
തിരുവല്ല : സർവ്വാഭരണ വിഭൂഷിതനായി ശ്രീവല്ലഭസ്വാമി, അത്രത്തോളം പ്രൗഢിയിൽ സുദർശനമൂർത്തി. മതിലകത്ത് നടന്ന പെരുമാൾപ്പുറപ്പാട് സമാനതകളില്ലാത്ത ആനന്ദക്കാഴ്ച്ചയായി. അഞ്ചാം ഉത്സവദിനത്തിൽ നടന്ന ചടങ്ങ് ദർശിക്കാൻ നിരവധിഭക്തരാണ് ക്ഷേത്രത്തിലെത്തിയത്. യോഗക്ഷേമ സഭ തിരുവല്ല ഉപസഭയുടെ നേതൃത്വത്തിൽ 36 വേദജ്ഞരാണ് ഗരുഢവാഹനം എഴുന്നെള്ളിച്ചത്. വിശേഷാൽ അലങ്കാരത്തോടുകൂടിയായിരുന്നു എഴുന്നെള്ളത്ത്. യോഗക്ഷേമ സഭ പ്രസിഡന്റ് വിഷ്ണുനമ്പൂതിരി ആറ്റുപുറത്തില്ലം. കൃഷ്ണൻ നമ്പൂതിരി എടയ്ക്കാട്ടില്ലം തുടങ്ങിയവർ നേതൃത്വം നൽകി. ശ്രീവല്ലഭ പെരുമാളും സുദർശന മൂർത്തിയും ഗരുഡ വാഹനത്തിൽ എഴുന്നള്ളിയ പെരുമാൾ പുറപ്പാട് ഭക്തർക്ക് വേറിട്ട അനുഭവമായി. ഗരുഡവാഹനം എഴുന്നെള്ളിച്ച് നാലമ്പലത്തിന് പുറത്തേക്ക് കൊണ്ടുവന്നതോടെ വായ്ക്കുരവകൾ ഉയർന്നു. മൂർത്തികളെ കണ്ടുതൊഴാൻ കാത്തിരുന്ന ഭക്തർ നാമജപത്തോടെ എതിരേറ്റു. രണ്ടാമത്തെ പ്രദക്ഷിണം പൂർത്തിയാക്കി സേവപ്പന്തലിൽ എഴുന്നെള്ളിയ ശ്രീവല്ലഭപ്പെരുമാളിന്റെയും സുദർശന മൂർത്തിയുടെയും മുന്നിൽ നാമഘോഷം. ഭഗവാന്മാർക്കൊപ്പം പ്രദക്ഷിണത്തിന് നൂറുകണക്കിന് ഭക്തർ അണിചേർന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |