SignIn
Kerala Kaumudi Online
Friday, 23 October 2026 2.21 PM IST

കുടിവെള്ള വിതരണത്തിന് ഫണ്ടില്ലാതെ പഞ്ചായത്തുകൾ

water

പത്തനംതിട്ട : വേനലിൽ ജലക്ഷാമം രൂക്ഷമായ ജില്ലയിൽ കുടിവെള്ളം വിതരണം ചെയ്യാൻ ഫണ്ടില്ലാതെ തദ്ദേശ സ്ഥാപനങ്ങൾ പ്രതിസന്ധിയിലായി. തനത് ഫണ്ട് ഉപയോഗിക്കാൻ സംസ്ഥാന സർക്കാർ നിർദേശം നൽകിയിട്ടുണ്ടെങ്കിലും പദ്ധതി വിഹിതം കുറഞ്ഞത് തടസമാകുകയാണ്. പദ്ധതി വിഹിതം കുറഞ്ഞതോടെ വികസന പ്രവർത്തനങ്ങൾ തുടങ്ങാനും പൂർത്തീകരിക്കാനും കഴിയാതെ സാമ്പത്തിക ഞെരുക്കത്തിലാണ് പല പഞ്ചായത്തുകളും. ഈമാസം 31വരെ ഗ്രാമ പഞ്ചായത്തുകൾക്ക് ആറ് ലക്ഷവും നഗരസഭകൾക്ക് 12 ലക്ഷവും വിനിയോഗിക്കാനാണ് സർക്കാർ അനുമതിയുള്ളത്. എന്നാൽ ഇതിനുള്ള ഫണ്ട് പല പഞ്ചായത്തുകൾക്കുമില്ല.

അതേസമയം, ജലക്ഷാമം രൂക്ഷമായ പ്രദേശങ്ങളിൽ അ‌ടിയന്തരമായി ജലവിതരണം നടത്തണമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് ഉത്തരവ് ഇറക്കിയിട്ടുണ്ട്.

ഏപ്രിൽ ഒന്നു മുതൽ ആരംഭിക്കുന്ന പുതിയ സാമ്പത്തിക വർഷത്തിൽ ജലവിതരണത്തിന് ഗ്രാമ പഞ്ചായത്തുകൾക്ക് 12ലക്ഷം രൂപ വരെയും നഗരസഭകൾക്ക് 17ലക്ഷം രൂപ വരെയും ചെലവഴിക്കാമെന്ന് ഉത്തരവിൽ പറയുന്നു. ഈ സാമ്പത്തിക വർഷം തുകയില്ലാത്ത പഞ്ചായത്തുകൾ അടുത്ത സാമ്പത്തിക വർഷം ആരംഭിക്കുന്ന ഏപ്രിലിൽ ജലവിതരണം നടത്താനാണ് ആലോചിക്കുന്നത്. ജൽജീവൻ പദ്ധതി പ്രകാരം ജലവിതരണം നടത്തുന്ന പ്രദേശങ്ങളിൽ പഞ്ചായത്തുകൾ ജലവിതരണം നടത്തേണ്ടന്ന് ഉത്തരവുണ്ട്.

കടുത്ത ജല ക്ഷാമം

വേനൽ ശക്തമായതോടെ കിണറുകളും തോടുകളും വറ്റിവരണ്ടതിനാൽ ജില്ലയിൽ ജലക്ഷാമം രൂക്ഷമായി. ഉയർന്ന പ്രദേശങ്ങളിലേക്ക് ജല അതോറിറ്റിയുടെ പൈപ്പ് വെള്ളം എത്തുന്നില്ല. മിക്ക വീട്ടുകാരും വെള്ളം വില കൊടുത്താണ് വാങ്ങുന്നത്. അതിനുള്ള സാമ്പത്തിക ശേഷി ഇല്ലാത്തവർ വിദൂരങ്ങളിൽ നിന്ന് ചുമന്നുകൊണ്ടാണ് വരുന്നത്. നദികളും വറ്റിവരണ്ട നിലയിലാണ്.

കുടിവെള്ള വിതരണത്തിന് ഈ മാസം 31വരെ ചെലവിടേണ്ട തുക

പഞ്ചായത്തുകൾ : 6 ലക്ഷം

നഗരസഭകൾ : 12ലക്ഷം

പല പഞ്ചായത്തുകൾക്കും വികസന പദ്ധതികൾക്ക് ഫണ്ട് തികയുന്നില്ല. പ്ളാൻ ഫണ്ടിൽ നിന്ന് തുക ചെലവാക്കിയാൽ വികസന പ്രവർത്തനങ്ങളെ ബാധിക്കും.

ജോൺസൺ വിളവിനാൽ,

ഓമല്ലൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL