
കോഴഞ്ചേരി : അയിരൂർ പുതിയകാവ് പടേനിയുടെ ഇരുപത്തിയാറാം ദിവസമായ ഇന്ന് അടവി അരങ്ങേറും. രാവിലെ 9ന് മരം മുറിയ്ക്കൽ, പടേനിക്കാരും കരക്കാര്യമുൾപ്പടെ ഒത്തുചേർന്ന് രാത്രിയിലെ പള്ളിപ്പാനയ്ക്കുള്ള പനക്കുറ്റിക്കുള്ള മര മുൾപ്പടെ മുറിക്കുന്ന ചടങ്ങാണിത്. തുടർന്ന് അടവിപുഴുക്ക്. വൈകിട്ട് 5ന് പകലടവി. 21 കരിക്ക് ഒരുക്കിയുള്ള പാന തയ്യാറാക്കും. തുടർന്ന് രാത്രിയിൽ പാന നടത്താനുള്ള അവകാശം പടേനിക്കാർക്ക് നെല്ലിട്ട് അനുഗ്രഹിച്ച് നല്കും. അരമണിയും കരിക്കും കൈമാറുന്നു ചടങ്ങുകൾക്ക് തെള്ളിയൂർ കൃഷ്ണൻ കാർമികത്വം വഹിക്കും. രാത്രി 9ന് ചൂട്ടുവയ്പ്പ് . ഉടുത്തുകെട്ടി താവടി നാലുനടയിലും നടക്കും. വേലകളിയുടെ സമാനമായ ഉടുത്തു കെട്ടോടെയാണ് അടവി നാളത്തെ താവടി. പിഴയ്ക്കാത്ത ചുവടുകളോടെ വടക്കേ നടയിൽ താവടി ചവിട്ടുമ്പോൾ ദേവിയും നൃത്തം ചെയ്യും എന്നാണ് വിശ്വാസം. പുലവൃത്തം ,പഞ്ചകോലങ്ങൾ , ഭൈരവി എന്നിവയുടെ അവതരണം നടക്കും. പുലവൃത്തത്തിൽ വള്ളോൻ പാട്ടുകൾ ഉൾപ്പടെ പാടി ചുവടുവയ്ക്കും. രാത്രി ഒരു മണിക്ക് പള്ളിപ്പാന. ക്ഷേത്രാങ്കണം മുഴുവൻ കാടായി മാറുന്ന മര അടവി, നിണം ബലിയർപ്പിക്കുന്ന ചൂരൽ അടവി എന്നിവ തുടർന്ന് നടക്കും. ഉടുമ്പു തുള്ളൽ ,പൂപ്പട ,കണിയാൻ പുറപ്പാട്, കോണൻ പുറപ്പാട് എന്നിവയും അരങ്ങേറും. ചൂട്ടു വലത്തോടെ അടവി ചടങ്ങുകൾ അവസാനിക്കും. 100 വർഷങ്ങൾക്കപ്പുറം നിലച്ചുപോയ അയിരൂർ പുതിയകാവ് പടേനിയുടെ വീണ്ടെടുപ്പാണ് ഇത്തവണ 28 ദിവസങ്ങളായി ക്രമീകരിച്ച ചടങ്ങുകൾ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |