തിരുവല്ല : ആരോഗ്യ ജീവിതത്തിനുള്ള ചെറുധാന്യങ്ങൾ കൊണ്ട് രുചിവിഭവങ്ങൾ ഒരുക്കുകയാണ് ഇരവിപേരൂർ പഞ്ചായത്തിലെ മില്ലറ്റ് കഫേ. തീൻമേശകളിലേക്ക് മില്ലറ്റ് വിഭവങ്ങൾ പരിചയപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാനത്തെ രണ്ടാമത്തെ മില്ലറ്റ് കഫേയായ ന്യൂട്രി ഹബ്ബ് മില്ലറ്റ് കഫേ നെല്ലാട് പൊയ്കപ്പടിയിൽ ആരംഭിച്ചു. കൃഷിവകുപ്പും പഞ്ചായത്തും ചേർന്ന് 5.12ലക്ഷം സ്ഥാപനത്തിനായി ചെലവഴിച്ചു. ദിവസം ഒരുനേരമെങ്കിലും ചെറുധാന്യവിഭവങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്താനുള്ള ശ്രമമാണ് ഇതിലൂടെ വിജയമാകുന്നത്. കർഷക ക്ഷേമവകുപ്പ്, കോയിപ്രം ബ്ലോക്ക്, ഇരവിപേരൂർ പഞ്ചായത്ത് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് കഫേയുടെ പ്രവർത്തനം.
മില്ലറ്റ് കൊഴുക്കട്ടയും ഇലയടയും
പോയകാല രുചികൾക്കൊപ്പം പുതുരുചികൾക്കും കഫെയിലെ മെനുവിൽ ഒരേപോലെ ഇടമുണ്ട്. മില്ലറ്റ് പാനീയം, കൊഴുക്കട്ട, ഇലയട ഉൾപ്പെടെയുള്ള സ്‌നാക്സ്, ഇടിയപ്പം, പാസ്ത, ന്യൂഡിൽസ് എന്നിവയ്ക്ക് പുറമെ ഉച്ചഭക്ഷണത്തിന് മില്ലറ്റ് മീൽസും തയ്യാർ. വിഭവങ്ങൾ തയ്യാറാക്കുന്നത് കഫെയിലെ തൊഴിലാളികളാണ്. തിങ്കൾ മുതൽ ശനിവരെ രാവിലെ 9 മുതൽ വൈകിട്ട് 6 വരെ കഫേ പ്രവർത്തിക്കും. കാഴ്ച്ചയിൽ ചെറുതെങ്കിലും മില്ലറ്റുകൾ പോഷകമൂല്യത്തിൽ വളരെ മുന്നിലാണ്. അരി,ഗോതമ്പ് എന്നിവയെ അപേക്ഷിച്ച് ഈ ധാന്യങ്ങളിൽ ഉയർന്നതോതിൽ പ്രോട്ടീൻ, മിനറൽസ്, വിറ്റാമിനുകൾ എന്നിവ അടങ്ങിയിരിക്കുന്നു.
ചെറുധാന്യ കൃഷിയിൽ മുന്നേറാം
നല്ലഭക്ഷണം പ്രാദേശികമായി ലഭ്യമാക്കാൻ മില്ലറ്റ് കൃഷിക്കും പഞ്ചായത്ത് പ്രാധാന്യം നല്‍കുന്നു. അഞ്ച് ഹെക്ടർ സ്ഥലത്ത് പ്ലോട്ടുകളായി മില്ലറ്റ് കൃഷിയും ഒരുക്കിയിട്ടുണ്ട്. കൃഷിഭവനിൽനിന്ന് റാഗി, മണിച്ചോളം, കമ്പ് എന്നിവയുടെ വിത്തും സൗജന്യമായി നൽകുന്നു. ഒരുലക്ഷം രൂപയാണ് പദ്ധതിക്കായി പഞ്ചായത്ത് വകയിരുത്തിയിട്ടുള്ളത്. കൃഷിവകുപ്പ് ഒരു ഹെക്ടറിനു ഇരുപതിനായിരം രൂപയുടെ സബ്‌സിഡിയും നൽകുന്നു. നെല്ലാട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അഗ്രിസേഫ് പ്രീമിയം ഔട്‌ലെറ്റിൽ ചെറുധാന്യങ്ങളുടെ പ്രീമിയം ബ്രാൻഡഡ് കാർഷിക ഉൽപ്പന്നങ്ങളും ലഭ്യമാണ്. ഏത് മണ്ണിൽ വളരാനും പ്രതികൂല കാലാവസ്ഥയെ അതിജീവിക്കാനും കഴിയുന്ന മില്ലറ്റുകൾക്ക് ലഘുപരിപാലനം മതിയാകും.
ഇരവിപേരൂരിൽ 30 കർഷകർ അഞ്ചുസെന്റ്
പ്ലോട്ടുകളിൽ മില്ലറ്റ് കൃഷി ചെയ്യുന്നു
ചെറുധാന്യങ്ങളുടെ ഉപയോഗവും കൃഷിയും പ്രോത്സാഹിപ്പിക്കാൻ കൃഷിഭവന്റെ സഹായത്തോടെ ലഭ്യമായ എല്ലാസേവനങ്ങളും നൽകും.
കെ.ബി.ശശിധരൻപിള്ള,
പഞ്ചായത്ത് പ്രസിഡന്റ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |