
പത്തനംതിട്ട : ഫിറ്റ്നസ് സർട്ടിഫിക്കറ്റില്ലാത്ത കെട്ടിടം, വിണ്ടുകീറിയ കോൺക്രീറ്റ് ബീമുകൾ, ഇളകി വീഴുന്ന മേൽക്കൂര, നാല് കമ്പ്യൂട്ടറും ഫാനും ഒരുമിച്ച് പ്രവർത്തിച്ചാൽ നിലയ്ക്കുന്ന വൈദ്യുതി, അസഹനീയമായ ചൂടും പൊടിയും. 2008 ൽ ഏറെ കൊട്ടിഘോഷിച്ച് ഇലവുംതിട്ട കവലയിൽ തുടങ്ങിയ മെഴുവേലി ഗവ.വനിതാ ഐ.ടി.എയുടെ ഇന്നത്തെ അവസ്ഥയാണിത്. പ്രാണഭയത്തോടെ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യേണ്ടിവരുന്ന നിസാഹയത ഇവിടെ കാണാനാകും. ഒരു വർഷത്തെ കോഴ്സായ ഫാഷൻ ഡിസൈനിംഗിനും രണ്ടുവർഷ കോഴ്സായ ഡ്രാഫ്റ്റ് മാൻ സിവിൽ എൻജിനിയറിംഗിനും രണ്ടു ബാച്ചിലുമായി 86 വിദ്യാർത്ഥിനികൾ ഇവിടെ പഠിക്കുന്നു. തുടക്കകാലത്ത് കൂടുതൽ വിദ്യാർത്ഥിനികൾ ഉണ്ടായിരുന്നെങ്കിലും വാഹന സൗകര്യമില്ലാത്തതും ക്ലാസ് മുറികളുടെ ശോച്യാവസ്ഥയും കാരണം പലരും പാതിവഴിയിൽ പഠനം ഉപേക്ഷിച്ചു.
ഐ.ടി.ഐ ഇരുനിലകളിലായി
ഒന്നാംനിലയിൽ ലാബും ഓഫീസ് മുറിയും പ്രിൻസിപ്പലിന്റെ ഓഫീസും.
അദ്ധ്യാപകരും അനദ്ധ്യാപകരും ഓഫീസ് സ്റ്റാഫും ഉൾപ്പടെ 19 പേർ കുടുസുമുറിയിൽ തിങ്ങിനിറഞ്ഞിരിക്കുന്നു.
രണ്ടാംനിലയിൽ ടിൻഷീറ്റ് മേഞ്ഞ മേൽക്കൂരയ്ക്ക് താഴെ രണ്ടുക്ലാസ് മുറികളും രണ്ടുപരിശീലന മുറിയും ആഹാരം കഴിക്കാനുള്ള ഇടവും സ്റ്റോർറൂമും ശുചിമുറികളും ഒരുക്കിയിരിക്കുന്നു. സിമിന്റെ കട്ടകളും ഇരുമ്പ് നെറ്റും ഉപയോഗിച്ചാണ് ക്ലാസ് മുറികൾ വേർതിരിച്ചിരിക്കുന്നത്. മേൽക്കൂരയോട് ചേർന്നുള്ള കുടിവെള്ള ടാങ്ക് സ്ഥാപിച്ചശേഷം ഇതുവരെ വൃത്തിയാക്കിയിട്ടില്ല.
ഒട്ടും സുരക്ഷിതമല്ലാത്ത അന്തരീക്ഷമാണ് ഐ.ടി.ഐയുടെത്. വാടക കെട്ടിടമായതിനാൽ അറ്റകുറ്റപണികൾ നടത്താൻ കഴിയുന്നില്ല. സ്ഥലം ലഭ്യമായാൽ ഐ.ടി.ഐയ്ക്ക് സ്വന്തം ഫണ്ടുപയോഗിച്ച് കെട്ടിടങ്ങൾ നിർമ്മിക്കാനും പഠനാവിശ്യത്തിനുള്ള സംവിധാനം ഒരുക്കാനും കഴിയും.
ഐ.ടി.ഐ അധികൃതർ
ഗവ.വനിതാ ഐ.ടി.ഐയുടെ ശോച്യാവസ്ഥ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇപ്പോഴുള്ള കെട്ടിടം ജീർണാവസ്ഥയിലാണ്. ഐ.ടി.ഐയ്ക്ക് സ്വന്തമായി 1.11 ഏക്കർ സ്ഥലം ലഭ്യമാക്കിയിട്ടുണ്ട്. ഇവിടേക്ക് എത്തുവാനുള്ള അഞ്ചുമീറ്റർ വഴി ആറുമീറ്ററാക്കാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്. രണ്ടാഴ്ചയ്ക്കുള്ളിൽ നടപടികൾ പൂർത്തിയാകുമെന്നാണ് പ്രതീക്ഷ.
പിങ്കി ശ്രീധർ, പ്രസിഡന്റ്
മെഴുവേലി ഗ്രാമപഞ്ചായത്ത്.
പ്രിൻസിപ്പലിനും രക്ഷയില്ല
പ്രിൻസിപ്പൽ ഒാഫീസിന്റെ കോൺക്രീറ്റ് മേൽക്കൂര ഏത് നിമിഷവും നിലംപൊത്താറായ നിലയിലാണ്. കോൺക്രീറ്റ് പാളികൾ തലയിൽ വീഴാതിരിക്കാൻ ഇരുമ്പ് പൈപ്പുകളും പ്ലൈവുഡും ഉപയോഗിച്ച് പ്രിൻസിപ്പൽ ചെയറിന്റെ മുകളിലായി സുരക്ഷാ കവചമൊരുക്കിയിരിക്കുന്നത് ഇവിടെ കാണാനാകും. ഭാരംതാങ്ങാൻ കഴിയാതെ മുറിയിലെ കോൺക്രീറ്റ് ബീം വിള്ളൽ വീണ നിലയിലുമാണ്.
ജില്ലയിലെ ഏക വനിത ഐ.ടി.ഐ,
പഠിക്കുന്നത് 86 വിദ്യാർത്ഥിനികൾ
ജീവനക്കാർ : 19
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |