SignIn
Kerala Kaumudi Online
Friday, 23 October 2026 2.11 PM IST

ആശമാരുടെ അതിജീവന സമരത്തിന് പിന്തുണയായി ചിത്രംവരച്ച് നിരഞ്ജന

picture-
നിരഞ്ജന ചിത്രരചനയിൽ

കോന്നി : ഏഴാംക്ലാസ് വിദ്യാർത്ഥിനി നിരഞ്ജന തുടരുന്ന ദിന ചിത്രരചനയിൽ 1224 -ാം ദിവസത്തെ ചിത്രം അതിജീവനസമരം നടത്തുന്ന ആശവർക്കർമാർക്കുള്ള സമർപ്പണമായി. കൊവിഡ് കാലത്ത് വിദ്യാരംഗം കലാസാഹിത്യ വേദിയുടെ വാട്ട്‌സ് ആപ്പ് ഗ്രൂപ്പിലൂടെ ആരംഭിച്ച ചിത്രരചനയാണ് ഇപ്പോഴും മുടങ്ങാതെ തുടരുന്നത്. ഓരോ ദിവസത്തിന്റെയും പ്രാധാന്യം ഉൾക്കൊണ്ട് വരയ്ക്കുന്ന ചിത്രങ്ങൾ കൂട്ടുകാർക്കും അദ്ധ്യാപകർക്കും നിരഞ്ജന സോഷ്യൽ മീഡിയയിലൂടെ കൈമാറും. 'ആശാവർക്കർമാരുടെ ജീവിതം നിറമുള്ളതാകാൻ അതിജീവന സമരത്തിന് മുമ്പിൽ അധികാരികളെ കണ്ണും കാതുമുള്ളവരാകു...' എന്ന സന്ദേശവും ചിത്രത്തിനൊപ്പം ചിത്രകാരി പങ്കുവയ്ക്കുന്നു.

തൃക്കൊടിത്താനം ഗവ.ഹയർ സെക്കൻഡറി സ്കൂൾ അദ്ധ്യാപിക കലഞ്ഞൂർ ചരിവുകാലായിൽ ജലജാ ഭാസ്‌ക്കരന്റെയും ആലപ്പുഴ വീയപുരം ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസറായ കമലാസനന്റെയും മകളാണ് നിരഞ്ജന. അമ്മയ്ക്കും സഹോദരൻ രോഹിത്തിനും കൊവിഡ് ബാധിച്ചപ്പോൾ തുണയായ ആശാവർക്കർ അനിത ചിത്രത്തിന് പ്രചോദനമായെന്ന് നിരഞ്ജന പറഞ്ഞു. അമ്മ പഠിപ്പിക്കുന്ന സ്‌കൂളിലാണ് നിരഞ്ജനയുടെയും പഠനം. എക്‌സൈസ് - വിമുക്തിമിഷൻ ലഹരിവിരുദ്ധ ഗ്രീറ്റിംഗ് കാർഡ് രചനയിൽ സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനവും ദേശീയതലത്തിൽ കഴിഞ്ഞ വർഷം നടത്തിയ മെട്രോ റെയിൽ പദ്ധതിയുടെ ഭാഗമായ ചിത്രരചനയിലും വിജയം നേടി. സംസ്ഥാന ശിശുക്ഷേമ സമിതിയുടെ വർണോത്സവത്തിൽ ജില്ലാതലത്തിൽ രണ്ടാംസ്ഥാനവും നേടാനായി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL