
പത്തനംതിട്ട: തദ്ദേശ സ്ഥാപനങ്ങളിലെ മൂന്ന് വാർഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് രണ്ട് സീറ്റിലും യു.ഡി.എഫ് ഒരു സീറ്റിലും വിജയിച്ചു. അയിരൂർ പഞ്ചായത്തിലെ തടിയൂരിൽ എൽ.ഡി.എഫിന്റെ സിറ്റിംഗ് സീറ്റ് യു.ഡി.എഫ് പിടിച്ചെടുത്തു. പുറമറ്റം പഞ്ചായത്തിലെ ഗ്യാലക്സി നഗറിലും പത്തനംതിട്ട നഗരസഭ കുമ്പഴ വാർഡിലും എൽ.ഡി.എഫ് വിജയിച്ചു.
കുമ്പഴയിൽ മൂന്ന് വോട്ടിന് സി.പി.എം വിജയം
പത്തനംതിട്ട നഗരസഭ പതിനഞ്ചാം വാർഡായ കുമ്പഴ നോർത്തിൽ സി.പി.എമ്മിലെ ബിജിമോൾ മാത്യു വിജയിച്ചത് മൂന്ന് വോട്ടിന്. കോൺഗ്രസിലെ സോബി റെജിയെ ആണ് പരാജയപ്പെടുത്തിയത്. പോൾ ചെയ്ത 620 വോട്ടുകളിൽ ബിജിമോൾക്ക് 285 വോട്ടുകൾ ലഭിച്ചു. സോബിക്ക് 282 വോട്ടുകളും. ബി.ജെ.പിയിലെ പ്രിയ സതീഷ് 53 വോട്ടുകൾ നേടി. യു.ഡി.എഫ് വിമതയായി മത്സരിച്ച് വിജയിച്ച ഇന്ദിരാമണിയമ്മയുടെ നിര്യാണത്തെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്.
ഗ്യാലക്സി നഗർ ഇടതുപക്ഷത്തേക്ക്
പുറമറ്റം ഗ്രാമപഞ്ചായത്തിലെ ഗ്യാലക്സി നഗർ (സ്ത്രീസംവരണം) വാർഡിൽ സി.പി.എമ്മിലെ ശോഭിക ഗോപി വിജയിച്ചു. കോൺഗ്രസിലെ ജോയിസ് മാത്യുവിനെ 152 വോട്ടുകൾക്കാണ് തോൽപ്പിച്ചത്. ബി.ജെ.പിയിലെ അനിമോൾക്ക് 97 വോട്ടുകൾ ലഭിച്ചു. കോൺഗ്രസ് അംഗമായിരുന്ന റേയ്ചൽ ഗോപൻ വൈസ് പ്രസിഡന്റിനെതിരായ അവിശ്വാസത്തിൽ വിപ്പ് ലംഘിച്ച് വോട്ടു ചെയ്തതിനെ തുടർന്ന് അയോഗ്യയാക്കപ്പെട്ടതിനാലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്.
തടിയൂരിൽ സി.പി.എം വാർഡ് കൈക്കലാക്കി കോൺഗ്രസ്
അയിരൂർ ഗ്രാമപഞ്ചായത്ത് തടിയൂർ 16 -ാം വാർഡിൽ യു ഡി എഫിന് അട്ടിമറി വിജയം. കോൺഗ്രസ് സ്ഥാനാർത്ഥി പ്രീത ബി നായർ 106 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചു. സി പി എം സ്ഥാനാർത്ഥി ലോണിഷ ഉല്ലാസ് 237 വോട്ടു നേടിയപ്പോൾ 343 വോട്ടു പ്രീത ബി.നായർ നേടി. ബി ജെ പിയിലെ ആശ.എസ് 97 വോട്ടുകൾ നേടി. പ്രാദേശിക നേതൃത്വവുമായുണ്ടായ അഭിപ്രായ വ്യത്യാസത്തെ തുടർന്ന് സി.പി.എം അംഗം ശ്രീജാവിമൽ രാജിവച്ചതിനെ തുടർന്നാണ് വോട്ടെടുപ്പ് വേണ്ടിവന്നത്. 30 വർഷമായി കുത്തകയാക്കി വച്ചിരുന്ന വാർഡാണ് സി പി എമ്മിന് നഷ്ടമായത്. 25 വർഷത്തിലധികം ലോക്കൽ കമ്മിറ്റിയംഗവും രണ്ടുതവണ പഞ്ചായത്തംഗവുമായിരുന്നു ശ്രീജാവിമൽ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |