
ചെറുകോൽപ്പുഴ : ശബരിമല കാനന ക്ഷേത്രമായതിനാൽ വനഭൂമി നിയമം പല വികസന പ്രവർത്തനങ്ങളും തടസപ്പെടാൻ കാരണമായിട്ടുണ്ടന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ അഭിപ്രായപ്പെട്ടു. ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്തിൽ അയ്യപ്പഭക്ത സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശബരിമലയുടെ ഭൂമിശാസ്ത്രപരമായ പ്രത്യേകത നമുക്ക് അറിയാവുന്നതാണ്. ഈ വർഷം 50 ലക്ഷത്തിലധികം തീർത്ഥാടകർ എത്തിയിട്ടും മുൻ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി സുഗമമായി ദർശനം സാദ്ധ്യമായി. സർക്കാരും ദേവസ്വം ബോർഡും കൂട്ടായി പ്രവർത്തിച്ചതിനാലാണ് ഇത് സാധിച്ചത്. ശബരിമല താറുമാറാക്കാനല്ല സംരക്ഷിക്കുന്ന നിലപാടാണ് സർക്കാർ കൈക്കൊളളുന്നതെന്നും മന്ത്രി പറഞ്ഞു.
അയ്യപ്പസേവാ സമാജം അദ്ധ്യക്ഷൻ സ്വാമി അയ്യപ്പദാസ് അദ്ധ്യക്ഷനായിരുന്നു. വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന അദ്ധ്യക്ഷൻ വിജി തമ്പി, ഹിന്ദു ഐക്യവേദി വർക്കിംഗ് പ്രസിഡന്റ് വത്സൻ തില്ലങ്കരി, തിരുവല്ല അമൃതാനന്ദമയി മഠം സ്വാമിനി ഭവ്യമൃതപ്രാണ, അയ്യപ്പസേവാസംഘം ദേശീയ സെക്രട്ടറി അഡ്വ.ഡി.വിജയകുമാർ, ഹിന്ദുമത മഹാമണ്ഡലം ഭാരവാഹികളായ ജി.രാജ്കുമാർ, ജി.കൃഷ്ണകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.
പുസ്തക പ്രകാശനം ഇന്ന്
ശ്രീനാരായണ ഗുരുദേവൻ രചിച്ച സംസ്‌കൃത കൃതി ശ്രീനാരായണ സ്മൃതിയുടെ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി ഡോ.ആനന്ദരാജ് തയ്യാറാക്കിയ പുസ്തകം ഇന്ന് ഹിന്ദു ഏകതാ സമ്മേളന വേദിയിൽ ആർ.എസ്.എസ് സർസംഘചാലക് ഡോ.മോഹൻ ഭാഗവത് പ്രകാശനം ചെയ്യും. കുരുക്ഷേത്ര പ്രകാശൻ പുറത്തിറക്കുന്ന പതിപ്പിൽ ശ്രീനാരായണ ദർശനത്തിന്റെ സമഗ്രമായ പഠനമാണ് പ്രതിപാദ്യവിഷയം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |