്തകം എഴുതുകയാണിപ്പോൾ . തുള്ളലിനായി ശരീരത്തെ മെരുക്കിയെടുക്കാനുള്ള ഉഴിച്ചിലും ചവിട്ടിത്തിരുമ്മലും നടത്തുന്നുണ്ട്. നിഖിലിന് തോന്നിയ ആശയത്തിൽ നിന്നാണ് കഥകളി നടൻ പ്രദീപ് കോട്ടക്കൽ ദ്വാരിക നാശം എന്ന പുതിയ കഥ രചിക്കുന്നതും മഞ്ചേരി ജിബിഎച്ച്സിലെ അവനിജ മനോജിന് കലോത്സവത്തിൽ എ ഗ്രേഡ് ലഭിക്കുന്നതും. ആകാശവാണിയിലും ദൂരദർശനിലും തുള്ളൽ അവതരിപ്പിച്ചിട്ടുണ്ട്. മലയാലപ്പുഴ ക്ഷേത്രത്തിലെ ഉത്സവത്തിന് എല്ലാവർഷവും നാല് ദിവസം നിഖിലിന്റെ തുള്ളൽ ഉണ്ടാവും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |