
ഏഴംകുളം : സിനിമ ഗാനങ്ങൾ മുതൽ മിമിക്രി വരെ വയലിനിൽ അവതരിപ്പിച്ച് ശ്രദ്ധനേടുകയാണ് പത്താംക്ളാസ് വിദ്യാർത്ഥി ആദിത്യദേവ്. അവിസ്മരണീയ പ്രകടനങ്ങളിലൂടെ ഇന്ത്യ ബുക്ക്സ് ഓഫ് റെക്കാഡ്‌സിലും ഏഷ്യ ബുക്ക്സ് ഓഫ് റെക്കാഡ്‌സിലും കലാം ബുക്ക്സ് ഓഫ് റെക്കാഡ്‌സിലും ആദിത്യദേവിന് ഇടംനേടാനായി. യു.കെ.ജി പഠനകാലം മുതൽ വയലിൻ അഭ്യസിക്കുന്നുണ്ട്. വയലിനിൽ ആദിത്യദേവിന്റെ ഗവേഷണ ബുദ്ധിയോടെയുള്ള പരിശ്രമമാണ് ആരെയും അത്ഭുതപ്പെടുത്തുന്ന മിമിക്രി അവതരണമായി രൂപാന്തരം പ്രാപിച്ചത്. ആംബുലൻസിലെ സൈറൺ, മരണ കിണറിലെ സ്കൂട്ടർ റൈഡ് , ട്രെയിൻ തുടങ്ങിയവയുടെ ശബ്ദവും പശു , കുരുവി , കടൽ കാക്ക എന്നിവയുടെ ശബ്ദവും വയലിനിൽ അവതരിപ്പിച്ചാണ് അത്ഭുതം തീർക്കുന്നത്. ഇതിനോടകം നിരവധി വേദികളിൽ വയലിൻ ഫ്യൂഷനും അവതരിപ്പിച്ചിട്ടുണ്ട്. ഇളയ സഹോദരി അദിതിയോടൊപ്പം "അങ്ങ് വാനക്കോണിലെ... എന്ന സിനിമ ഗാനം അവതരിപ്പിക്കുന്നത് ഇതിനോടകം പ്രേക്ഷകർ കയ്യടിയോടെ സ്വീകരിച്ചു. തുമ്പമൺ സെന്റ് ജോൺ സ്കൂളിലെ വിദ്യാർത്ഥിയായ ആദിത്യദേവ് 2022 ,2023 വർഷങ്ങളിൽ സി ബി എസ് സി സംസ്ഥാന കലോത്സവത്തിൽ വയലിനിൽ എ ഗ്രേഡ് നേടിയിരുന്നു. കഴിഞ്ഞ രണ്ടു വർഷങ്ങളിൽ രവീന്ദ്ര സംഗീതോത്സവത്തിലും പങ്കെടുത്തു. കൂടാതെ ചെന്നൈ മാർഗഴി മഹോത്സവത്തിലും വയലിൻ അവതരിപ്പിക്കാൻ സാധിച്ചു. ആറ്റുകാൽ ബാലസുബ്രഹ്മണ്യത്തിന്റെ കീഴിലാണ് ഇപ്പോൾ വയലിൻ അഭ്യസിക്കുന്നത്. അടൂർ ഏഴംകുളം മാംങ്കൂട്ടം നെല്ലിക്കുന്നിൽ വടക്കേതിൽ ബിനുവിന്റേയും ഷൈനിയുടെയും മൂത്ത മകനാണ് ആദിത്യദേവ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |