SignIn
Kerala Kaumudi Online
Friday, 23 October 2026 2.21 PM IST

വിദേശത്ത് കാണാതായിട്ട് ഒന്നര വർഷം,  മകനെയും കാത്ത് വൃദ്ധമാതാവ്

sam-varkey
സാം വർക്കി

തിരുവല്ല : ഒന്നരവർഷം മുമ്പ് ജോലിതേടി വിസിറ്റിംഗ് വിസയിൽ വിദേശത്തുപോയ ഏകമകൻ എവിടെയെന്ന് അറിയാതെ വിഷമിക്കുകയാണ് വൃദ്ധമാതാവും ബന്ധുക്കളും നാട്ടുകാരും. തിരുവല്ല മഞ്ഞാടി ഇരുവള്ളിപ്ര റെയിൽവേ അടിപ്പാതയ്ക്ക് സമീപം ചുടുകാട്ടുമണ്ണിൽ പരേതനായ സി.വി.വർക്കിയുടെയും സാറാമ്മ വർക്കിയുടെയും ഏകമകൻ സാം വർക്കി (48) യെയാണ് കാണാതായത്. ആലപ്പുഴ തലവടി സ്വദേശിയായ കബീർ എന്ന ഏജന്റ് മുഖാന്തിരം വിസിറ്റിംഗ് വിസയിലാണ് 2023 മെയ് അഞ്ചിന് സാം ജോലിക്കായി ഷാർജയിലെ അജ്മാനിലേക്ക് പോയത്. ആദ്യ ഒരുമാസം സാം, വീടുമായി നിരന്തരം സമ്പർക്കം പുലർത്തിയിരുന്നു. എന്നാൽ പിന്നീട് യാതൊരു വിവരവും ഉണ്ടായിട്ടില്ല. അജ്മാനിൽ ആലപ്പുഴ സ്വദേശി അനീഷ് മധുവിനോടൊപ്പമാണ് സാം താമസിച്ചിരുന്നത്. വിസിറ്റിംഗ് വിസയിലായിരുന്ന അനീഷും, ജോലിയൊന്നും ലഭിക്കാത്തതിന് തുടർന്ന് ജൂണിൽ നാട്ടിലേക്ക് മടങ്ങി. സാമിന്റെ പാസ് പോർട്ട് അടക്കമുള്ള രേഖകൾ അനീഷിന്റെ കൈവശമായിരുന്നെന്നാണ് വിവരം. സാമിനെപ്പറ്റി വിവരമൊന്നും ഇല്ലാത്തതിനാൽ രേഖകൾ അനീഷ് അയൽവാസിയായ അക്ബറിനെ ഏൽപ്പിച്ചിരുന്നു. ഇവരോട് സാമിനെ പറ്റി അന്വേഷിച്ചെങ്കിലും കൃത്യമായ മറുപടി ലഭിച്ചില്ല. പിന്നീട് രാജ്യസഭാ മുൻ ഉപാദ്ധ്യക്ഷൻ പി.ജെ.കുര്യൻ മുഖാന്തരം യു.എ.ഇ.യിലെ ഇന്ത്യൻ അംബാസിഡറുമായി ബന്ധപ്പെട്ടെങ്കിലും അവിടെ നിന്നും കൃത്യമായി മറുപടി ലഭിച്ചില്ല. പിന്നീട് തിരുവല്ല ഡിവൈ.എസ്.പി ഓഫീസിൽ പരാതി നൽകിയെങ്കിലും കൂടുതൽ വിവരങ്ങളൊന്നും കണ്ടെത്താൻ സാധിച്ചിട്ടില്ല. കോളേജ് പഠനകാലത്ത് തിരുവല്ല മാർത്തോമ കോളേജിലെ യൂണിയൻ ഭാരവാഹിയായി സജീവമായി പ്രവർത്തിച്ചിരുന്നു സാം. അവിവാഹിതനാണ്. വാർദ്ധക്യസഹജമായ രോഗങ്ങളാൽ ബുദ്ധിമുട്ടുന്ന സാറാമ്മ വർക്കിക്ക് സഹായവും തുണയുമായിരുന്ന മകനെ കണ്ടെത്താത്തിന്റെ വിഷമത്തിൽ കഴിയുകയാണ് ഇവരുടെ കുടുംബം. സാമിന് വിവാഹിതയായ സഹോദരിയുമുണ്ട്.

പ്രവാസിയുടെ തിരോധാനം അന്വേഷിക്കണം
തിരുവല്ല: യു.എ.ഇയിലെ അജ്മാനിൽ കാണാതായ തിരുവല്ല മഞ്ഞാടി ചുടുകാട്ടുമണ്ണിൽ സാംവർക്കിയുടെ തിരോധാനത്തെക്കുറിച്ച് കേന്ദ്ര,സംസ്ഥാന സർക്കാരുകൾ അടിയന്തരമായി അന്വേഷിച്ച് കണ്ടെത്തി നാട്ടിലെത്തിക്കാൻ നടപടി സ്വീകരിക്കണമെന്ന് കേരള പ്രവാസി ജനത വെൽഫെയർ അസോസിയേഷൻ സംസ്ഥാന സമിതിയോഗം ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് മാതാവ് മുഖാന്തിരം നോർക്ക റൂട്ട്‌സിനും കേന്ദ്രവിദേശകാര്യ വകുപ്പിനും പരാതി സമർപ്പിക്കുവാനും യോഗം തീരുമാനിച്ചു. പ്രസിഡന്റ് ജോസ് തൂമ്പുംകുഴി അദ്ധ്യക്ഷതവഹിച്ചു. ഷാഹുൽ കോഴിക്കോട്,തോമസ് കോട്ടയം, ഷിബു തിരുവനന്തപുരം, തമ്പി തോട്ടഭാഗം, ബിജു വാക്കയിൽ, ജേക്കബ് എബ്രഹാം പത്തനംതിട്ട എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL