SignIn
Kerala Kaumudi Online
Friday, 23 October 2026 3.32 AM IST

ക്ഷേത്ര ഉത്സവ എഴുന്നെള്ളിപ്പ്, ബോർഡിന് തലവേദനയായി ആനക്കാര്യം

ele

പത്തനംതിട്ട : ക്ഷേത്രങ്ങളിൽ ഉത്സവസീസൺ ആരംഭിച്ചതോടെ ആന എഴുന്നെള്ളിപ്പിന് ആവശ്യമായ ഗജവീരന്മാരെ ലഭ്യമാക്കാനാകാതെ തിരുവിതാംകൂർ ദേവസ്വം ബോർഡ്. ബോർഡിന്റെ കീഴിലുള്ള 1252 ക്ഷേത്രങ്ങളിൽ ഭൂരിപക്ഷമിടത്തും ഉത്സവത്തിനും പറയ്ക്കെഴുന്നള്ളത്തിനും ആനകളെ ആവശ്യമാണ്. എന്നാൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഉടമസ്ഥതയിൽ 17 ആനകൾ മാത്രമാണുള്ളത്. ശബരിമല ക്ഷേത്രം, മലയാലപ്പുഴ ദേവീക്ഷേത്രം, ആറന്മുള പാർത്ഥ സാരഥി ക്ഷേത്രം, തിരുവല്ല ശ്രീവല്ലഭക്ഷേത്രം എന്നീ മഹാക്ഷേത്രങ്ങൾ ഉൾപ്പടെ 200ലധികം ക്ഷേത്രങ്ങളുള്ള പത്തനംതിട്ട ഡിവിഷനിൽ 5 കൊമ്പനും ഒരു പിടിയുമുൾപ്പടെ 6 ആനകൾ മാത്രമാണുള്ളത്. ഇതിൽ നാലെണ്ണത്തിനും മദപ്പാട് കണ്ടെത്തിയതോടെ ഇപ്പോൾ ക്ഷേത്ര ആവശ്യങ്ങൾക്ക് തിരുവല്ല ജയരാജനും വെളിയനല്ലൂർ മണികണ്ഠനും മാത്രമാണുള്ളത്.

പ്രധാന ക്ഷേത്രങ്ങളിലെ ഉത്സവത്തിന് ആവശ്യത്തിന് ആനകളെ ലഭിക്കാതായതോടെ കരക്കാരും ക്ഷേത്ര ഉപദേശക സമിതി ഭാരവാഹികളും ദേവസ്വം ഉദ്യോഗസ്ഥരുമായി വാക്കേറ്റവും കൈയേറ്റവും പതിവാണ്.
ദേവസ്വം ആനകളെ ലഭ്യമല്ലാത്ത ക്ഷേത്രങ്ങളിൽ എഴുന്നെള്ളത്തിന് ആവശ്യമായ ആനകളെ ക്ഷേത്ര ഉപദേശക സമിതി നേരിട്ട് കണ്ടെത്തണമെന്നാണ് തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നിർദ്ദേശം. ഇതിനായി ഒരു ആനയ്ക്ക് 20000 രൂപ പ്രതിദിനം ദേവസ്വം ബോർഡ് നൽകും. ബാക്കി തുക കണ്ടെത്താൻ ഉപദേശക സമിതിക്ക് കൂപ്പണുകളിൽ സീൽ പതിച്ച് നൽകുകയാണ് ചെയ്യുന്നത്. പേരുകേട്ട ആനകൾക്ക് 50,000 രൂപ മുതൽ ലക്ഷങ്ങളാണ് നിത്യേനയുള്ള വാടക.

പ്രധാന പ്രതിസന്ധി

ആനയെഴുന്നള്ളത്തിനുള്ള നിയമങ്ങൾ കർശനമാക്കിയതും ആനകളുടെ എണ്ണത്തിലുള്ള കുറവും മദപ്പാടും ആനപ്രേമി സംഘങ്ങളുടെ ഇടപെടലുമാണ് പ്രതിസന്ധിക്കുകാരണം.

ബഥൽ മാർഗ്ഗങ്ങൾ തേടും : ദേവസ്വം ബോർഡ്

ഉത്സവകാലയളവിൽ ഭൂരിപക്ഷം ആനകൾക്കും നീരുവീക്കം ഉണ്ടാകുന്നതിൽ അസ്വാഭാവികത യുള്ളതായി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത്, അംഗം അഡ്വ. എ.അജികുമാർ എന്നിവർ പറഞ്ഞു. ഇതേപ്പറ്റി വിശദമായ പരിശോധന ആവശ്യമാണ്. ആദ്യഘട്ടത്തിൽ വെറ്റിനറി ഡോക്ടർമാരുടെയും ദേവസ്വം പാപ്പാൻ മാരുടെയും യോഗം ചേരും. എഴുന്നെള്ളത്തിന് ആനയെ കൂടാതെ ബഥൽ മാർഗങ്ങൾ കണ്ടെത്തുന്നതിനെപ്പറ്റിയും ബോർഡ് ആലോചിക്കുന്നുണ്ട്.

തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ക്ഷേത്രങ്ങൾ - 1252

സ്വയം പര്യാപ്തമായ ക്ഷേത്രങ്ങൾ - 50

ബോർഡിന്റെ ഉടമസ്ഥതയിലുള്ള ആനകൾ - 17

പത്തനംതിട്ടയിലുള്ള ആനകൾ - 6

എഴുന്നെള്ളിക്കാൻ കഴിയുന്നത് - 2

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL