SignIn
Kerala Kaumudi Online
Friday, 23 October 2026 12.42 PM IST

പാടത്ത് പൊന്ന്  വിളഞ്ഞു ; അപ്പർകുട്ടനാട്ടിൽ ഇനി കൊയ്ത്തുകാലം 

padam

തിരുവല്ല : സംസ്ഥാനത്തെ പ്രധാന നെല്ലറയായ അപ്പർകുട്ടനാട്ടിൽ കൊയ്ത്തുകാലത്തിന് തുടക്കമായി. നോക്കെത്താദൂരത്ത് സ്വർണനിറത്തിൽ പാടത്താകെ കർഷകരുടെ സ്വപ്നം വിളഞ്ഞുനിൽക്കുകയാണ്.പെരിങ്ങര,നെടുമ്പ്രം,നിരണം,കടപ്ര,കുറ്റൂർ,കവിയൂർ പഞ്ചായത്തുകളിൽ 3,000 ഹെക്ടറിലായി വ്യാപിച്ചുകിടക്കുന്ന പാടശേഖരങ്ങളിലെ ഈ സീസണിലെ ആദ്യകൊയ്ത്ത് ഉത്സവം പെരിങ്ങര പഞ്ചായത്തിലെ മേപ്രാൽ പടവിനകം ബി പാടശേഖരത്തിലാണ് നടന്നത്. 52കർഷകർ ചേർന്ന് 113 ഏക്കറിലാണ് ഇവിടെ കൃഷിയിറക്കിയത്. ജ്യോതി നെൽവിത്താണ് വിളവെടുത്തത്.

പ്രദേശത്തെ നിരവധി പാടശേഖരങ്ങളിൽ കനത്തമഴയെ തുടർന്ന് മടവീഴ്ചമൂലം കൃഷിനാശം സംഭവിച്ചിരുന്നു. ഈ പാടശേഖരങ്ങളിൽ വീണ്ടും വിതച്ച നെൽച്ചെടികൾ കതിരണിഞ്ഞതേയുള്ളൂ. കൂടാതെ മുളയ്ക്കാത്ത നെൽവിത്ത് കാരണം മറ്റിടങ്ങളിൽ വിത്തിറക്കാൻ വൈകി. മണ്ണുത്തിയിൽ നിന്ന് രണ്ടാമത് എത്തിച്ച വിത്താണ് ഭൂരിഭാഗം പാടശേഖരങ്ങളിലും വിതച്ചത്. പടിവനകം എ, കൂരച്ചാൽ, മാണിക്കത്തടി, വേങ്ങൽ പാടശേഖരങ്ങളിൽ 15 ദിവസത്തിനുളളിൽ കൊയ്ത്ത് തുടങ്ങും.പാണാകേരിയിൽ മടവീഴ്ച ബാധിക്കാത്ത ഭാഗത്തും അടുത്ത ആഴ്ചയോടെ വിളവെടുപ്പ് ആരംഭിക്കാനാകും. ചാത്തങ്കരി, കോടങ്കരി, വളവനാരി തുടങ്ങിയ പാടങ്ങളും കതിരണിഞ്ഞു. മേപ്രാൽ പടവിനകം ബി പാടശേഖരത്തിൽ നടന്ന കൊയ്ത്തുത്സവത്തിൽ പുളിക്കീഴ് ബ്ലോക്ക് പ്രസിഡന്റ് അനു സി.കെ, വൈസ് പ്രസിഡന്റ് സോമൻ താമരച്ചാലിൽ, പഞ്ചായത്ത് പ്രസിഡന്റ് എബ്രഹാം തോമസ്, പാടശേഖര സമിതി പ്രസിഡന്റ് ചെല്ലപ്പൻ പെരുന്നിലത്തിൽ, സെക്രട്ടറി രാജൻ കോലത്ത്, കൃഷി ഓഫിസർ അഞ്ജുമറിയം ജോസഫ്, സാം ഈപ്പൻ, സി.കെ.പൊന്നപ്പൻ, മനോജ് വെട്ടിക്കൽ എന്നിവർ പങ്കെടുത്തു.

നാട്ടിൽ കൊയ്ത്തുയന്ത്രമില്ല


തമിഴ്നാട്ടിൽ നിന്നെത്തിച്ച കൊയ്ത്തുയന്ത്രങ്ങളാണ് കൊയ്ത്ത് നടത്തുന്നത്. നാട്ടിൽ കൊയ്ത്തുയന്ത്രം കിട്ടാത്തതിന്റെ പ്രശ്‌നങ്ങൾ ഇത്തവണയും കർഷകർ അഭിമുഖീകരിക്കുന്നുണ്ട്. കൃഷിവകുപ്പിന്റെ കീഴിൽ കാവുംഭാഗത്ത് പ്രവർത്തിക്കുന്ന അഗ്രോ സെന്ററിൽ കൊയ്ത്ത് യന്ത്രങ്ങളില്ല. അതിനാൽ ഇടനിലക്കാർ മുഖേന തമിഴ്നാട് അടക്കമുള്ള ഇതര സംസ്ഥാനങ്ങളിൽ നിന്നുമാണ് കൊയ്ത്തുയന്ത്രങ്ങൾ എത്തിക്കുന്നത്. ഇത് കൂലി ചെലവ് വർദ്ധിക്കാൻ ഇടയാക്കുന്നതായി കർഷകർ പറയുന്നു. മണിക്കൂറിന് 2000 രൂപയാണ് കൂലി. ആറ് കൊയ്ത്തു യന്ത്രങ്ങളാണ് പടവിനകം പാടത്ത് കൊയ്യാനിറങ്ങിയത്. ഒരാഴ്ചയ്ക്കുള്ളിൽ കൊയ്ത്ത് പൂർത്തിയാക്കാമെന്ന് പ്രതീക്ഷിക്കുന്നു.

ആദ്യം വിതച്ചു, ആദ്യം കൊയ്ത്തു
ഏറെക്കാലത്തിനുശേഷം ഫെബ്രുവരിയിൽ നെൽകൃഷി വിളവെടുക്കാനായത് കർഷക കൂട്ടായ്മയുടെ വിജയമാണ്. തിരുവോണത്തിന് നിലംഒരുക്കൽ തുടങ്ങി, ദീപാവലിക്ക് വിത്തുവിതച്ചു, 120 -ാം ദിവസം കൊയ്ത്ത് തുടങ്ങി. സാധാരണ നവംബർ ആദ്യംവിതച്ച് മാർച്ച് അവസാനമാണ് കൊയ്യുന്നത്. ഇക്കുറി ഒരുമാസം മുമ്പ് വിതച്ചു. വേനൽമഴ കുറഞ്ഞതും കർഷകർക്ക് ഗുണമായി.

-------------

" കാലാവസ്ഥ വ്യതിയാനത്തിന് അനുസരിച്ച് ഒക്ടോബർ മാസത്തിൽ കൃഷിയിറക്കിയതാണ് വിജയം.ഇതേരീതി മറ്റ് പാടശേഖര സമിതികളും പിന്തുടർന്നാൽ വേനൽമഴമൂലമുള്ള കൃഷിനാശം ഒഴിവാക്കാനാകും."


പ്രസാദ് കറുകയിൽ
പടവിനകം പാടശേഖരസമിതി കൺവീനർ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL