SignIn
Kerala Kaumudi Online
Friday, 23 October 2026 8.22 AM IST

ആറാട്ട് ഘോഷയാത്ര ഭക്തിസാന്ദ്രം ; വല്ലഭനാട്ടിൽ ഉത്സവം കൊടിയിറങ്ങി

ghoshayathra
തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തിൽ നിന്ന് ആറാട്ട് ഘോഷയാത്ര പുറപ്പെടുന്നു

തിരുവല്ല : ശ്രീവല്ലഭ ക്ഷേത്രത്തിലെ പത്തുനാളിലെ ഉത്സവാഘോഷങ്ങൾക്ക് സമാപനം കുറിച്ച് നടന്ന ആറാട്ട് ഘോഷയാത്ര ഭക്തിസാന്ദ്രമായി. ഗജവീരന്മാരുടെയും വാദ്യമേളഘോഷങ്ങളുടെയും അകമ്പടിയോടെ നടന്ന ഘോഷയാത്രയിൽ നൂറുകണക്കിന് ഭക്തർ പങ്കെടുത്തു. ഇന്നലെ വൈകിട്ട് കൊടിയിറക്ക് ചടങ്ങുകൾക്ക് ശേഷമായിരുന്നു ആറാട്ട് പുറപ്പാട്. സർവ്വാഭരണ വിഭൂഷിതരായ ശ്രീവല്ലഭേശ്വനും സുദർശന മൂർത്തിയും ആറാട്ട് ശ്രീബലിയുടെ ആദ്യഘട്ട ക്രിയകൾ പൂർത്തിയാക്കിയ ശേഷമാണ് മതിലകം വിട്ടത്. തന്ത്രി അക്കീരമൺ കാളിദാസ ഭട്ടതിരി മുഖ്യകാർമ്മികനായി. ഇരുമൂർത്തികളുടെയും തിടമ്പേറ്റിയത് ഗജരാജൻമാരായ ജയരാജനും ചൂരുര്മഠം രാജശേഖരനുമാണ്. പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെയാണ് എതിരേൽപ്പ് തുകലശേരിയിലേക്ക് പുറപ്പെട്ടത്. ഗോവിന്ദൻകുളങ്ങര ക്ഷേത്ര മതിലകത്ത് പുറപ്പാട് ഘോഷയാത്ര എത്തിയപ്പോഴേക്കും ജനസാഗരം ഒഴുകിയെത്തി. തുടർന്ന് പള്ളിവേട്ടയാൽ പിന്നിട്ട് മുറിയാപ്പാലത്തിലേക്ക് എത്തിയപ്പോൾ തുകലശ്ശേരിക്കരക്കാർ ഗംഭീരസ്വീകരണം നൽകി. പുഷ്പവൃഷ്ടിയോടെയാണ് ദേശദേവൻമാരെ സ്വീകരിച്ച് ആനയിച്ചത്. രാത്രി ആറാട്ട് കടവിൽ നടന്ന ചടങ്ങുകൾക്കും ഭക്തജനങ്ങൾ സാക്ഷിയായി. പൂജകളുടെ സ്‌നാനഘട്ടത്തിൽ ദേവൻമാർ മണിമലയാറിൽ ആറാടി. തിരിച്ചെഴുന്നെള്ളത്തും ഭക്തിസാന്ദ്രമായിരുന്നു. നൂറുകണക്കിന് നിറപറയും സ്വീകരണവും ഒരുക്കിയിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL