തിരുവല്ല : പക്ഷിപ്പനിയെ തുടർന്ന് പത്തുമാസം മുമ്പ് അടച്ചുപൂട്ടിയ നിരണം ഡക്ക് ഫാം തുറന്നുപ്രവർത്തിപ്പിക്കാൻ നടപടി വൈകുന്നു. മൃഗസംരക്ഷണ വകുപ്പിന്റെ സംസ്ഥാനത്തെ ഏക ഡക്ക് ഫാമിനാണ് ഇൗ ദുർഗതി. അപ്പർകുട്ടനാട്ടിൽ പക്ഷിപ്പനി പടർന്നതോടെ കഴിഞ്ഞ മെയിലാണ് മുട്ടവിരിയിക്കൽ പൂർണമായും നിറുത്തി ഡക്ക് ഫാം പൂട്ടിയത്. അന്ന് ഫാമിൽ ഉണ്ടായിരുന്ന ആയിരക്കണക്കിന് താറാവുകളെയും കൊന്നൊടുക്കിയിരുന്നു.
താറാവുകൾ ഇല്ലെങ്കിലും ഡക്ക്ഫാമിൽ അസി.ഡയറക്ടറും വെറ്ററിനറി സർജനും ഫീൽഡ് ഓഫീസറും ക്ലാർക്കും തൊഴിലാളികളും ജോലിക്ക് എത്തുന്നുണ്ട്. വൈറസിന്റെ സാന്നിദ്ധ്യം ഉണ്ടാകാതിരിക്കാനുള്ള പ്രതിരോധ പ്രവർത്തനങ്ങളും നടക്കുന്നു.
കുട്ടനാടൻ ഇനങ്ങളായ ചാര, ചെമ്പല്ലി താറാവുകളായിരുന്നു ഡക്ക്ഫാമിൽ വിൽപ്പന നടത്തിയിരുന്നത്. ഇറച്ചിക്കായി വിഗോവ, സ്നോവെൽ, കാക്കി ക്യാപെൽ എന്നീ ഇനങ്ങളും വളർത്തിയിരുന്നു.
പൂർത്തിയാകാത്ത പഠനവും പരിശോധനയും
പക്ഷിപ്പനി പൊട്ടിപ്പുറപ്പെട്ട 38 പ്രഭവകേന്ദ്രങ്ങളിൽ നിന്ന് ശേഖരിച്ച സാമ്പിളുകളുടെ പഠനവും പരിശോധനയും ഭോപ്പാലിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈസെക്യൂരിറ്റി അനിമൽ ഡിസീസസ് ലാബിൽ പൂർത്തിയായിട്ടില്ല. ഇതാണ് പ്രവർത്തനം പുനരാരംഭിക്കാനുള്ള സർക്കാർ ഉത്തരവിറങ്ങാൻ തടസമാകുന്നത്. ദേശാടനപക്ഷികളുടെ സീസൺ കഴിയുമ്പോൾ പ്രവർത്തനം പുനരാരംഭിക്കാനാകുമെന്നാണ് ജീവനക്കാരുടെ പ്രതീക്ഷ.
കർഷകരും പ്രതിസന്ധിയിൽ
ഡക്ക്ഫാമിലെ ഹാച്ചറികളുടെ പ്രവർത്തനങ്ങൾ നിറുത്തിയത് താറാവ് കർഷകരെയും ദുരിതത്തിലാക്കി. മുമ്പ് മുട്ടവിരിഞ്ഞ് ഒരുദിവസമായ കുഞ്ഞുങ്ങളെയാണ് കർഷകർക്ക് നൽകിയിരുന്നത്. ഇങ്ങനെ മാസംതോറും 20,000ത്തോളം താറാവ് കുഞ്ഞുങ്ങളെവരെ വിൽപ്പന നടത്തിയിരുന്നു. ഗുണമേന്മയുള്ളതും കുറഞ്ഞവിലയിലും ലഭിച്ചിരുന്ന താറാവ് കുഞ്ഞുങ്ങളെ വളർത്തി മുട്ടയും ഇറച്ചിയും വിൽപ്പനനടത്തി നൂറുകണക്കിന് കർഷകരാണ് ഉപജീവനം നടത്തിയിരുന്നത്.
ഈസ്റ്റർ വിപണിക്ക് തിരിച്ചടി
ഡക്ക് ഫാമിലെ ഹാച്ചറി പ്രവർത്തനമില്ലാത്തതിനാൽ ഈസ്റ്റർ വിപണിയിൽ താറാവിന് ക്ഷാമം ഉണ്ടായേക്കും. ഈസ്റ്റർ ആഘോഷിക്കാൻ താറാവ് വിഭവങ്ങൾക്ക് പ്രിയം ഏറെയാണ്. സ്വകാര്യഫാമുകൾ സജീവമാണെങ്കിലും മുട്ടയുടെയും ഇറച്ചിയുടെയും വിലക്കയറ്റം നിയന്ത്രിക്കുന്നതിൽ ഡക്ക്ഫാം വലിയ പങ്കുവഹിച്ചിരുന്നു.
മുട്ടയ്ക്കും ഇറച്ചിക്കും വിലകൂടി
താറാവുകൾ വിപണിയിൽ കുറഞ്ഞതോടെ ഇറച്ചിക്കും മുട്ടയ്ക്കും വിലകൂടി.
നാടൻമുട്ട എന്ന പേരിൽ വിപണിയിൽ ലഭിക്കുന്നവയിൽ ഭൂരിഭാഗവും അന്യസംസ്ഥാനങ്ങളിൽ നിന്ന് എത്തുന്നവയാണ്.
താറാവ് വില : മുമ്പ് : 250 - 300 രൂ , ഇപ്പോൾ : 400രൂപ
മുട്ടയുടെ വില : മുമ്പ് 11രൂപ, ഇപ്പോൾ 12 - 13രൂപ
ജൈവസുരക്ഷാ പരിശോധനകൾ ഉൾപ്പെടെ പൂർത്തിയാക്കി സർക്കാരിന്റെ അനുമതി ലഭിച്ചെങ്കിൽ മാത്രമേ ഡക്ക്ഫാമിന്റെ പ്രവർത്തനം പുനരാരംഭിക്കാൻ സാധിക്കൂ.
ഡോ.രാജു, അസി.ഡയറക്ടർ.
നിരണം ഡക്ക്ഫാം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |