
പത്തനംതിട്ട: നവീൻ ബാബുവിന്റെ മരണത്തിന് ഉത്തരവാദികളായവരെ മുഖ്യമന്ത്രി പിണറായി വിജയൻ സംരക്ഷിക്കുകയാണെന്ന് കെ.പി.സി.സി മുൻ പ്രസിഡന്റും രാഷ്ട്രീയകാര്യ സമിതി അംഗവുമായ കെ. മുരളീധരൻ പറഞ്ഞു. കണ്ണൂർ എഡിഎം ആയിരുന്ന നവീൻ ബാബുവിന്റെ ദുരൂഹ മരണം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഡിസിസി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ, കെപിസിസി ജനറൽ സെക്രട്ടറി അഡ്വ. പഴകുളം മധു എന്നിവർ പത്തനംതിട്ട ടൗൺ സ്‌ക്വയറിൽ നടത്തിയ ഏകദിന ഉപവാസ സത്യഗ്രഹ സമരത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തിരഞ്ഞെടുപ്പിൽ യുഡിഎഫ് അധികാരത്തിലെത്തുമ്പോൾ നവീൻ ബാബുവിന്റെ മരണത്തിന് കാരണക്കാരായവരെ അറസ്റ്റുചെയ്ത് നിയമ നടപടിക്ക് വിധേയമാക്കും.
നവീൻ ബാബുവിന്റെ മരണം കൊലപാതകമാണെന്നുപോലും സംശയിക്കുന്ന സാഹചര്യത്തിൽ സിബിഐ അന്വേഷണമെന്ന കുടുംബത്തിന്റെ ആവശ്യത്തെ പിണറായി സർക്കാരും സിപിഎമ്മും എന്തിനാണ് എതിർക്കുന്നതെന്ന് മുരളീധരൻ ചോദിച്ചു. ഡിസിസി വൈസ് പ്രസിഡന്റ് അനിൽ തോമസ് അദ്ധ്യക്ഷത വഹിച്ചു. രാവിലെ ഒൻപത് മുതൽ വൈകിട്ട് അറുവരെ നടന്ന സത്യഗ്രഹ സമരത്തിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും ജില്ലയ്ക്ക് പുറത്തുനിന്നും എത്തിയ നേതാക്കളും നൂറുകണക്കിന് പ്രവർത്തകരും പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |