SignIn
Kerala Kaumudi Online
Friday, 23 October 2026 6.48 PM IST

നാളെ കൊടിയേറും ; വല്ലഭ നാടി​ന് ഉത്സവം

utsav

തിരുവല്ല : ശ്രീവല്ലഭ മഹാക്ഷേത്രത്തിലെ ഉത്സവം മാർച്ച് 1ന് കൊടിയേറി 10ന് ആറാട്ടോടെ സമാപിക്കും. ഒന്നിന് രാവിലെ 9.45നും 10.15നും മദ്ധ്യേയുള്ള മേടം രാശി മുഹൂർത്തത്തിൽ തന്ത്രി അഗ്നിശർമ്മൻ വാസുദേവൻ ഭട്ടതിരിപ്പാട് കൊടിയേറ്റ് നിർവഹിക്കും. കൊടിയേറ്റിനുള്ള താൽക്കാലിക കൊടിമരത്തിനുള്ള മരം കാവുംഭാഗം മാലിയിൽ ഏറത്തുപുത്തൻപുരയിൽ സുമതിക്കുട്ടിയമ്മയുടെ വസതിയിൽനിന്ന് തച്ചൻ കാവുംഭാഗം ഓണന്തുരുത്തിയിൽ ടി.പി.രഘുനാഥിന്റെ കാർമികത്വത്തിൽ മുറി​ച്ച് ഘോഷയാത്രയായി ക്ഷേത്രത്തിൽ എത്തിച്ചു. ക്ഷേത്ര മൂലസ്ഥാനമായ ചംക്രോത്ത് മഠത്തിൽ ഇന്ന് 5ന് ഗണപതിഹോമവും വൈകിട്ട് 7ന് ഭഗവതിസേവയും ഉണ്ടായിരിക്കും. ദേവസ്വം ബോർഡിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് ഇത്തവണ ഉത്സവം നടത്തുന്നത്.

ഉത്സവ പരിപാടികളും വഴിപാടുകളും നടത്തുന്നതിനും സംഭാവന നൽകാനും

ദേവസ്വം ബോർഡ് ഓഫീസുമായി ബന്ധപ്പെടണം.

ഫോൺ: 79074 36559, 94000 49490.

പന്തീരായിരം വഴിപാട് നാളെ
ശ്രീവല്ലഭ ക്ഷേത്രത്തിലെ ഉത്സവത്തിനു മുന്നോടിയായുള്ള പന്തീരായിരം വഴിപാട് നാളെ നടക്കും. വഴിപാടിനായി ഭക്തജനങ്ങൾ ക്ഷേത്രത്തിൽ സമർപ്പിച്ച പടറ്റിക്കുലകൾ ഇന്നലെ തുകലശേരി മഹാദേവ ക്ഷേത്രത്തിലേക്ക് കൊണ്ടുപോയി. നാളെ രാവിലെ 5.30ന് പഴക്കുലകൾ മഹാദേവ ക്ഷേത്രത്തിൽ നിന്ന് ഘോഷയാത്രയായി ശ്രീവല്ലഭ ക്ഷേത്രത്തിലെത്തിക്കും. തുടർന്നു യോഗക്ഷേമസഭ ഉപസഭാംഗങ്ങളായ 51പേർ പടറ്റിപഴം നിവേദ്യത്തിനായി ഒരുക്കും.

ശ്രീവല്ലഭ ക്ഷേത്രത്തിന്റെ മൂലസ്ഥാനമായ ശങ്കരമംഗലത്ത് ഇല്ലത്തെ ശ്രീദേവി അന്തർജനത്തിന് ഏകാദശി പാരണ വീടാൻ എത്തിയ മഹാവിഷ്ണു അവതാരമായ ബ്രഹ്മചാരിക്ക് അന്തർജ്ജനം അന്ന് പാളയിലാണ് ആഹാരം നൽകിയത്. ആഹാരത്തോടൊപ്പം പടറ്റിപഴവും നൽകിയിരുന്നു. ഇതിന്റെ സ്മരണയ്ക്കാണ് ക്ഷേത്രത്തിലെ പ്രധാന വഴിപാടായ പടറ്റിപഴം നിവേദ്യം. വർഷംതോറും ഉത്സവത്തിന് മുന്നോടിയായി പന്തീരായിരം പടറ്റിപഴം നിവേദ്യം നടത്തിവരുന്നു. 12000 പഴമാണ് വഴിപാടിന് ആവശ്യമെങ്കിലും ഇതിന്റെ മൂന്നിരട്ടിയോളം പഴങ്ങളാണ് ഭക്തർ സമർപ്പിക്കുന്നത്. പന്തീരടിപൂജയോടനുബന്ധിച്ചാണു പന്തീരായിരം വഴിപാട് നടക്കുക. വഴിപാട് നിവേദ്യം പ്രസാദമായി ഭക്തർക്ക് നൽ‌കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL