കോന്നി: കഞ്ചാവ് വാങ്ങാൻ പണം കണ്ടെത്താനായി ബൈക്കിൽ കറങ്ങിനടന്ന് സ്ത്രീകളുടെ മാല പൊട്ടിക്കുന്ന യുവാക്കളെ പൊലീസ് അറസ്റ്റുചെയ്തു. കുമ്പഴ തുണ്ടമൺകരയിൽ താമസിക്കുന്ന തണ്ണിത്തോട് മണ്ണീറ ചാങ്ങയിൽ കിഴക്കതിൽ വിമൽ സുരേഷ് (21), വടശ്ശേരിക്കര മനോരമ ജംഗ്ഷനിൽ മൗണ്ട് സിയോൺ സ്കൂളിന് സമീപം അരുവിക്കൽ സൂരജ് എം നായർ (21) എന്നിവരാണ് അറസ്റ്റിലായത്. ഫെബ്രുവരി 20ന് കോന്നി പൊലീസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവന്ന കേസിന്റെ അന്വേഷണത്തിനൊടുവിലാണ് യുവാക്കൾ കുടുങ്ങിയത്. കഴിഞ്ഞ ഫെബ്രുവരി 21ന് വൈകുന്നേരം 4.30ന് ബൈക്കിൽ യാത്ര ചെയ്ത് മ്ലാന്തടത്ത് വെച്ച് സ്ത്രീയുടെ സ്വർണമാല പൊട്ടിച്ചെടുക്കാനും 20ന് ഉച്ചക്ക് 2.30 ന് ആഞ്ഞിലികുന്നിൽ സ്കൂട്ടറിൽ യാത്ര ചെയ്ത് മറ്റൊരു സ്ത്രീയുടെ സ്വർണ്ണമാല പൊട്ടിച്ചെടുക്കാനും ശ്രമിച്ചതായി പ്രതികൾ പൊലീസിനോട് പറഞ്ഞു. പ്രതികളുടെ ദേഹപരിശോധന നടത്തിയപ്പോൾ ഉണങ്ങിയതും പച്ചയുമായ കഞ്ചാവ് കണ്ടെത്തി. സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണമാണ് പ്രതികളെ കുടുക്കാൻ ഇടയാക്കിയത്. കണ്ണൂർ ഇരിക്കൂർ ഭാഗത്തും തുടർന്ന് ആന്ധ്രയിലും ന്യൂ ഡൽഹിയിലും പ്രതികളുടെ ലൊക്കേഷൻ ലഭിച്ചു. പിന്നീട് ഇവർ തെക്കൻ കേരളത്തിലേക്ക് കടന്നതായി അറിയാൻ കഴിഞ്ഞു. കേരള എക്സ്പ്രസ് ട്രെയിനിൽ പ്രതികളുടെ തിരിച്ചുള്ള യാത്ര മനസ്സിലാക്കിയ പൊലീസ് സംഘം ചങ്ങനാശേരി റെയിൽവേ സ്റ്റേഷൻ എത്തി ട്രെയിനിൽ നിന്ന് ഇറങ്ങിയ പ്രതികളെ പിടികൂടുകയായിരുന്നു. റിമാൻഡ് ചെയ്തു.
കോന്നി ഡി വൈ എസ് പി ടി.രാജപ്പൻ മേൽനോട്ടം വഹിച്ചു. അന്വേഷണ സംഘത്തിൽ പൊലീസ് ഇൻസ്പെക്ടർ പി.ശ്രീജിത്ത്, പ്രോബെഷൻ എസ്.ഐ ദീപക്ക്, എസ്.ഐ പ്രഭ, എ എസ് ഐ അഭിലാഷ്, സി പി ഓമാരായ അരുൺ, രഞ്ജിത്ത്, അഖിൽ എന്നിവരാണ് ഉണ്ടായിരുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |