SignIn
Kerala Kaumudi Online
Friday, 23 October 2026 12.04 PM IST

കൊടുംവേനലിൽ കാട്ടുതീ ഭീഷണി

fire

കോന്നി: കൊടുംവേനലിൽ കാട്ടുതീ ഭീഷണിയിലാണ് ജില്ലയിലെ കിഴക്കൻ വനമേഖല. ഉൾവനങ്ങളും വനാന്തരഗ്രാമങ്ങളും തീപിടിത്ത ഭീഷണിയിലാണ്. ഇത്തവണ നേരത്തെതന്നെ വേനലിന്റെ കാഠിന്യം ഇരട്ടിയായിട്ടുണ്ട് കാട്ടുതീ തടയാൻ ഫയർ ബ്രേക്ക്, ഫയർ ഗ്യാങ്, വാച്ചർമാരുടെ നിരീക്ഷണം എന്നിവ നടക്കുന്നുണ്ട്.

പ്ലാന്റേഷൻ തോട്ടങ്ങളിൽ ഉൾപ്പെടെ തീപിടിക്കുമ്പോൾ ഇത് സമീപവനമേഖലയിലേക്ക് വ്യാപിക്കുന്നത് തടയാൻ കഴിയാറില്ല. ഉൾവനങ്ങളിൽ കാട്ടുതീ പടർന്നുപിടിക്കുമ്പോൾ വന്യമൃഗങ്ങൾ കൂട്ടത്തോടെ നാട്ടിലിറങ്ങുന്നതും വനാന്തരഗ്രാമവാസികളുടെ ജീവിതത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. തണ്ണിത്തോട്, മേടപ്പാറ, തേക്കുതോട്, കടവുപുഴ, തൂമ്പാക്കുളം, അതുമ്പുംകുളം ഞള്ളൂർ, കല്ലേലി വയക്കര, കൊക്കാത്തോട്, നീരാമക്കുളം, അച്ചൻകോവിൽ റോഡ്, പാടം, പോത്തുപാറ, കുളത്തുമൺ മേഖലകൾ കാട്ടുതീ ഭീഷണി നേരിടുന്നു. റബർ തോട്ടങ്ങളിലെയും മലമടക്കുകളിലേയും പാറകളിലേയും പുല്ലിന് തീ പിടിക്കുന്നുണ്ട്. തീ പടരുന്നത് മൂലം വൻ ദുരന്ത സാദ്ധ്യതയുള്ള പ്ലാന്റേഷൻ തോട്ടങ്ങളിൽ ഉൾപ്പെടെ ഫയർ ലൈൻ തെളിക്കുന്ന ജോലികൾ ഇത്തവണ വൈകിയാണ് തുടങ്ങിയത്.

വലിയ അഗ്നിബാധയുണ്ടായാൽ അതിവേഗത്തിൽ ഫയർ വാഹനങ്ങളിൽ വെള്ളം നിറയ്ക്കാനുള്ള സംവിധാനത്തിന്റെ കുറവും പ്രശ്നമായി മാറാറുണ്ട്. ജല അതോറിറ്റിയുടെ പൈപ്പിലൂടെയെത്തുന്ന വെള്ളം ടാങ്കറുകളിൽ നിറച്ച് സൂക്ഷിക്കുകയാണ് പതിവ്. വൻ തീപിടിത്തമാണ് ഉണ്ടാകുന്നതെങ്കിൽ ഇങ്ങനെ വെള്ളം നിറച്ച് അപകടസ്ഥലത്ത് എത്തുമ്പോഴേക്കും എല്ലാം കഴിയും. ഇത്തരം ദുരന്തങ്ങൾ അതിജീവിക്കാനായി 24 മണിക്കൂറും ജല ലഭ്യത ഉറപ്പാക്കാൻ വാട്ടർ ഹൈഡ്രന്റുകൾ സ്ഥാപിക്കണം എന്നാണ് മലയോര നിവാസികളുടെ ആവശ്യം.

ജാഗ്രതയോടെ വനംവകുപ്പ്

ജില്ലയിൽ കോന്നി, റാന്നി വനം ഡിവിഷനുകളാണുള്ളത്. വേനലിന്റെ തുടക്കത്തിൽത്തന്നെ കാട്ടുതീ പ്രതിരോധത്തിന് വനംവകുപ്പ് സജ്ജമാകും. കാട്ടുതീ തടയാൻ വനംവകുപ്പ് മൂന്ന് പദ്ധതികളാണ് നടപ്പാക്കുന്നത്.

1. ഫയർ ബ്രേക്ക്

വനാതിർത്തികളിൽ കരിയിലകളും തീ പിടിക്കാൻ സാദ്ധ്യതയുള്ള വസ്തുക്കളും നീക്കംചെയ്ത് ഫയർലൈൻ എടുക്കുന്നതാണ്‌ ഫയർ ബ്രേക്ക്.

2. ഫയർ ഗ്യാങ്.

വന സംരക്ഷണ സമിതി അംഗങ്ങളെ ഉൾപ്പെടുത്തിയുള്ള പ്രതിരോധമാണ് ഫയർ ഗ്യാങ്.

3.വാച്ചർമാരുടെ നിരീക്ഷണം

വനാതിർത്തികളും വനമേഖലയും വനംവകുപ്പ് വാച്ചർമാർ സജീവമായി നീരീക്ഷിച്ചുകൊണ്ടിരിക്കും.

-------------------

"കോന്നി വനം ഡിവിഷനിൽ കാട്ടുതീ പ്രതിരോധ പ്രവർത്തനങ്ങൾ വനം വകുപ്പിന്റെ നേതൃത്വത്തിൽ നടക്കുന്നു. "

ആയുഷ് കുമാർ കോറി (ഡി എഫ് ഒ കോന്നി )

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL