
പത്തനംതിട്ട : മസഞ്ചിയാനോ... കേൾക്കുമ്പോൾ തോന്നുന്ന ഭീകരത അടുത്ത് കണ്ടാൽ തോന്നില്ല. അത്രയ്ക്ക് അഴകാണ് ആഫ്രിക്കയിൽ നിന്ന് കേരളത്തിലെത്തിയ ഈ ചെടിക്ക്. പൂക്കൂടകളിലെ ഹരിതസാന്നിദ്ധ്യത്തിന് കൊടുമൺ ഗ്രാമം വാസമൊരുക്കിയിരിക്കുകയാണിപ്പോൾ. പരീക്ഷണമെന്ന നിലയ്ക്ക് പഞ്ചായത്ത് തുടങ്ങിയ മസഞ്ചിയാനോ കൃഷി ഇന്ന് അതിരുകളും കടന്ന് മുന്നേറുന്നു. വിദേശ വിപണി കൂടി ലക്ഷ്യമിടുകയാണ് പഞ്ചായത്തും കർഷകരും.
പഞ്ചായത്തിലെ തരിശിടങ്ങളെല്ലാം പ്രയോജനപ്പെടുത്തിയാണ് കൃഷി. 11 ഏക്കറിലായി കഴിഞ്ഞ വർഷമാണ് തുടക്കം. കൊടുമൺ ഫാർമേഴ്‌സ് പ്രൊഡ്യൂസർ കമ്പനിയുടെ നേതൃത്വത്തിൽ 29 കർഷകർക്ക് 120 തൈകളും വളക്കിറ്റുകളും സൗജന്യമായി വിതരണം ചെയ്തു.
റബർ വിലവ്യതിയാനത്തെ തുടർന്ന് അധികവരുമാന സാദ്ധ്യത കണക്കിലെടുത്ത് ഇടവിളകൃഷിയായാണ് ഈ അലങ്കാരച്ചെടി നട്ടത്.
വരുമാനമായി ഇലകൾ
10 മുതൽ 12 മാസം വരെയാണ് ഇല പാകമാകാൻ വേണ്ടത്. ഭാഗികമായി വെയിലും തണലുമാണ് കൃഷിക്ക് അനുയോജ്യം. ജൈവ വളങ്ങൾ വളർച്ചയുടെ തോത് ഉയർത്തും. പാകമായ ഇലകൾ വെട്ടിയെടുത്ത് കഴുകി വൃത്തിയാക്കി കെട്ടുകളാക്കി കർഷകർ ഫാർമേഴ്‌സ് പ്രൊഡ്യൂസർ കമ്പനിക്ക് കൈമാറും. ഇവിടെ നിന്നാണ് വിപണിയിലെത്തിക്കുന്നത്.
ഇലകളുടെ ഗുണനിലവാരമനുസരിച്ച് ഒരു രൂപ മുതൽ ഒന്നര രൂപവരെ വില കിട്ടും. ഒരു വർഷം കഴിഞ്ഞ ചെടിയിൽ നിന്ന് അഞ്ചോ അതിൽ അധികമോ ഇലകൾ ലഭിക്കും. എട്ടാംമാസംമുതൽ ഇലകൾ എടുക്കാം. കൂടുതൽ മേഖലകളിൽ കൃഷിചെയ്യുന്നവർക്ക് തികച്ചും ലാഭമേറും. പുഷ്പാലങ്കാരങ്ങൾക്ക് പശ്ചാത്തലമായാണ് ഇലകൾ ക്രമീകരിക്കാറുള്ളത്. പച്ചയും മഞ്ഞയും ഇടകലർന്ന വർണവിന്യാസത്തിന് ഏറെ സ്വീകാര്യതയുമുണ്ട്. ബൊക്കെകളിലും വേദി അലങ്കാരങ്ങൾക്കും വിവാഹം മറ്റ് ആഘോഷവേളകളിലും നിറസാന്നിദ്ധ്യമാണ് മസഞ്ചിയാനോ.
ആവശ്യക്കാർ ഏറെയും ബാംഗ്ലൂരിലാണ്. പരിപാലിക്കാൻ എളുപ്പമുള്ള അലങ്കാര സസ്യം കൂടിയാണിത്. തണ്ട് വെട്ടിയെടുത്താണ് ഇവയുടെ പുനരുജ്ജീവനം സാദ്ധ്യമാക്കുന്നത്. വിപണിയിൽ ചലനങ്ങൾ തീർക്കുന്ന മസഞ്ചിയാനകൃഷി പഞ്ചായത്തിന്റെ വിവിധപ്രദേശങ്ങളിലേക്കും വ്യാപിപ്പിക്കാനുള്ള ഒരുക്കത്തിലാണ് പഞ്ചായത്തും കൃഷിഭവനും.
രഞ്ജിത്ത് കുമാർ
കൃഷി ഓഫീസർ
കർഷകർക്കിടയിൽ സംഘടിതകൃഷിയുടെയും വിപണനത്തിന്റെയും പുതിയ സാദ്ധ്യതകൾ കണ്ടെത്താൻ കഴിയുമെന്നപ്രതീക്ഷയിൽ എല്ലാപിന്തുണയും നൽകുകയാണെന്ന്
കെ.കെ.ശ്രീധരൻ
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |