SignIn
Kerala Kaumudi Online
Friday, 23 October 2026 9.07 AM IST

ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതി : കരടുരേഖ നൽകിയില്ല , ചർച്ചയില്ലാതെ അംഗീകാരം

project

പത്തനംതിട്ട : ജില്ലാ പഞ്ചായത്തിന്റെ 2025 - 26ലേക്കുള്ള വാർഷിക പദ്ധതി അംഗീകരിച്ചത് കരടുരേഖ നൽകാതെ. കഴിഞ്ഞ ദിവസം പദ്ധതി അംഗീകരിക്കാൻ നടത്തിയ വികസന സെമിനാറിൽ പങ്കെടുത്തവർക്ക് കരടുരേഖ വിതരണം ചെയ്തില്ല. ഇതുകാരണം പദ്ധതികൾ ചർച്ച ചെയ്യാനോ തുകയിൽ വ്യത്യാസം വരുത്താനോ കഴിഞ്ഞില്ല. ജില്ലാ പഞ്ചായത്ത് അംഗങ്ങൾ, ആസൂത്രണ സമിതി അംഗങ്ങൾ, ബ്ളോക്ക് ഗ്രാമ പഞ്ചായത്ത് ഭാരവാഹികൾ, ഉദ്യോഗസ്ഥർ എന്നിവരടക്കം നൂറിലേറെ അംഗങ്ങൾ പങ്കെടുക്കേണ്ട സെമിനാറിന് എത്തിയത് പകുതിയോളം പേരാണ്. കരടുരേഖ പ്രിന്റിംഗിന് കൊടുത്തിരിക്കുകയാണെന്ന് ജില്ലാ പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വിശദീകരിച്ചു. വികസന സെമിനാറിൽ കരടുരേഖ അംഗങ്ങൾക്ക് വിതരണം ചെയ്യണമെന്നാണ് ചട്ടം.

എന്നാൽ, കരടുരേഖയുടെ ഒരു കോപ്പി സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സെമിനാറിൽ വായിച്ച് അംഗീകാരം നേടുകയായിരുന്നു. പദ്ധതികൾ എന്തൊക്കെയാണെന്ന് അംഗങ്ങൾക്ക് അറിയാൻ സാധിച്ചില്ല. പുതിയ സാമ്പത്തിക വർഷത്തേക്ക് കൃഷി, ശുചിത്വം, വിദ്യാഭ്യാസം, കെട്ടിട നിർമ്മാണം, മാലിന്യ സംസ്കരണം, എ.ബി.സി തുടങ്ങി പതിമൂന്ന് മേഖലകൾക്കുള്ള പദ്ധതികൾ ചർച്ച ചെയ്യാതെ അംഗീകരിച്ചു.

ആകെ 72 കോടിയുടെ പദ്ധതികൾ വിഭാവനം ചെയ്തെന്ന് ജില്ലാ പഞ്ചായത്ത് വാർത്താക്കുറിപ്പിൽ അറിയിച്ചു. ഇൗ മാസം 15ന് മുൻപ് പദ്ധതിരേഖ സമർപ്പിക്കണമെന്ന് സർക്കാർ നിർദേശമുണ്ടായിരുന്നു. ഇതേ തുടർന്ന് രേഖ തയ്യാറാക്കി വായിക്കുകയായിരുന്നു.

അലംഭാവത്തിന് കാരണം ഭരണമാറ്റം

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുണ്ടായ തുടർച്ചയായ മാറ്റങ്ങൾ കാരണമാണ് വികസന പദ്ധതികൾ ശരിയായ നിലയിൽ ചർച്ച ചെയ്യാതെ അംഗീകരിക്കേണ്ടി വന്നതെന്ന് ആക്ഷേപമുണ്ട്. മൂന്ന് വർഷം പ്രസിഡന്റ് സ്ഥാനം വഹിച്ച ഒാമല്ലൂർ ശങ്കരന് പിന്നാലെ രാജി പി.രാജപ്പൻ ഒരു വർഷത്തിലേറെ പദവിയിലിരുന്നു. എൽ.ഡി.എഫിലെ ധാരണ പ്രകാരം രാജി രാജിവച്ച ശേഷം രണ്ടാഴ്ചയോളം പ്രസിഡന്റില്ലാതിരുന്നത് പദ്ധതി രേഖ തയ്യാറാക്കുന്നത് വൈകാൻ കാരണമായി. അടുത്തിടെ ജോർജ് ഏബ്രഹാം പ്രസിഡന്റായ ശേഷം പെട്ടന്നു തയ്യാറാക്കുകയായിരുന്നു.

ചർച്ചയില്ലാതെ അംഗീകരിച്ചത് 72 കോടിയുടെ പദ്ധതി

പ്രിന്റ് ചെയ്തു കിട്ടാൻ വൈകിയതു കൊണ്ടാണ് സെമിനാർ തുടങ്ങിയ സമയത്ത് പദ്ധതി രേഖ നൽകാൻ കഴിയാതിരുന്നത്. അവസാനിക്കും മുൻപ് വിതരണം ചെയ്തു.
ജോർജ് ഏബ്രഹാം, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്,

പദ്ധതിരേഖ എന്ന പേരിൽ വായിച്ചത് തട്ടിക്കൂട്ട് രേഖയായിരുന്നു. ഭരണസമിതിക്ക് വികസന പ്രവർത്തനങ്ങളിൽ താൽപ്പര്യമില്ല.
കൃഷ്ണകുമാർ, ജില്ലാ പഞ്ചായത്തിലെ കോൺഗ്രസ് അംഗം

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL