
കോന്നി : കോന്നി ഗവ. മെഡിക്കൽ കോളേജിന്റെ രണ്ടാംഘട്ട നിർമ്മാണം അതിവേഗം പുരോഗമിക്കുന്നു. പത്തനംതിട്ട ജില്ലയിലെയും സമീപ ജില്ലകളിലെയും ആരോഗ്യ ,വിദ്യാഭ്യാസ മേഖലകളിൽ ഇതിനോടകം നിർണായക ഇടപെടൽ നടത്തിക്കഴിഞ്ഞു മെഡിക്കൽ കോളേജ്. മന്ത്രി വീണാ ജോർജിന്റെയും അഡ്വ. കെ.യു. ജനീഷ് കുമാർ എം.എൽ.എയുടെയും മേൽനോട്ടത്തിലാണ് പ്രവർത്തനം. സൂപ്പർ സ്‌പെഷ്യാലിറ്റി നിലവാരത്തിലേക്ക് ഉയർത്തുന്നതിന്റെ ഭാഗമായി കൂടുതൽ തസ്തികൾ സൃഷ്ടിച്ചിട്ടുണ്ട്. മൂന്ന് ബാച്ചുകളിലായി മുന്നൂറ് എം.ബി.ബി.എസ് വിദ്യാർത്ഥികൾ പഠനം നടത്തുന്നു. രണ്ടായിരത്തോളം രോഗികൾ ദിവസേന ഒ.പിയിൽ ചികിത്സതേടി എത്തുന്നുണ്ട്.
ചുരുങ്ങിയ സമയംകൊണ്ട് 130 കോടി രൂപയുടെ ആദ്യഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചു. ഇപ്പോൾ 352കോടിയുടെ രണ്ടാം ഘട്ട നിർമ്മാണ പ്രവർത്തനങ്ങളാണ് നടക്കുന്നത്. മുന്നൂറ് കിടക്കകളോടുകൂടിയ ആശുപത്രി കെട്ടിടവും അക്കാദമിക് ബ്‌ളോക്കും പ്രവർത്തന സജ്ജമാണ്. കാഷ്വാലിറ്റിയിലും വാർഡുകളിലും ഓക്സിജൻ സൗകര്യങ്ങളോടുകൂടിയ കിടക്കകളാണുള്ളത്. ഓക്സിജൻ പ്ലാന്റുമുണ്ട്. പീഡിയാട്രിക് ഐ.സി.യുവും മൈനർ ഓപ്പറേഷൻ തീയേറ്ററുകളും പ്രവർത്തന സജ്ജമാണ്. എല്ലാ വിഭാഗങ്ങളിലും വിദഗ്ദ്ധ ഡോക്ടർമാരുടെ സേവനം ലഭ്യമാണ്. 24 മണിക്കൂറും പ്രവർത്തിക്കുന്ന ലാബും ഫാർമസിയും സജ്ജീകരിച്ചിട്ടുണ്ട്. സി.ടി സ്‌കാനും അൾട്രാ സൗണ്ട് സ്‌കാനറും മറ്റ് പ്രധാന അടിസ്ഥാന സൗകര്യങ്ങളുമുണ്ട്.
നാല് ബഹുനില കെട്ടിടങ്ങൾ കൂടി
നാല് ബഹുനില കെട്ടിടങ്ങളുടെ നിർമ്മാണം അന്തിമഘട്ടത്തിലാണ്. 11 നിലകളിലായി 40 അപ്പാർട്‌മെന്റുകൾ ഉൾപ്പെടുത്തിയ രണ്ട് ക്വാർട്ടേഴ്സ് സമുച്ചങ്ങളുടെ നിർമ്മാണം പുരോഗമിക്കുന്നു. ഡോക്ടർമാർക്കായി 9.1 കോടി രൂപയിൽ 77,000 സ്‌ക്വയർ ഫീറ്റിലും അദ്ധ്യാപകർക്കായി 16.26 കോടി രൂപയിൽ 37000 സ്‌ക്വയർ ഫീറ്റിലുമുള്ള ക്വാർട്ടേഴ്സുകളാണ് നിർമ്മിക്കുന്നത്. 22.80 കോടി രൂപ ചെലവിൽ 57,000 സ്‌ക്വയർ ഫീറ്റിൽ രണ്ട് നിലകളിലായി അക്കാഡമിക് ബ്ലോക്കിന്റെ വിപുലികരണവും അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിന്റെ നിർമ്മാണവും നടന്നുവരുന്നു.
ഉടൻ പൂർത്തിയാകുന്ന പദ്ധതികൾ
*പുതിയ അക്കാദമിക് ബ്‌ളോക്ക്.
*പുതിയ ആശുപത്രി കെട്ടിടം.
*ലേബർ റൂം, ഓപ്പറേഷൻ തീയേറ്ററുകൾ.
*ഡോക്ടർമാർക്കും ജീവനക്കാർക്കുമുള്ള ഫ്ളാറ്റുകൾ.
*മോഡുലാർ ഓപ്പറേഷൻ തീയേറ്റർ.
*ചുറ്റുമതിൽ, ഗേറ്റ്, പ്രവേശന കവാടം.
*800 പേർക്ക് ഇരിക്കാവുന്ന ഓഡിറ്റോറിയം.
* പുതിയ റോഡ്
*എക്സാമിനേഷൻ ഹാൾ.
*പാർക്കിംഗ് ലോജ്.
-------------------------------
പുതിയ കെട്ടിടം കൂടി പ്രവർത്തനക്ഷമമാകുന്നതോടെ 500 രോഗികളെ ഒരേസമയം കിടത്തിച്ചികിത്സിക്കാൻ കഴിയും. കിഫ്ബിയിൽ നിന്ന് അനുവദിച്ച 352 കോടി രൂപ ഉപയോഗിച്ചുള്ള നിർമ്മാണ പ്രവർത്തനങ്ങളാണ് ഇപ്പോൾ പുരോഗമിക്കുന്നത്.
അഡ്വ.കെ.യു. ജനീഷ് കുമാർ (എം.എൽ.എ )
----------------
രണ്ടാംഘട്ട നിർമ്മാണം 352 കോടി ചെലവിൽ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |