
പ്രമാടം : നാർക്കോട്ടിക് സെല്ലിനെയും എക്സൈസിനെയും ലോക്കൽ പൊലീസിനെയും വെല്ലുവിളിച്ച് നാടിന്റെ സമാധാന ജീവിതത്തിന് ഭീഷണിയാകുന്ന ലഹരി മാഫിയയെ തുരത്താൻ ജില്ലാ പൊലീസ് മേധാവിയുടെ നിയന്ത്രണത്തിലുള്ള ഷാഡോ പൊലീസ് എത്തുന്നു. പൊലീസ് സ്റ്റേഷനുകളിലെയും ക്യാമ്പുകളിലെയും മിടുക്കൻമാരായ പൊലീസുകാരെ ഉൾപ്പെടുത്തിയാണ് പ്രത്യേക ടീം സജ്ജമാക്കുന്നത്. ലഹരി മാഫിയയെ വേരോടെ പിഴുതെറിയുകയാണ് സംഘത്തിന്റെ ലക്ഷ്യം.
പൊലീസിന്റെയും എക്സൈസിന്റെയും ശക്തമായ ഇടപെടലിനെ തുടർന്ന് ഉൾവലിഞ്ഞ സംഘമാണ് പുതിയ രൂപത്തിലും ഭാവത്തിലും വീണ്ടും രംഗപ്രവേശനം ചെയ്തിരിക്കുന്നത്. നിരീക്ഷണങ്ങൾ ശക്തമായതോടെ സ്കൂൾ, കോളേജ് പരിസരങ്ങൾ വിട്ട് തിരഞ്ഞെടുക്കപ്പെട്ട പ്രത്യേകയിടങ്ങൾ കേന്ദ്രീകരിച്ചാണ് ഇപ്പോൾ ഇവരുടെ പ്രവർത്തനം. അറസ്റ്റിലായവരിൽ നിന്ന് സംഘങ്ങളുടെ പുതിയ വിപണന രീതിയും തന്ത്രങ്ങളും മനസിലാക്കി രഹസ്യാന്വേഷണ വിഭാഗം ഷാഡോ പൊലീസിന് കൈമാറിയിട്ടുണ്ട്. സോഷ്യൽ മീഡിയകളിലൂടെയാണ് ഇവരുടെ പ്രധാന ആശയവിനിമയങ്ങളെന്നും കണ്ടെത്തി.
ആറ് കേന്ദ്രങ്ങൾ ഹിറ്റ് ലിസ്റ്റിൽ
ജില്ലയിലെ ആറ് കേന്ദ്രങ്ങളാണ് ഹിറ്റ് ലിസ്റ്റിലുള്ളത്. പത്തനംതിട്ട, കോന്നി, തിരുവല്ല, കോഴഞ്ചേരി, അടൂർ, പന്തളം എന്നിവിടങ്ങൾ മാഫിയകളുടെ കൈപ്പിടിയിലാണ്. വിദ്യാർത്ഥികൾ ലഹരിയുടെ ആലസ്യത്തിൽ പഠനത്തിന് എത്തുന്നത് സംബന്ധിച്ച് സ്‌കൂൾ, കോളേജ് അധികൃതരും വിവരങ്ങൾ നൽകിയിട്ടുണ്ട്. മോഡലിംഗിന്റെയും സ്റ്റേജ് ഷോകളുടെയും മറവിലും ജില്ലയ്ക്ക് അകത്തേക്കും പുറത്തേക്കും ലഹരി ഒഴുകുന്നു.
15 നും 25 നും ഇടയിൽ പ്രായം വരുന്ന വിദ്യാർത്ഥികളും യുവാക്കളുമാണ് പ്രധാന ഇടനിലക്കാർ. ഇവർ കുട്ടികളുമായി എളുപ്പത്തിൽ ചങ്ങാത്തത്തിലാകുകയും ലഹരിവസ്തുക്കൾ നൽകുകയും ചെയ്യും.
നിഴലുപോലെ...
ജില്ലാ പൊലീസ് മേധാവിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള പ്രത്യേക വിഭാഗമാണ് ഷാഡോ പൊലീസ്. രഹസ്യ സ്വഭാവത്തിൽ ഗ്രൂപ്പുകളായിട്ടായിരിക്കും സംഘത്തിന്റെ പ്രവർത്തനം. ജില്ലാ പൊലീസ് മേധാവിക്ക് ലഭിക്കുന്ന വിവരങ്ങളും ഇവരായിരിക്കും അന്വേഷിക്കുക. എസ്.പിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലായതിനാൽ ബാഹ്യഇടപെടലുകൾ നടക്കില്ല. പിടികൂടുന്ന കേസുകൾ എസ്.പിയുടെ നിർദ്ദേശ പ്രകാരം ഏത് പൊലീസ് സ്റ്റേഷനുകളിലും രജിസ്റ്റർ ചെയ്യാനാകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |