
പത്തനംതിട്ടയിൽ ടൗൺ സ്ക്വയറായി. അബാൻ ജംഗ്ഷനടുത്താണ് സ്ക്വയർ. സംഗതി കൊള്ളാം. നാലാൾക്ക് വർത്തമാനം പറഞ്ഞിരിക്കാൻ നഗരത്തിൽ ഇടമില്ലെന്ന പരാതി മാറി. ചെറിയതോതിലൊരു പാർക്കും ഒാപ്പൺ സ്റ്റേജും ഉൾപ്പെടെയുള്ള സൗകര്യങ്ങളുണ്ട്. നഗരപിതാവ് കെ.കെ.നായരുടെ പ്രതിമ നടുനിവർത്തി നിൽക്കുന്നു. കവാടത്തിലെ പേരിലൂടെ ജസ്റ്റിസ് ഫാത്തിമാ ബീവിക്കും സ്മാരകമായി. നഗരസഭാ ഭരണ സമിതിക്ക് അഭിമാനിക്കാം. നഗരത്തിന്റെ മുഖം മിനുക്കാൻ ആവുന്നതൊക്കെ അവർ ചെയ്യുന്നുണ്ട്. സോപ്പ്, ചീപ്പ് കച്ചവടം നടന്നിരുന്ന ടൗൺഹാൾ നവീകരിച്ചു. കച്ചവടം നടത്താൻ മേലാൽ ടൗൺഹാൾ വാടകയ്ക്ക് കൊടുക്കില്ലെന്ന് തീരുമാനിച്ചു. കുട്ടികളുടെ പാർക്ക് ഉഷാറാക്കി. നഗരവഴികളിലെല്ലാം പൂച്ചെടികൾ വച്ചുപിടിപ്പിച്ചു. അവ നന്നായി സംരക്ഷിക്കുന്നു. സംസ്ഥാനത്ത് ആദ്യമായി ഒരു തദ്ദേശ സ്വയം ഭരണ സ്ഥാപനം അന്താരാഷ്ട്രാ ചലച്ചിത്ര മേള ഗംഭീരമായി സംഘടിപ്പിച്ചു. ഇതൊക്കെ നിസാരമെന്ന് തോന്നാം. പക്ഷേ റോഡ് നിർമ്മാണവും കെട്ടിടം സ്ഥാപിക്കലും മാത്രമല്ല വികസനം. മനുഷ്യർക്ക് മാനസികോല്ലാസത്തിനും മാനസിക വളർച്ചയ്ക്കും ഉള്ള വക കൂടി നൽകുന്നതാണ് വികസനം. പറഞ്ഞുവന്നത് ടൗൺ സ്ക്വയറിനെക്കുറിച്ചാണ്. പണമുണ്ടെങ്കിൽ എന്ത് നിർമ്മാണം നടത്താനും എളുപ്പമാണ്. പക്ഷേ സംരക്ഷിക്കാനാണ് പാട്.
ഒട്ടുമിക്ക സർക്കാർ പദ്ധതികളുടെയും സ്ഥിതി ഇതാണ്. വലിയ തോതിൽ പ്ളാനിംഗ് നടക്കും. ആവശേത്തോടെ പദ്ധതി തുടങ്ങും. പിന്നെ അധികൃതർ കൈയൊഴിയും. കാടുകയറും. അങ്ങനെയുള്ള എത്രയോ പദ്ധതികൾ ജില്ലയിലുണ്ട്. കോടികൾ മുടക്കി മുമ്പ് ജില്ലാ പഞ്ചായത്ത് തുടങ്ങിയ ഇ ടോയ്ലറ്റ് മുതൽ നഗരത്തിൽ തന്നെയുള്ള സുബലാ പാർക്ക് വരെയുള്ള പദ്ധതികൾ. കാര്യക്ഷമമായ ആസൂത്രണമില്ലാതെ നടപ്പാക്കിയവയാണ് ഇവയൊക്കെ . ഇവയ്ക്കെല്ലാം കെങ്കേമമായി ഉദ്ഘാടനവും ഉണ്ടായിരുന്നു. സംരക്ഷണവും നവീകരണവുമില്ലാതെ പാളിപ്പോയ പദ്ധതികളുടെ പട്ടികതന്നെയുണ്ട്. അത്തരമൊരു അവസ്ഥ ടൗൺ സ്ക്വയറിന് സംഭവിക്കാൻ പാടില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |