
പത്തനംതിട്ട : ലഹരി മാഫിയയുടെ സ്വാധീനത്തിൽ നിന്ന് കുട്ടികളെ സംരക്ഷിക്കാൻ പുതിയ പദ്ധതി പ്രഖ്യാപിച്ച് ജില്ലാ പഞ്ചായത്ത് ബഡ്ജറ്റ്. ശുചിത്വത്തിനും റോഡ് നിർമ്മാണത്തിനും ഉൗന്നൽ നൽകുന്ന ബഡ്ജറ്റിൽ വന്യമൃഗശല്യത്തിൽ നിന്ന് കൃഷിയെ സംരക്ഷിക്കാൻ പദ്ധതികളൊന്നുമില്ല. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീനാ പ്രഭ ബഡ്ജറ്റ് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോർജ് ഏബ്രഹാം അദ്ധ്യക്ഷതവഹിച്ചു.
കുട്ടികളെ വഴിതെറ്റിക്കുന്ന ലഹരി മാഫിയയുടെ സ്വാധീനം, അവർ ഇടപെടുന്ന മേഖലകളിലെ പീഡന ശ്രമങ്ങൾ, പരീക്ഷാപ്പേടി, വീടുകൾ, ട്യൂഷൻ സെന്ററുകൾ എന്നിവിടങ്ങളിൽ ഉണ്ടാകുന്ന മാനസിക സമ്മർദ്ദം തുടങ്ങിയവ ഒഴിവാക്കാൻ സൈക്കോ സോഷ്യൽ കൗൺസലിംഗ് സെന്ററുകൾ ആരംഭിക്കും. ഹൈസ്കൂൾ, ഹയർസെക്കൻഡറി സ്കൂളുകൾ കേന്ദ്രീകരിച്ച് വനിതാ ശിശുവികസന വകുപ്പ്, വിദ്യാഭ്യാസ വകുപ്പ്, കുടുംബശ്രീ എന്നിവയുടെ സഹകരണത്തോടെയാണ് സെന്ററുകൾ ആരംഭിക്കുക. സ്കൂൾ കൗൺസിലർമാരും അദ്ധ്യാപകരും ഒരു ടീമായി ഇവിടെ പ്രവർത്തിക്കും. ഡോക്ടർമാരുടെയും അഭിഭാഷകരുടെയും സഹായം ഉറപ്പാക്കും.
സംസ്ഥാനത്ത് ആദ്യമായി പത്തനംതിട്ട ജില്ലയെ സമ്പൂർണ ശുചിത്വ പദവിയിലെത്തിക്കാൻ നിർമ്മല ഗ്രാമം - നിർമ്മല നഗരം - നിർമ്മല ജില്ല പദ്ധതി പറക്കോട്, ഇലന്തൂർ, പന്തളം ബ്ളോക്കുകളിൽ പൂർത്തിയായി. ശുചിത്വ ബോധവൽക്കരണം, എം.സി.എഫുകളിൽ നിന്ന് മാലിന്യം ശേഖരിക്കൽ, പ്ളാസ്റ്റിക്കിന് പകരം തുണി സഞ്ചി നിർമ്മാണം തുടങ്ങിയവയ്ക്ക് ബഡ്ജറ്റിൽ 10.30 കോടി വകയിരുത്തി.
വന്യമൃഗ ശല്യം തടയാൻ പദ്ധതിയില്ല
മറ്റ് പദ്ധതികളും തുകയും
# പൊതുമരാമത്ത് റോഡ് നിർമ്മാണം : 17.37 കോടി
# ഭവന നിർമ്മാണം : 10.87 കോടി
# സാമൂഹ്യ നീതി : 2.11 കോടി
# വനിതാ വികസനം : 3.53 കോടി
# യുവാക്കൾക്ക് തൊഴിൽ, പരിശീലനം : 1.96 കോടി
# ആരോഗ്യം : 4.86 കാേടി
# പട്ടികജാതി ക്ഷേമം : 13.68 കോടി
# പട്ടിക വർഗ ക്ഷേമം : 57.92 ലക്ഷം
# ഉൗർജ മേഖല : 1.36 കോടി
# വയോജന ക്ഷേമം : 1.71 കോടി
ബഡ്ജറ്റ് ഒറ്റനോട്ടത്തിൽ
ആകെ വരവ് : 129.50 കോടി
ആകെ ചെലവ് : 124.36 കോടി
മിച്ചം : 5.21 കോടി
'' ഭരണസമിതിയുടെ ഇനിയുള്ള കാലാവധിക്കുള്ളിൽ നടപ്പാക്കാൻ പറ്റുന്ന പദ്ധതികളടങ്ങിയ മികച്ച ബഡ്ജറ്റാണ് അവതരിപ്പിച്ചത്. എല്ലാ മേഖലകളെയും സ്പർശിച്ചിട്ടുണ്ട്. തുടങ്ങിവച്ച പദ്ധതികൾ പൂർത്തിയാക്കുന്നതിന് പ്രധാന്യം നൽകും.
ജോർജ് ഏബ്രഹാം, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്.
"' നാടിന്റെ വികസനത്തിന് പറ്റിയ ബഡ്ജറ്റല്ല. യാഥാർത്ഥ്യമാകാത്ത കാര്യങ്ങളാണ് പറഞ്ഞിരിക്കുന്നത്. അഭിമാന പദ്ധതിയെന്ന് ആഘോഷിച്ച കൊടുമൺ റൈസ് മിൽ പൂട്ടിക്കിടക്കുന്നു. കുറ്റികുരുമുളക്, കരിമ്പ് തുടങ്ങിയവയ്ക്ക് കഴിഞ്ഞ ബഡ്ജറ്റിൽ തുക അനുവദിച്ചത് എങ്ങനെ വിനിയോഗിച്ചുവെന്ന് വ്യക്തമല്ല.
റോബിൻ പീറ്റർ, കൃഷ്ണകുമാർ.
യു.ഡി.എഫ് അംഗങ്ങൾ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |