
മാരാമൺ: മാരാമൺ മണൽപ്പുറത്തെ ഒാലപ്പന്തലിലേക്ക് വിശ്വാസി സമൂഹം വരവായി. പമ്പാതീരത്ത് ഇന്ന് മുതൽ 16 വരെ നടക്കുന്ന 130ാമത് കൺവെൻഷന് ഒരുക്കങ്ങൾ എല്ലാം പൂർത്തീകരിച്ചു. ഇന്ന് ഉച്ചയ്ക്ക് ശേഷം മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ പരമാദ്ധ്യക്ഷൻ ഡോ.തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്താ ഉദ്ഘാടനം ചെയ്യുന്ന കൺവെൻഷനിൽ സഭയിലെ തിരുമേനിമാരെ കൂടാതെ വിവിധ സഭകളുടെ മേൽപ്പട്ടക്കാരും പ്രസംഗിക്കും.
അഖില ലോക സഭാ കൗൺസിൽ ജനറൽ സെക്രട്ടറി റവ.പ്രൊഫ. ഡോ. ജെറി പിള്ളൈ (സ്വിറ്റ്സർലാൻഡ്), കൊളംബിയ തിയോളജിക്കൽ സെമിനാരി പ്രസിഡന്റ് റവ.ഡോ.വിക്ടർ അലോയോ, ഡോ.രാജ്കുമാർ രാംചന്ദ്രൻ (ന്യുഡൽഹി) എന്നിവരാണ് മുഖ്യ പ്രസംഗകർ.
കേന്ദ്രസംസ്ഥാന സർക്കാരുകളുടെ വിവിധ വകുപ്പുകളും ത്രിതല പഞ്ചായത്തുകളും കൺവെൻഷൻ ക്രമീകരണങ്ങളിൽ സജീവമാണ്. പൂർണമായും പരിസ്ഥിതി സൗഹൃദമായിട്ടാണ് കൺവെൻഷൻ ക്രമീകരണം ഒരുക്കിയിട്ടുള്ളത്. ഒരു ലക്ഷം പേർക്കിരിക്കാവുന്ന പന്തൽ തന്നെയാണ് മുഖ്യ ആകർഷണം. കൺവെൻഷന്റെ കുട്ടിപ്പന്തലും ഇടവകയുടെ നേതൃത്വത്തിൽ ക്രമീകരിച്ചു. സഭയുടേയും സുവിശേഷസംഘത്തിന്റേയും സഭയിലെ അനുഗ്രഹീത സംഘടനകളുടേയും നേതൃത്വത്തിലുള്ള വിവിധ സ്റ്റാളുകളും മണൽപ്പുറത്ത് പ്രവർത്തിക്കുന്നുണ്ട്. സംഘത്തിന്റെ മിഷൻ ഫീൽഡുകളുടെ പ്രവർത്തനങ്ങളെ വിശദീകരിക്കുന്ന എക്സിബിഷനും ക്രമീകരിക്കുന്നുണ്ട്. 101 ഗാനങ്ങൾ അടങ്ങിയ പാട്ടുപുസ്തകം തയ്യാറായിട്ടുണ്ട്. കൺവെൻഷൻ നഗറിലേക്കുള്ള പാലംപണിയും പൂർത്തിയായി.
മാരാമൺ കൺവെൻഷന്റെ ആവശ്യത്തിലേക്ക് യാത്രക്കാരുടെ സൗകര്യത്തിനായി കെ.എസ്.ആർ.ടി.സി പ്രത്യേകം സർവീസ് നടത്തും.
മാർത്തോമ്മാ സഭയുടെ മിഷനറി പ്രസ്ഥാനമായ സുവിശേഷ പ്രസംഗസംഘമാണ് കൺവെൻഷന് നേതൃത്വം നൽകുന്നത്. കൺവെൻഷൻ ക്രമീകരണത്തിനായി 24 സബ് കമ്മിറ്റികൾ നേതൃത്വം നൽകുന്നതായി മീഡിയ ആൻഡ് പബ്ളിസിറ്റി കൺവീനേഴ്സായ തോമസ് കോശിയും റ്റിജു എം ജോർജ്ജും അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |