
പത്തനംതിട്ട : ആദ്യഘട്ടം പൂർത്തിയായി നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം പത്തനംതിട്ട ജില്ലാ ജയിലിന്റെ രണ്ടാംഘട്ട നിർമ്മാണം തുടങ്ങി. ഒന്നരവർഷത്തിനുള്ളിൽ പണികൾ പൂർത്തിയാകുമെന്നാണ് അധികൃതർ പറയുന്നത്.
ഒന്നാംനില പൂർത്തിയായപ്പോൾ 5.5 കോടി രൂപ ചെലവായി. രണ്ടും മൂന്നും നിലകളുടെ നിർമ്മാണത്തിനായി 12.5 കോടി രൂപയുടെ എസ്റ്റിമേറ്റും ഒരുക്കിയിട്ടുണ്ട്. എന്നാൽ 7 കോടി രൂപ മാത്രമാണ് ശേഷിക്കുന്ന പണികൾക്കായി അനുവദിച്ചത്. ഇത് പ്രതിസന്ധിക്ക് കാരണമായി. തുടക്കത്തിൽ ആകെ 13.8 കോടി രൂപയുടെ എസ്റ്റിമേറ്റാണ് തയ്യാറാക്കിയത്. ശേഷം പദ്ധതിയുടെ പ്ലാനിൽ മാറ്റം വരുത്തേണ്ടതായി വന്നതോടെ നിർമ്മാണം നീണ്ടു.
രണ്ടാംഘട്ട നിർമ്മാണത്തിനായി എസ്റ്റിമേറ്റ് പുതുക്കി തയ്യാറാക്കിയെങ്കിലും പണം ഇല്ലാത്ത കാരണത്താൽ പണികൾ വൈകി. സാങ്കേതിക അനുമതി ലഭ്യമായി ടെൻഡർ നടപടികളിലേക്ക് നീങ്ങിയെങ്കിലും പദ്ധതി വീണ്ടും വൈകി.
2018 ൽ ജയിലിന്റെ പ്രവർത്തനം നിലച്ചു
കെട്ടിടത്തിന്റെ നിർമ്മാണത്തിനായി 2018 ആഗസ്റ്റിലാണ് കണ്ണങ്കരയിലെ ജില്ലാ ജയിലിന്റെ പ്രവർത്തനം നിറുത്തുന്നത്. തടവുകാരെ മാവേലിക്കര, കൊല്ലം, കൊട്ടാരക്കര, തിരുവനന്തപുരം ജയിലുകളിലേക്ക് മാറ്റി. ജയിൽ പ്രവർത്തനം നിറുത്തി മാസങ്ങൾക്ക് ശേഷം 2019 മാർച്ചിലാണ് പുതിയ കെട്ടിടത്തിന് തറക്കല്ലിട്ടത്. ഒന്നാംഘട്ടം പൂർത്തിയാക്കിയെങ്കിലും സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി രണ്ടാംഘട്ടത്തെ ബാധിച്ചു.
ഇരട്ട സെല്ല് 19, സിംഗിൾ 17
മൂന്ന് നിലകളിലായി 19 ഇരട്ടസെല്ലും 17 സിംഗിൾ സെല്ലുമാണുള്ളത്. ഒരു ഇരട്ട സെല്ലിൽ പത്തുപേരെയും ഒരു സിംഗിൾ സെല്ലിൽ അഞ്ചുപേരേയും പാർപ്പിക്കാം. 13 കോടതികളിൽ നിന്ന് റിമാൻഡ് ചെയ്യുന്നവരെ ഇവിടെയാണ് പാർപ്പിക്കുന്നത്.
ജയിൽ കെട്ടിടം : 82 സെന്റിൽ,
വിസ്തീർണം : 5269 സ്‌ക്വയർ മീറ്റർ.
പി.ഡബ്ല്യൂ.ഡി ബിൽഡിംഗ്‌സ് വിഭാഗത്തിനാണ് നിർമ്മാണ ചുമതല.
പുതിയ കെട്ടിടത്തിൽ 180 തടവുകാരെ ഒരേസമയം പാർപ്പിക്കാം
തലവേദനയായി മാലിന്യ സംസ്കരണം
പാറകൾ നിറഞ്ഞ പ്രദേശമായതിൽ സെപ്ടിക്ക് ടാങ്ക് സ്ഥാപിക്കാൻ കഴിഞ്ഞില്ല. ശേഷം മാലിന്യ സംസ്കരണ പ്ലാന്റ് നിർമ്മിയ്ക്കാൻ പദ്ധതിയിടുകയായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |