
കോഴഞ്ചേരി മുതൽ പത്തനംതിട്ട വരെ 12.67 കിലോമീറ്ററിൽ പുനരുദ്ധാരണം
പത്തനംതിട്ട ആറന്മുള നിയോജക മണ്ഡലത്തിലൂടെ കടന്നുപോകുന്ന സംസ്ഥാന പാതയായ തിരുവല്ല- കുമ്പഴ റോഡിന്റെ കോഴഞ്ചേരി മുതൽ പത്തനംതിട്ട സെന്റ് പീറ്റേഴ്‌സ് ജംഗ്ഷൻ വരെ പുനരുദ്ധരിക്കുന്നതിന് ശബരിമല പദ്ധതിയിൽ ഉൾപ്പെടുത്തി 10.50 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു. 12.67 കിലോമീറ്ററോളം നീളം വരുന്ന ഭാഗത്താണ് പുനരുദ്ധാരണം.
നിലവിലുള്ള റോഡിന്റെ ഉപരിതലത്തിൽ 40 എം.എം. കനത്തിൽ നവീകരിക്കും. 230 മീറ്റർ നീളത്തിൽ സംരക്ഷണ ഭിത്തി കെട്ടും. ഏഴു കലുങ്കുകളുടെ പുനരുദ്ധാരണം, 600 മീറ്റർ ഓട നിർമ്മാണം 2070 മീറ്റർ ഐറിഷ് ഓട നിർമ്മാണം 300 മീറ്റർ നീളത്തിൽ ഇന്റർലോക്ക് പാകൽ, ട്രാഫിക് സേഫ്റ്റി എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്. കോഴഞ്ചേരി തണുങ്ങാട്ടിൽ പാലത്തിനോട് ചേർന്നുള്ള ഭാഗത്താണ് ഇന്റർലോക്ക് പാകുന്നത്. തിരുവാഭരണ പാതയുടെ ഭാഗമായ മരുത്തൂർകുളങ്ങര ശബരിമല വില്ലേജ് റോഡിൽ കോൺക്രീറ്റ് ചെയ്യും.
ടി.കെ റോഡിലേക്ക് എത്തുന്ന വാഹനങ്ങളുടെ എണ്ണം വർദ്ധിക്കുന്നത് കണക്കിലെടുത്താണ് പുനരുദ്ധാരണം. ടി.കെ റോഡിലെ പ്രധാന ജംഗ്ഷനുകളിൽ ഗതാഗത പ്രശ്നങ്ങളും പതിവാണ്. ഒാഫീസുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ആശുപത്രികളിലും മറ്റും സമയത്ത് എത്താൻ കഴിത്ത സാഹചര്യമുണ്ടാക്കുന്നു. ഏതു സമയത്തും ടി.കെ റോഡിൽ വാഹനത്തിരക്കാണ്.
റോഡിൽ പ്രശ്നങ്ങളേറെ
1.വാര്യാപുരം, ഇലന്തൂർ ജംഗ്ഷൻ, തെക്കേമല, കോഴഞ്ചേരി എന്നിവിടങ്ങളിൽ അപകട സാദ്ധ്യതയേറെ. തിരക്കേറിയ ഇലന്തൂർ ജംഗ്ഷനിൽ ഗതാഗത നിയന്ത്ര സംവിധാനമില്ല.
2.വാര്യാപുരം, കാരൂർ, ഇലന്തൂർ ബ്ലോക്ക് ഓഫീസ് പടി, തുണ്ടഴം, തെക്കേമല എന്നിവിടങ്ങളിലെ കൊടും വളവുകളും കയറ്റിറക്കങ്ങളും കാരണം ദൂരെ നിന്ന് വാഹനങ്ങളെ കാണാനാകുന്നില്ല.
3.വാര്യാപുരം കൊല്ലൻപടി, തണുങ്ങാട്ടിൽപാലങ്ങൾക്ക് വീതി കുറവ്
ടി.കെ റോഡിലേക്ക് ബന്ധിപ്പിക്കുന്ന ഇടറോഡുകൾ : 35
പത്തനംതിട്ട മുതൽ കോഴഞ്ചേരി വരെയുള്ള ഇടറോഡുകൾ 15
------------------
ജില്ലാ ആസ്ഥാനവുമായി ബന്ധിപ്പിക്കുന്ന പ്രധാന റോഡാണിത്. ശബരിമല തീർത്ഥാടനകാലത്ത് യാത്രക്കാരുടെ എണ്ണം കൂടും. ഇതുമൂലം പുനരുദ്ധാരണം അനേകം പേർക്ക് പ്രയോജനകരമാകും.
മന്ത്രി വീണാജോർജ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |