
പത്തനംതിട്ട : തെരുവുനായകളുടെ ഭീഷണിയിൽ പൊറുതിമുട്ടുകയാണ് ജനം. കുഞ്ഞുകുട്ടികളടക്കം നിരവധി പേർക്ക് പേവിഷബാധയേറ്റ് മരണം സംഭവിച്ചിട്ടും നായ ശല്യത്തിന് അറുതിയില്ല. കഴിഞ്ഞ വർഷം 15460 പേരെ നായ കടിച്ചു. എ.ബി.സി പദ്ധതി, അഭയകേന്ദ്രം, നായകൾക്ക് ലൈസൻസ് എന്നിവ നടപ്പാക്കാൻ തദ്ദേശ സ്ഥാപനങ്ങൾ കാട്ടുന്ന നിസംഗത ഗുരുതരമാണ്. സ്ഥലം കണ്ടെത്താൻ കഴിയാത്തതിനാലാണ് പദ്ധതി നടപ്പാക്കാൻ സാധിക്കാത്തതെന്നാണ് തദ്ദേശ സ്ഥാപനങ്ങളുടെ വാദം. എല്ലാദിവസവും നായയുടെ ആക്രമണം ജില്ലയിൽ റിപ്പോർട്ട് ചെയ്യുന്നുണ്ട്.
വീട്ടിലും സ്കൂളിലും രക്ഷയില്ല
റോഡിലൂടെ പോകുമ്പോൾ മാത്രമല്ല തെരുവുനായകളുടെ ആക്രമണമുണ്ടാകുന്നത്. വീട്ടിൽ പത്രം വായിച്ച് കൊണ്ടിരുന്നയാളെ അകത്ത് കയറി കടിച്ചത് ഇലന്തൂരിലാണ്. സ്കൂളുകളിലെ വരാന്തകളിലും ക്ലാസ് മുറികളിലുമടക്കം തെരുവുനായകൾ യഥേഷ്ടം വിലസുന്നു. വാഹന യാത്രക്കാർക്കും രക്ഷയില്ലാത്ത സ്ഥിതിയാണ്. ഇരുചക്രവാഹന യാത്രക്കാരുടെ നേരെ കുരച്ചുകൊണ്ട് ചാടി വീഴുകയാണ് നായകൾ.
കണക്കില്ലാതെ നായകൾ
2019 ലെ ലൈഫ് സ്റ്റോക്ക് സെൻസസ് പ്രകാരം 75,000 നായ്ക്കളാണ് ജില്ലയിൽ ഉണ്ടായിരുന്നത്. തെരുവുനായകൾ 14000 എണ്ണവും.
2022ൽ എണ്ണത്തിൽ ഇരുപത് മുതൽ മുപ്പത് ശതമാനം വരെ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. 2024 ൽ ജില്ലയിലെ തെരുവുനായകളുടെ എണ്ണം 2019ൽ രേഖപ്പെടുത്തിയതിന്റെ രണ്ടിരട്ടിയിലധികമാകുമെന്നാണ് അധികൃതർ പറയുന്നത്. തെരുവുനായകളുടെ കൃത്യമായ കണക്ക് ജില്ലാ കേന്ദ്രങ്ങളിലില്ല.
എ.ബി.സി പദ്ധതിക്ക് കെട്ടിടം
ജില്ലയിൽ എ.ബി.സി പദ്ധതിക്കായി പുളിക്കീഴിൽ കെട്ടിടം നിർമ്മാണം തുടങ്ങി. പമ്പ റിവർ ഫാക്ടറിയുടെ സ്ഥലത്ത് മൃഗാശുപത്രിയോട് ചേർന്നാണ് കെട്ടിടം നിർമ്മിക്കുന്നത്. ജില്ലാ പഞ്ചായത്തിന്റെ ഒരു കോടി രൂപ ചെലവിലാണ് പുതിയ കെട്ടിടത്തിന്റെ നിർമ്മാണം. 40 സെന്റ് സ്ഥലത്താണു കെട്ടിടവും അനുബന്ധ സൗകര്യങ്ങളും ഒരുക്കുന്നത്. രണ്ടുനിലകളിലായി 2800 ചതുരശ്ര അടിയിൽ പണിയുന്ന കെട്ടിടത്തിൽ 3 ആധുനിക ഓപ്പറേഷൻ തീയറ്ററുകളുണ്ട്. ശസ്ത്രക്രിയയ്ക്കു മുൻപും ശേഷവും മൃഗങ്ങളെ പരിചരിക്കാനുള്ള പ്രത്യേകം മുറികളും ഇവിടെ ക്രമീകരിക്കും.
ജില്ലയിൽ കഴിഞ്ഞ വർഷം
നായയുടെ കടിയേറ്റവർ : 15460
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |