പത്തനംതിട്ട : പീച്ചി സ്വർണക്കവർച്ചാകേസിലെയും കൂത്തുപറമ്പ് കുഴൽപ്പണം തട്ടിയെടുക്കൽ കേസിലെയും പ്രതിയുടെ വീട്ടിൽ നിന്ന് മാരകായുധങ്ങളും കഞ്ചാവും പൊലീസ് കണ്ടെടുത്തു. കോയിപ്രം പുല്ലാട് പുരയിടത്തുംകാവ് ദ്വാരക വീട്ടിൽ ചിക്കു എന്ന ലിബിനെ (31) പൊലീസ് പിടികൂടി. ഇന്നലെ വൈകിട്ട് 4.30ന് വയനാട് ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി സുരേഷ് ബാബുവും സംഘവും കൂത്തുപറമ്പ് ജെ.എഫ്.എം കോടതിയുടെ സെർച്ച് വാറന്റുമായെത്തി വീട് പരിശോധിക്കുമ്പോഴാണ് കിടപ്പ് മുറിയിലെ ഷെൽഫിൽ നിന്ന് 2.90 ഗ്രാം കഞ്ചാവും കഞ്ചാവ് ഉപയോഗിക്കാനുള്ള 4 പൊതി പ്രത്യേക പേപ്പറും പഴകി തുരുമ്പിച്ച ഒരു എയർ പിസ്റ്റളും, ഓൺലൈനിൽ നിന്ന് വാങ്ങിയ വിവിധ രൂപത്തിലിലുള്ള കത്തികളും, ചെയിൻ, ഇരുമ്പ് മഴു, പതിനെട്ടര ഇഞ്ച് നീളം ഉള്ള വടിവാൾ എന്നിവയും കണ്ടെടുത്തത്. ജാമ്യത്തിൽ കഴിയുകയായിരുന്ന പ്രതിക്കെതിരെ പുതിയ കേസ് രജിസ്റ്റർ ചെയ്തു.
കുഴൽപ്പണം തട്ടിയെടുത്ത കേസിലെ 16-ാം പ്രതിയും സ്വർണ്ണ കവർച്ചാ കേസിലെ മൂന്നാം പ്രതിയുമായ ലിബിൻ ഇപ്പോൾ ജാമ്യത്തിലാണ്. ഈ കേസുകൾ വയനാട് ക്രൈംബ്രാഞ്ച് ആണ് അന്വേഷിക്കുന്നത്. അന്വേഷണ വിവരം ജില്ലാ പൊലീസ് മേധാവിയെ ക്രൈംബ്രാഞ്ച് അറിയിച്ചതിനെ തുടർന്ന് കോയിപ്രം പൊലീസും ഡാൻസാഫ് സംഘവും സ്ഥലത്തെത്തി പരിശോധനയിൽ പങ്കെടുത്തു. കണ്ടെടുത്ത ആയുധങ്ങളും കഞ്ചാവും പ്രതിയെയും കോയിപ്രം പൊലീസിന് കൈമാറി. കോട്ടയം ഗാന്ധിനഗർ പൊലീസിലും കോയിപ്രം, തിരുവല്ല പൊലീസ് സ്റ്റേഷനുകളിലും ഇയാൾക്കെതിരെ കേസുകളുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |