
പ്രമാടം : അപകട ഭീഷണിയായി മാറിയ മറൂർ കരോട്ട് പടിയിലെ ഉപയോഗ ശൂന്യമായ ട്രാൻസ് ഫോർമറിന്റെ സംരക്ഷണ വേലിയിലെ കാട് തെളിച്ച് വൃത്തിയാക്കി. റിഫ്ളക്ടറുകൾ പുതുക്കി സ്ഥാപിച്ചു.തിരക്കേറിയ പൂങ്കാവ് - പ്രമാടം - പത്തനംതിട്ട റോഡിലെ മറൂർ കരോട്ടുപടിയിലെ കെ.എസ്.ഇ.ബിയുടെ ഉപയോഗശൂന്യമായ കമ്പിവേലിയിൽ കാടുമൂടി കിടക്കുന്നത് അപകട ഭീഷണിയായി മാറിയത് ചൂണ്ടിക്കാട്ടി കേരള കൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതേ തുടർന്നാണ് നടപടി. ഉപയോഗ ശൂന്യമായ ട്രാൻസ് ഫോർമറിന്റെ സംരക്ഷണവേലി നീക്കം ചെയ്യാനും നടപടി തുടങ്ങിയിട്ടുണ്ട്.
റോഡിലേക്ക് തള്ളിനിൽക്കുന്ന വേലിയിൽ മാസങ്ങളായി വള്ളിപ്പടർപ്പുകൾമൂടിയ നിലയിലായിരുന്നു വാഹനങ്ങൾക്ക് സൈഡ് കൊടുക്കുമ്പോഴും മറ്റും ഈ കമ്പിവേലിയിൽ തട്ടി അപകടങ്ങൾ ഉണ്ടാകുന്നത് പതിവായിരുന്നു. യാത്രക്കാർക്ക് ഭീഷണിയായ സംരക്ഷണവേലി പൊളിച്ചുമാറ്റണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികൾ കെ.എസ്.ഇ.ബി പത്തനംതിട്ട, കുമ്പഴ സെക്ഷൻ അധികൃതർക്ക് പരാതി നൽകിയിരുന്നെങ്കിലും നടപടി ഉണ്ടായില്ല . തുടർന്നാണ് കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചത്. വെള്ളപ്പൊക്ക ഭീഷണിയെ തുടർന്നാണ് കരോട്ടുപടിയിൽ ഉണ്ടായിരുന്ന ട്രാൻസ്ഫോർമർ രണ്ട് വർഷം മുമ്പ് മാറ്റിസ്ഥാപിച്ചത്. അച്ചൻകോവിലാർ കരകവിയുമ്പോൾ മറൂർ കരോട്ടുപടിയിൽ വെള്ളം കയറാറുണ്ട്. ദിവസങ്ങളോളം റോഡിൽ വെള്ളം കെട്ടിനിൽക്കുന്നതിനാൽ വൈദ്യുതി ബന്ധവും തടസപ്പെടുമായിരുന്നു. പലപ്പോഴും ദിവസങ്ങളോളം ട്രാൻസ്ഫോർമർ ചാർജ്ജ് ചെയ്യാൻ കഴിയാത്ത അവസ്ഥയും ഉണ്ടായിരുന്നു. ഇതേ തുടർന്നാണ് ഇവിടെ ഉണ്ടായിരുന്ന ട്രാൻസ്ഫോർമർ സുരക്ഷിതമായ മറ്റൊരു സ്ഥലത്തേക്ക് മാറ്റി സ്ഥാപിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |