SignIn
Kerala Kaumudi Online
Friday, 23 October 2026 9.26 PM IST

പശുവിനെക്കുറിച്ച് പത്തുവാചകങ്ങൾ

f

പശുവിനെക്കുറിച്ച് പറയാം. പശുക്കാര്യം പുതിയ കുട്ടികൾക്ക് അത്ര പിടിക്കില്ല. പക്ഷേ പഴയ തലമുറയ്ക്ക് ദഹിക്കും. കാരണം പശു അവരുടെ ജീവിതത്തിന്റെ ഭാഗമായിരുന്നു. മിക്കവാറും എല്ലാ വീട്ടിലും പശു ഉണ്ടായിരുന്ന കാലം. വീട്ടിൽ മാത്രമല്ല, അന്ന് പള്ളിക്കൂടത്തിലും പശു ഉണ്ടായിരുന്നു. എൽ.പി ക്ലാസിലെ മലയാളം രചനാ ബുക്കിൽ പശു പാൽചുരത്തി നിന്ന കാലം.

പശുവിനെക്കുറിച്ച് പത്തുവാചകങ്ങളെഴുതുക എന്നത് അന്നത്തെ ചോദ്യമായിരുന്നു. പശുവിന് നാലുകാലുണ്ട്, രണ്ട് കൊമ്പുണ്ട്, രണ്ട് ചെവിയുണ്ട് എന്നിങ്ങനെ പത്ത് വാചകം തികച്ചെഴുതിയാൽ മലയാളം സാർ ചുവന്ന മഷികൊണ്ട് പരീക്ഷ പേപ്പറിലെ പശുവിന്റെ തിരുനെറ്റിയിൽ പത്തിൽ പത്ത് വരയ്ക്കും. വീട്ടിലെ പശുവിനെ പുല്ല് കൊടുത്ത് പോറ്റിവളർത്തുന്ന അന്നത്തെ കുട്ടികൾക്ക് പശുച്ചോദ്യത്തിന് പത്തിൽ പത്ത് വാങ്ങുക എന്നത് വെറും പുല്ലായിരുന്നു.

ചാണകം വാരി തൊഴുത്ത് വൃത്തിയാക്കാനും പുല്ലുചെത്താനും പശുവിനെ കുളിപ്പിക്കാനും അച്ഛനും അമ്മയ്ക്കുമൊപ്പം കൂട്ടുപോയ പഴയ കുട്ടികൾക്ക് പശു പ്രാണനാണ്. കറന്നെടുക്കുന്ന പാൽ, പാത്രത്തിലാക്കി കടകളിലും വീടുകളിലും എത്തിക്കുന്ന പോസ്റ്റൽ സർവീസും കുട്ടികളുടെ ചുമതലയായിരുന്നു. പശുവില്ലെങ്കിൽ തങ്ങൾക്ക് ജീവിതമില്ലെന്ന് അവർക്ക് അറിയാമായിരുന്നു. കാലം മാറിയതോടെ പശു പടിക്കുപുറത്തായി. ക്ഷീരവികസന വകുപ്പിന്റെ കണക്കനുസരിച്ച് പത്തനംതിട്ട ജില്ലയിൽ പശുവളർത്തൽ നന്നായി കുറഞ്ഞു. സർക്കാർ സഹായമുണ്ടെങ്കിലും ആർക്കും പശുവിനെ വളർത്താൻ വയ്യ. കഴിഞ്ഞ പത്തുവർഷത്തെ കണക്കനുസരിച്ച് ജില്ലയിൽ പശുക്കളുടെ എണ്ണത്തിൽ വലിയ കുറവാണ്. നല്ല അദ്ധ്വാനം വേണ്ട ജോലിയാണ് പശുവളർത്തൽ. മെയ്യനങ്ങി അദ്ധ്വാനിക്കാൻ മുതിർന്നവർക്ക് മടിയാണ്. പിന്നെ കുട്ടികളുടെ കാര്യം പറയേണ്ടല്ലോ. ചാണകം വാരി തൊഴുത്തു വൃത്തിയാക്കണമെന്ന് പറഞ്ഞാൽ അവർക്ക് ഒാക്കാനം വരും. പുല്ലുചെത്താൻ അവരുടെ കൈ വഴങ്ങില്ല. പശുവിനെ വളർത്താതെയും പാലുകിട്ടുന്ന കാലത്ത് എന്തിന് പൊല്ലാപ്പിന് പോകണമെന്നാണ് ആളുകളുടെ ചിന്ത. പശുവിൻ പാൽ ഇന്ന് അകിടിൽ നിന്നല്ല കിട്ടുന്നത്, കവറിൽ നിന്നാണ്.

പശുവിന് വയറുനിറയ്ക്കാൻ കാടും മേടുമുള്ള പത്തനംതിട്ടയുടെ സ്ഥിതി ഇതാണെങ്കിൽ മറ്റു ജില്ലകളുടെ കാര്യം പറയേണ്ടല്ലോ. പത്തുപറ കണ്ടമുണ്ടെന്നും പത്ത് പശുവുണ്ടെന്നും പത്തുമൂട് തെങ്ങുണ്ടെന്നും അഭിമാനത്തോടെ പറഞ്ഞവരുടെ കാലം കഴിയുകയാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL