
കോന്നി : മഞ്ഞക്കടമ്പ്- മാവനാൽ- ട്രാൻസ് ഫോർമർ ജംഗ്ഷൻ -ആനകുത്തി -കുമ്മണ്ണൂർ -കല്ലേലി -നീരാമക്കുളം റോഡ് ആധുനിക നിലവാരത്തിൽ നവീകരിക്കുന്നതിന് 15 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി അഡ്വ. കെ. യു. ജനീഷ് കുമാർ എം.എൽ .എ അറിയിച്ചു. 19.800 കിലോമീറ്റർ ദൂരത്തിലാണ് റോഡ് നിർമ്മിക്കുന്നത്. ഐരവൺ മേഖലയിലെ മഞ്ഞകടമ്പ്- മാവാനാൽ , മാവാനാൽ- ട്രാൻസ്‌ഫോർമർ ജംഗ്ഷൻ , ആനകുത്തി- കുമ്മണ്ണൂർ , കുമ്മണ്ണൂർ -കല്ലേലി ,കൊക്കത്തോട്- നീരാമക്കുളം റോഡുകളെ പരസ്പരം ബന്ധിപ്പിച്ചാണ് പ്രവൃത്തി. .
നിലവിൽ കുമ്മണ്ണൂർ ഫോറസ്റ്റ് സ്റ്റേഷൻ വരെ മാത്രം പൊതുഗതാഗത സൗകര്യമുള്ള റോഡ് കല്ലേലി വരെ നിർമ്മിക്കുന്നതോടെ കല്ലേലി- കൊക്കാത്തോട് റോഡിൽ നിന്ന് അച്ചൻകോവിൽ- കോന്നി റോഡിൽ നിന്നും വളരെ വേഗത്തിൽ കോന്നി മെഡിക്കൽ കോളജിലേക്കും പത്തനംതിട്ട നഗരത്തിലേക്കും എത്താം. കുമ്മണ്ണൂരിൽ അവസാനിക്കുന്ന നിലവിലെ റോഡിനെ അച്ചൻകോവിലാറിന് സമാന്തരമായി കല്ലേലി റോഡിൽ ബന്ധിപ്പിക്കുമ്പോൾ ഇരു പ്രദേശങ്ങളിലും വലിയ രീതിയിലുള്ള വികസനമുണ്ടാകും പത്ത് കോടി രൂപ ചെലവിൽ കൊക്കാത്തോട് എസ്.എൻ.ഡി.പി ജംഗ്ഷനിൽ അവസാനിക്കുന്ന റോഡ് നിർമ്മാണം പുരോഗമിക്കുന്നുണ്ട്. ഇവിടെ നിന്ന് നീരാമക്കുളം വരെയും റോഡ് നവീകരിക്കും.
ശബരിമല തീർത്ഥാടകർക്കും പ്രയോജനം
. അച്ചൻകോവിൽ നിന്ന് വരുന്ന ശബരിമല തീർത്ഥാടകർക്ക് കോന്നി ടൗണിൽ എത്താതെ കല്ലേലി കുമ്മണ്ണൂർ വഴി കോന്നി മെഡിക്കൽ കോളേജ് റോഡിലൂടെ തണ്ണിത്തോട്- ചിറ്റാർ- ആങ്ങമൂഴി വഴി പമ്പയിൽ എത്താൻ കഴിയും. കോന്നി മെഡിക്കൽ കോളേജ് റോഡിനെയും ഐരവൺ പാലത്തിനെയും പരസ്പരം ബന്ധിപ്പിച്ചാണ് റോഡ് നിർമ്മിക്കുന്നത്.
--------------------------------
റോഡ് നവീകരണം പൂർത്തിയാകുന്നതോടെ ഒറ്റപ്പെട്ടു കിടക്കുന്ന മലയോര മേഖലയായ കൊക്കത്തോടിന്റെ തുടക്ക ഭാഗമായ നീരാമക്കുളം മുതൽ കോന്നി വരെ മെച്ചപ്പെട്ട ഗതാഗത സൗകര്യങ്ങൾ ജനങ്ങൾക്ക് ലഭ്യമാകും. കൊക്കത്തോട് ,അപ്പൂപ്പൻ തോട് നീരാമക്കുളം, കല്ലേലി പ്രദേശങ്ങളിലുള്ളവർക്ക് കോന്നി ടൗണിൽ എത്തിച്ചേരാതെ മെഡിക്കൽ കോളേജിലേക്കും ജില്ലയുടെ മറ്റു പ്രദേശങ്ങളിലേക്കും വളരെ വേഗത്തിൽ എത്തിച്ചേരാൻ സാധിക്കും.
അഡ്വ. കെ.യു. ജനീഷ് കുമാർ (എം.എൽ.എ)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |