
പത്തനംതിട്ട : ചെങ്ങന്നൂർ കല്ലിശേരി പാലത്തിൽ നിന്ന് യുവതി ആറ്റിൽച്ചാടി മരിച്ച സംഭവത്തിൽ ഭർത്താവിനെ പന്തളം പൊലീസ് അറസ്റ്റുചെയ്തു. പന്തളം മങ്ങാരം ആശാരി അയ്യത്ത് വീട്ടിൽ സുധീറി( 41)നെയാണ് പിടികൂടിയത്. അഞ്ചുമാസം മുമ്പ് ഭാര്യ ഫാത്തിമ (38) ആത്മഹത്യ ചെയ്ത കേസിലാണ് അറസ്റ്റ്. ഇയാൾക്കും മാതാവ് ഹൗലത്ത് ബീവിക്കുമെതിരെ ഗാർഹിക പീഡനത്തിനും ആത്മഹത്യാ പ്രേരണയ്ക്കും പന്തളം പൊലീസ് കേസെടുത്തിരുന്നു. ഭർത്താവും വീട്ടുകാരുമായി പിണക്കത്തിലായിരുന്ന യുവതി, സുധീറുമായി വഴക്കിട്ടശേഷം ഇവിടെയെത്തി പാലത്തിൽ നിന്ന് ചാടി മരിക്കുകയായിരുന്നു. അഞ്ചുദിവസം കഴിഞ്ഞാണ് മൃതദേഹം കിട്ടിയത്.
യുവതിയുടെ സഹോദരന്റെ പരാതിപ്രകാരമാണ് കേസെടുത്തത്. സുധീറും മാതാവും പത്തനംതിട്ട ജില്ലാ കോടതിയിൽ ജാമ്യത്തിന് നീക്കം നടത്തുകയും മാതാവിന് ജാമ്യം ലഭിക്കുകയും ചെയ്തിരുന്നു. ഇയാൾക്ക് കോടതി ജാമ്യം അനുവദിച്ചില്ല. തുടർന്ന് ഒളിവിൽ പോയ സുധീറിനെ താമരക്കുളം പച്ചക്കാടുള്ള ഒരു വീട്ടിൽ നിന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു. അടൂർ ഡിവൈ.എസ്.പി ജി.സന്തോഷ് കുമാറിന് ലഭിച്ച രഹസ്യവിവരത്തെതുടർന്ന് പന്തളം പൊലീസ് ഇൻസ്‌പെക്ടർ റ്റി.ഡി.പ്രജീഷ് നേതൃത്വത്തിൽ നടത്തിയ തെരച്ചിലിലാണ് ഇയാൾ കുടുങ്ങിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |