
കോന്നി: തിരുവനന്തപുരം – അങ്കമാലി ഗ്രീൻഫീൽഡ് ഹൈവേ (എൻഎച്ച് 183) പദ്ധതി കേന്ദ്രം ഉപേക്ഷിച്ചത് ജില്ലയുടെ കിഴക്കൻ മലയോര മേഖലയ്ക്ക് നഷ്ടമായി.ദേശീയപാത അതോറിറ്റി പ്രഖ്യാപിച്ച പദ്ധതി കിഴക്കൻ മലയോര മേഖലയിൽ വികസനം ഉറപ്പാക്കുമെന്നായിരുന്നു പ്രതീക്ഷ. നിർദ്ദിഷ്ട കോന്നി ബൈപ്പാസ് നടപ്പാകാനും കോന്നി ടൗണിലെ ഗതാഗതക്കുരുക്കിന് പരിഹാരമുണ്ടാകാനും ഗ്രീൻഫീൽഡ് ഹൈവേയിലൂടെ കഴിയുമായിരുന്നു. പ്രാരംഭ പ്രവർത്തനങ്ങൾ സജീവമായി മുന്നോട്ടുപോയ പദ്ധതി തത്കാലം പരിഗണനയിലില്ലെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയാണ് പാർലമെന്റിൽ പ്രഖ്യാപിച്ചത്. എന്നാൽ സംസ്ഥാനത്തെ യുഡിഎഫ് എംപിമാരുമായി നടത്തിയ ചർച്ചയിൽ പദ്ധതി ഒഴിവാക്കില്ലെന്ന് കേന്ദ്രമന്ത്രി ഉറപ്പുനൽകിയതായി ആന്റോ ആന്റണി എം പി പറയുന്നു. രണ്ടുതവണ അലൈൻമെന്റ് മാറ്റിയ പദ്ധതിയെ ആദ്യം സാമ്പത്തിക ഇടനാഴികൾക്കു വേണ്ടിയുള്ള ഭാരത്മാല പദ്ധതിയിൽനിന്ന് ഒഴിവാക്കി ദേശീയപാത അതോറിറ്റിയുടെ തനത് പദ്ധതിയായി നടപ്പാക്കുമെന്നും പറഞ്ഞിരുന്നു.
മദ്ധ്യകേരളത്തിലെ ജില്ലകളെ തലസ്ഥാനവുമായി ബന്ധിപ്പിക്കുന്ന നാലുവരി പാതയായ ഗ്രീൻഫീൽഡ് ഹൈവേയ്ക്ക് പാരിസ്ഥിതിക അനുമതി നേരത്തെ ലഭിച്ചിരുന്നു. എം.സി റോഡിന് സമാന്തരമായി തിരുവനന്തപുരം മുതൽ അങ്കമാലി വരെ 45 മീറ്റർ വീതിയിലാണ് പാത വിഭാവനം ചെയ്തത് . തിരുവനന്തപുരം പുളിമാത്തുനിന്ന് ആരംഭിച്ച് അങ്കമാലിയിൽ എത്തുന്ന നിർദ്ദിഷ്ട പാതയ്ക് 257 കിലോമീറ്റർ ദൂരമുണ്ട്. പുളിമാത്ത്, നെടുമങ്ങാട്, കൊട്ടാരക്കര, പുനലൂർ, പത്തനാപുരം, കോന്നി, റാന്നി താലൂക്ക് വഴിയാണ് പാത കോട്ടയം ജില്ലയിൽ പ്രവേശിക്കുന്നത്.
നഷ്ടം കോന്നിക്കും റാന്നിക്കും
പത്തനാപുരം ഭാഗത്തുനിന്ന് നിലവിലെ പുനലൂർ-മൂവാറ്റുപുഴ സംസ്ഥാനപാതയിലൂടെ വകയാർ കൊല്ലൻപടിക്ക് സമീപമെത്തി അരുവാപ്പുലം വില്ലേജിലെ എള്ളാംകാവ് ക്ഷേത്രത്തിന് സമീപത്തുകൂടി പരുത്തി, മാളാപാറ, മുളന്തറ, മാവനാൽ, ആനകുത്തി, സി.എഫ്.ആർ.ഡി, മെഡിക്കൽ കോളേജ് എന്നിവയുടെ സമീപത്തുകൂടി പയ്യനാമൺ തവളപ്പാറ വഴി പയ്യനാമണ്ണിലെ പഴയ പോസ്റ്റ് ഓഫിസിന് സമീപമെത്തും. കൊന്നപ്പാറ, ചെമ്മാനി എസ്റ്റേറ്റ്, ചെങ്ങറ ചിറത്തിട്ട ജംഗ്ഷൻ ഹാരിസൺ മലയാളം പ്ലാന്റേഷൻ കുമ്പഴത്തോട്ടം, പുതുക്കുളം, തലച്ചിറ വഴി വടശേരിക്കരയിലും പമ്പാനദി കടന്ന് ചെറുകുളഞ്ഞി വഴി റാന്നിയിലേക്കും തുടർന്ന് മന്ദമരുതി വഴി മക്കപ്പുഴ, എരുമേലി വഴി കോട്ടയം ഭാഗത്തേക്ക് കടന്നു പോകുന്ന രീതിയിലായിരുന്നു പദ്ധതിയുടെ അലൈൻമെന്റ് .
@ മദ്ധ്യകേരളത്തിലെ ജില്ലകളെ തലസ്ഥാനവുമായി ബന്ധിപ്പിക്കുന്ന പാത
257 കിലോമീറ്റർ ദൂരം
45 മീറ്റർ വീതി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |