
പത്തനംതിട്ട : ഗുരുവചനങ്ങളെ തെറ്റായി വ്യാഖ്യാനിച്ച് ശ്രീനാരായണ സമൂഹത്തിനെതിരെയുള്ള ആയുധമാക്കി മാറ്റുകയാണെന്ന് എസ്.എൻ.ഡി.പിയോഗം ദേവസ്വം സെക്രട്ടറി അരയക്കണ്ടി സന്തോഷ് പറഞ്ഞു. കുമ്പഴ ശ്രീനാരായണ സ്തൂപിക വാർഷികവും ശ്രീനാരായണ കൺവെൻഷനും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആവശ്യങ്ങളും അവകാശങ്ങളും ഉന്നയിക്കുമ്പോൾ ശ്രീനാരായണീയർ ജാതിപറയാമോ എന്ന ചോദ്യം ചോദിച്ച് പിൻതിരിപ്പിക്കാൻ ശ്രമിക്കുകയാണ്. ശ്രീനാരായണ ഗുരുദേവനെ സാമൂഹ്യ പരിഷ്‌കർത്താവും വിപ്ലവകാരിയുമായി ചുരുക്കാനാണ് ചിലർ ശ്രമിക്കുന്നത്. ജീവിച്ചിരുന്ന കാലത്താണ് ഗുരുവിന്റെ പഞ്ചലോഹ വിഗ്രഹം തലശ്ശേരിയിലെ ജഗന്നാഥ ക്ഷേത്രത്തിൽ പ്രതിഷ്ഠിക്കുന്നത്. ദക്ഷിണാമൂർത്തി സങ്കൽപ്പത്തിൽ തെക്കോട്ട് ദർശനമായി അറിവിന്റെ ദേവനായി പ്രതിഷ്ഠിച്ചത് ബോധാനന്ദ സ്വാമിയാണ്. ഗുരുവിന്റെ ഈശ്വരീയതയും മാഹാത്മ്യവും തലമുറകളിലേക്ക് കൈമാറാൻ ഗുരുധർമ്മം പഠിപ്പിക്കണം. സംഘടിച്ച് ശക്തരാകാൻ ആഹ്വാനം ചെയ്തത് ശ്രീനാരായണ ഗുരുവാണ്. ആർ.ശങ്കറിന് ശേഷം മന്ദീഭവിച്ച സംഘടനാപ്രവർത്തനം കേരളത്തിനകത്തും പുറത്തും വിദേശരാജ്യങ്ങളിലും യൂണിയനുകൾ രൂപീകരിച്ച് ശക്തിപ്പെടുത്തിയത് ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനാണ്. സംഘടിത സമൂഹം രാഷ്ട്രീയവും സാമൂഹികവും സാമ്പത്തികവുമായി ശക്തിപ്രാപിക്കുമ്പോൾ ഈഴവ സമൂഹം പിന്നാക്കം പോകാനുള്ള കാരണം നാം തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു.
പത്തനംതിട്ട യൂണിയൻ പ്രസിഡന്റ് കെ.പത്മകുമാർ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി ഡി.അനിൽകുമാർ, യോഗം അസി.സെക്രട്ടറി ടി.പി.സുന്ദരേശൻ, യൂണിയൻ വൈസ് പ്രസിഡന്റ് സുനിൽ മംഗലത്ത്, യോഗം ഡയറക്ടർ ബോർഡ് അംഗം സി.എൻ.വിക്രമൻ, യൂണിയൻ കൗൺസിൽ അംഗങ്ങളായ ജി.സോമനാഥൻ, പി.സലീംകുമാർ, പി.കെ.പ്രസന്നകുമാർ, പി.വി.രണേഷ്, മൈക്രോ ഫിനാൻസ് യൂണിയൻ കോ ഓർഡിനേറ്റർ കെ.ആർ.സലീലനാഥ്, വനിതാസംഘം യൂണിയൻ പ്രസിഡന്റ് ഷീലാരവി, സെക്രട്ടറി സരള പുരുഷോത്തമൻ, യൂത്ത് മൂവ്‌മെന്റ് കേന്ദ്രസമിതി ജോയിന്റ് സെക്രട്ടറി ശ്രീജു സദൻ, എംപ്ലോയീസ് ഫോറം കേന്ദ്ര സമിതി വൈസ് പ്രസിഡന്റ് സി.കെ.സജീവ് കുമാർ, യൂണിയൻ ചെയർമാൻ ഗോകുൽ കൃഷ്ണ, കൺവീനർ ആനന്ദ് പി.രാജ്, എംപ്ലോയീസ് ഫോറം യൂണിയൻ പ്രസിഡന്റ് സുധീപ്.ബി, സെക്രട്ടറി സുധീഷ്.എസ്, കുമ്പഴ ടൗൺ ശാഖാ പ്രസിഡന്റ് കെ.പി.സുമേഷ് എന്നിവർ പ്രസംഗിച്ചു. തുടർന്ന് വൈക്കം മുരളി, ഡോ.എം.എം.ബഷീർ, സൗമ്യ ഇ.ബാബു എന്നിവർ പ്രഭാഷണം നടത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |