
പത്തനംതിട്ട : കടുത്ത വേനലിൽ പമ്പയുടെ പ്രധാന പോഷക നദിയായ കക്കാട്ടാറ് ശോഷിക്കുന്നതിനാൽ വൈദ്യുതി ഉത്പാദനത്തെ സാരമായി ബാധിച്ചു. മഴയില്ലാത്തതിനാൽ മൂഴിയാറിന് കിഴക്ക് നദി അരുവി പോലെയായി. സംസ്ഥാനത്തെ രണ്ടാമത്തെ ജലവൈദ്യുത പദ്ധതിയായ ശബരിഗിരിയുടെ അണക്കെട്ടുകളിൽ നിന്ന് വൈദ്യുതി ഉത്പാദനത്തിനുശേഷം പുറന്തള്ളുന്ന വെള്ളമാണ് കക്കാട്ടാറിലൂടെ ഒഴുകുന്നതിന്റെ അറുപത് ശതമാനവും.
ശബരിഗിരിയുടെ ടെയിൽ റൈഡ് പദ്ധതിയാണ് കക്കാട്. 50 മെഗാവാട്ടാണ് ഉത്പാദന ശേഷി. കക്കാട്ടാറിൽ ജലനിരപ്പ് താഴ്ന്നത് മൂഴിയാറിലെ കക്കാട് പദ്ധതിയുടെ ഡാമിലെ ജലനിരപ്പ് പകുതിയാകാൻ കാരണമായി. സീതത്തോട്ടിലെ കക്കാട് പൗവർ ഹൗസിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഒരു ജനറേറ്റർ മാത്രമാണ് പ്രവർത്തിക്കുന്നത്. അതോടെ ഉത്പാദനശേഷി 25 മെഗാവാട്ടായി കുറഞ്ഞു. ഇത് താഴെയുള്ള ചെറുകിട ജല വൈദ്യുത പദ്ധതികൾക്കും പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. ഏഴ് മെഗാവാട്ട് ശേഷിയുള്ള സ്വകാര്യ വൈദ്യുതി നിലയമായ അള്ളുങ്കലിൽ വൈകുന്നേരം മാത്രമായി ഉത്പാദനം കുറച്ചു. കാരിക്കയം പദ്ധതിയുടെ ജലസംഭരണിയും വറ്റുകയാണ്. 15 മെഗാവാട്ടാണ് ശേഷിയെങ്കിലും പൂർണ തോതിൽ വൈദ്യുതി ഉത്പാദനമില്ല. പി.ഐ. പി യുടെ മണിയാർ ഡാമിലും ജലനിരപ്പ് താഴ്ന്നു. വെള്ളത്തിന്റെ നല്ലൊരു ശതമാനം പമ്പാ ഇറിഗേഷൻ പദ്ധതിയുടെ കനാലിലൂടെ കൃഷി ആവശ്യത്തിന് ഒഴുകുന്നു. മണിയാർ ഡാമിലെ വെള്ളം ഉപയോഗിച്ച് പ്രവർത്തിക്കുന്ന കാർബോറാണ്ടം യൂണിവേഴ്സ് 7.5 മെഗാവാട്ട് ശേഷിയുള്ള സ്വകാര്യ വൈദ്യുതി നിലയത്തിൽ പ്രവർത്തനം വൈകുന്നേരം മാത്രമായി കുറഞ്ഞു.
താഴേക്കുള്ള ജലപ്രവാഹം കുറഞ്ഞതിനാൽ 4 മെഗാവാട്ട് മാത്രം ശേഷിയുള്ള കെ.എസ്.ഇ.ബി യുടെ പെരുനാട് വൈദ്യുതി നിലയവും പൂർണ തോതിൽ പ്രവർത്തിപ്പിക്കാൻ കഴിയുന്നില്ല.
വേനൽ മഴ കാത്ത്
മാർച്ച് പകുതിയാകുമ്പോൾ വേനൽ മഴ ശക്തമാകുമെന്നാണ് പ്രതീക്ഷ. ഇത് ഏപ്രിൽ 20 വരെ തുടരുമെന്ന് കലാവസ്ഥാകേന്ദ്രം പറയുന്നു. മഴയുടെ അളവ് മുൻ വർഷങ്ങളിലേതുപോലെ ലഭിക്കുമെന്നാണ് കരുതുന്നത്.
കക്കാട് പവർ ഹൗസിൽ ഉത്പാദനം പകുതിയായി, അള്ളുങ്കൽ, കാരിക്കയം, മണിയാർ, പെരുനാട് പദ്ധതികളിലും ഉത്പാദനം കുറയുന്നു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |