
റാന്നി : റാന്നി പുതിയ പാലം അപ്പ്രോച്ച് റോഡിന് സ്ഥലം ഏറ്റെടുക്കുന്നതിന് വസ്തു ഉടമകൾക്ക് പണം കൈമാറിത്തുടങ്ങി. ഭൂമി ഏറ്റെടുക്കൽ നടപടി പൂർത്തിയാക്കിയ 3 സ്ഥലം ഉടമകൾക്ക് കഴിഞ്ഞ ദിവസം പണം കൈമാറുന്ന രേഖ നൽകി. വസ്തു ഉടമകളായ റാന്നി ചന്ദ്രാലയത്തിൽ രാജലക്ഷ്മി, തോട്ടമൺ മുഴച്ചിക്കാലയിൽ തെക്കേ മുറിയിൽ കുര്യാക്കോസ്, അങ്ങാടി ശാസ്താംകോയിക്കൽ, രാധ എന്നിവർക്കാണ് നഷ്ടപരിഹാരത്തുക ബാങ്കിലേക്ക് നൽകിയ രേഖ കൈമാറിയത്.
അപ്പ്രോച്ച് റോഡിനായി റാന്നി, അങ്ങാടി പഞ്ചായത്തുകളിലായി 155 വസ്തു ഉടമകളിൽ നിന്നാണ് സ്ഥലം ഏറ്റെടുക്കുന്നത്. റാന്നി പഞ്ചായത്തിലെ രാമപുരം - ബ്ലോക്ക് പടി റോഡ് 10 മീറ്റർ വീതിയിൽ വികസിപ്പിച്ചാണ് അപ്രോച്ച് റോഡിനായി ഉപയോഗിക്കുന്നത്. അങ്ങാടി കരകരയിൽ അങ്ങാടി പേട്ട ജംഗ്ഷനിൽ നിന്ന് പമ്പാനദിയിലെ ഉപാസന കടവിലേക്കുള്ള റോഡിന്റെ ഇരുവശത്തുമുള്ള സ്ഥലം ഏറ്റെടുത്ത് 10 മീറ്റർ വീതിയിൽ അപ്രോച്ച് റോഡ് നിർമ്മിക്കും.
കഴിഞ്ഞ സർക്കാരിന്റെ കാലത്താണ് പമ്പാനദിയിൽ പെരുമ്പുഴ , ഉപാസനക്കടവ് തീരങ്ങളെ ബന്ധിപ്പിച്ച് പുനലൂർ- മൂവാറ്റുപുഴ സംസ്ഥാനപാതയിലെ പഴയ പാലത്തിന് സമാന്തരമായി പുതിയ പാലം നിർമ്മിക്കാൻ അനുമതി ലഭിച്ചത്. ഇതിനായി 26 കോടി രൂപയാണ് അന്ന് അനുവദിച്ചത്. പാലം നിർമ്മാണം ആരംഭിച്ചെങ്കിലും അപ്പ്രോച്ച് റോഡിനായി സ്ഥലം ഏറ്റെടുക്കാൻ നടപടികൾ വൈകി .
ഇൗ സർക്കാർ ചുമതലയേറ്റതോടെ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് സ്ഥലം സന്ദർശിച്ച് നിർമ്മാണം പുനരാരംഭിക്കാൻ നടപടി തുടങ്ങി. നിർമ്മാണത്തിനായി കിഫ്ബിയെ ചുമതലപ്പെടുത്തി.
നടപടി വൈകി, തുക കൂടി
വസ്തു ഉടമകൾക്ക് മാർക്കറ്റ് വില ലഭ്യമാക്കുന്നതിന് വേണ്ടി നേരിടേണ്ടിവന്ന ചില സാങ്കേതിക പ്രശ്നങ്ങൾ കാരണമാണ് ഏറ്റെടുക്കൽ നടപടികൾ ഇത്രയും വൈകിയത്. ഇതോടെ പാലത്തിന്റെ നിർമ്മാണം പൂർത്തീകരിക്കുന്നതിന് വേണ്ടിവരുന്ന തുകയിൽ ഗണ്യമായ വർദ്ധനവ് ഉണ്ടായി. പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം സിവിൽ പ്രവൃത്തികൾക്ക് 22 കോടി രൂപയാണ് പുതുതായി അനുവദിച്ചിരിക്കുന്നത്. ജല വിഭവ വകുപ്പിന്റെയും വൈദ്യുതി വകുപ്പിന്റെയും കണക്ഷനുകൾ മാറ്റി സ്ഥാപിക്കുന്ന ഇനത്തിൽ ഉൾപ്പെടെ ആകെ 45. 19 കോടി രൂപയാണ് പദ്ധതിക്കായി ആകെ ചെലവഴിക്കുന്നത്.
ഈ മാസം വസ്തു ഉടമകളുടെ നഷ്ടപരിഹാരം പൂർണമായും നൽകി സർക്കാരിലേക്ക് വസ്തു ഏറ്റെടുക്കാനാകും. മാർച്ച് ആദ്യവാരത്തോടെ പാലം നിർമ്മാണം ടെൻഡർ ചെയ്യാനാണ് ഉദ്ദേശിക്കുന്നത്.
-----
@ വസ്തു ഏറ്റെടുക്കുമ്പോൾ ഉടമകൾക്ക് നഷ്ടപരിഹാരം നൽകാനായി മാത്രം വിനിയോഗിക്കുന്നത്. 14.5 കോടി
@ വസ്തു ഏറ്രെടുക്കുന്നത് 155 പേരുടെ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |