
ചിറ്റാർ: മദ്യപിച്ചെത്തി വീട്ടിൽ സ്ഥിരമായി പ്രശ്നമുണ്ടാക്കുകയും, നിരന്തരമായി ഉപദ്രവിക്കുകയും ചെയ്യുന്ന മകനെ ഭയന്ന് സഹോദരന്റെ വീട്ടിൽ അഭയം തേടിയ പിതാവിനെയും സംരക്ഷണം നൽകിയ ജ്യേഷ്ഠനെയും വീടുകയറി മർദ്ദിച്ച മകൻ അറസ്റ്റിൽ. ചിറ്റാർ സീതത്തോട് കോട്ടമൺപാറ അള്ളുങ്കൽ പാറയിൽ വീട്ടിൽ അനീഷ് തോമസ് (37) ആണ് ചിറ്റാർ പൊലീസിന്റെ പിടിയിലായത്. പിതാവ് പി.എം.തോമസ് (65), പിതൃ സഹോദരൻ സീതത്തോട് അള്ളുങ്കൽ പാറയിൽ വീട്ടിൽ പി.എം.വർഗീസ് (78) എന്നിവർക്കാണ് മർദ്ദനമേറ്റത്. മദ്യലഹരിയിൽ ഇന്നലെ വൈകിട്ട് 5ന് വർഗീസിന്റെ വീട്ടിൽ അതിക്രമിച്ചുകയറിയാണ് കല്ലുകൊണ്ടും പട്ടികക്കഷണം കൊണ്ടും തോമസിനെ ഉപദ്രവിച്ചത്. കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയും അസഭ്യം പറഞ്ഞികൊണ്ടുമായിരുന്നു മർദ്ദനം.
വർഗീസിന്റെ മൊഴിയെടുത്ത ചിറ്റാർ പൊലീസ് പ്രതിയെ ഉടൻ പിടികൂടി. അനീഷിന്റെ ഉപദ്രവം പേടിച്ച് ഒരുമാസമായി തോമസ് ,വർഗീസിന്റെ വീട്ടിലാണ് താമസിച്ചിരുന്നത്. അനീഷിന്റെ 12 വയസുള്ള മകളും ഇയാളെ പേടിച്ച് ഈ വീട്ടിലാണ് കഴിയുന്നത്. ഇയാളുടെ ഭാര്യ കുവൈറ്റിൽ നഴ്സ് ആണ്. ഇയാളുടെ അമ്മ സഹോദരിയുടെ വീട്ടിലാണ് താമസിക്കുന്നത്. എസ്.ഐ.ബെയ്സിലാണ് കേസന്വേഷണം നടത്തുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |