
ഇലന്തൂർ : "പോരുവിൻ പോരുവിൻ തോഴിമാരെ
പിച്ചകത്തോട്ടത്തിൽ പൂവിറുക്കാൻ... "
പടേനി ശീലുകളുടെ മുഴുവൻ സൗന്ദര്യ തീവ്രതയുമായി ഭഗവതികുന്നിലെ കളത്തിൽ എത്തിയ അന്തരയക്ഷികോലങ്ങൾ വടക്കൻ ശൈലിയിൽ അടന്തതാളത്തിൽ പാട്ടുപാടി ചുവടുവച്ചു. ദേവിയുടെ തോഴിമാരായി അറിയപ്പെടുന്ന അന്തരയക്ഷി താളം മുറുകിയതോടെ വളരെ ചടുലമായിട്ടാണ് തുള്ളി ഒഴിഞ്ഞത്. കിരീട സമാനമായ കോലവും മുഖത്ത് പച്ചയും ഇട്ട് കണ്ണും കുറിയുമായി കുരുത്തോലപ്പാവാടയും കൈതാമരയും കാൽ ചിലമ്പും അണിഞ്ഞ് വരുന്ന അന്തരയക്ഷി കോല സമർപ്പണത്തിലൂടെ സർവമംഗളങ്ങൾ ഭവിക്കും എന്നാണ് വിശ്വാസം.
ഇന്നലെ തേവർ നടയിൽ നിന്ന് ചുട്ടു വെളിച്ചത്തിൽ താലപ്പൊലിയുടെ അകമ്പടിയിൽ എത്തിയ കോലങ്ങളെ വരവേറ്റു, കളരി വന്ദനത്തോടെ ഓരോ കോലങ്ങളും തുള്ളി ഒഴിഞ്ഞു.
ഇന്ന് കൂട്ടക്കോലങ്ങളെ കൂടാതെ എരിനാഗയക്ഷിയും അന്തരയും വീണ്ടും കളത്തിൽ തുള്ളിയൊഴിയും. നാളെ ആറാം പടയണി രാവിൽ മറുത കോലങ്ങളിൽ വ്യത്യസ്ത ഭാവത്തിൽ തുള്ളി ഒഴിയുന്ന രുദ്രമറുത കളത്തിലെത്തും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |